1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2021

സ്വന്തം ലേഖകൻ: യുകെയിൽ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകളില്‍ ആശ്വാസത്തിന് വകയില്ല. എനര്‍ജി ബില്ലുകളില്‍ വാറ്റ് വെട്ടിക്കുറയ്ക്കാനാവില്ലെന്ന് റിഷി സുനാക്. ഗ്യാസ് വില വര്‍ദ്ധിച്ചതോടെ കടുത്ത ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങള്‍ക്കാണ് ഇതോടെ ബജറ്റില്‍ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായത്. നികുതി കുറയ്ക്കണമെന്ന് മുറവിളി ഉയര്‍ന്നെങ്കിലും പാവപ്പെട്ടവര്‍ക്ക് ഗുണം ലഭിക്കുന്നതിന് പകരം ഇത് ധനിക കുടുംബങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിന് തുല്യമാകുമെന്നാണ് ട്രഷറി വിശ്വസിക്കുന്നത്.

നിലവിലെ ഫ്യുവല്‍ ബില്ലുകളിലെ വാറ്റ് നിരക്കായ 5 ശതമാനം കുടുംബങ്ങള്‍ക്കു പ്രതിവര്‍ഷം 60 പൗണ്ട് ചെലവ് വരുത്തുമ്പോള്‍, ഇത് പിന്‍വലിച്ചാല്‍ ട്രഷറിക്ക് നഷ്ടം 1.6 ബില്ല്യണ്‍ പൗണ്ടാകും. 2016 ബ്രക്‌സിറ്റ് ഹിതപരിശോധനാ സമയത്ത് യുകെ യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിച്ചാല്‍ എനര്‍ജി ബില്ലിലെ വാറ്റ് നിര്‍ത്തലാക്കുമെന്ന് ബോറിസ് ജോണ്‍സനും, മൈക്കിള്‍ ഗോവും വാഗ്ദാനം ചെയ്തിരുന്നു. ഈ പ്രഖ്യാപനം നടപ്പാക്കണമെന്നാണ് ലേബര്‍ ഷാഡോ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ആവശ്യപ്പെടുന്നത്.

ഗ്യാസ്, വൈദ്യുതി ബില്ലുകള്‍ ഉയരുന്നത് എല്ലാവരെയും ബാധിക്കുന്ന ഘട്ടത്തില്‍ തന്നെയാണ് ഈ വാഗ്ദാനം നടപ്പാക്കേണ്ടതെന്ന് റീവ്‌സ് ചൂണ്ടിക്കാണിച്ചു. അതേസമയം പെട്രോള്‍ വില റെക്കോര്‍ഡ് കുതിപ്പ് നടത്തുന്ന സാഹചര്യത്തില്‍ ഇന്ധന ഡ്യൂട്ടിയില്‍ 2.84 പെന്‍സ് വര്‍ദ്ധന നടപ്പാക്കാനുള്ള നീക്കം സുനാക് തല്‍ക്കാലം ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഈ ഘട്ടത്തിലാണ് ഇന്ധന നികുതി വര്‍ദ്ധിക്കില്ലെന്ന് ട്രഷറി എംപിമാര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം എനര്‍ജി പ്രൈസ് ക്യാപ് ഉയര്‍ത്തിയതോടെയാണ് കുടുംബങ്ങളുടെ ബില്ലുകളും വര്‍ദ്ധിച്ചത്. സ്റ്റാന്‍ഡേര്‍ഡ് താരിഫിലും കുടുംബങ്ങളുടെ ബില്ലില്‍ പ്രതിവര്‍ഷം 139 പൗണ്ട് വര്‍ദ്ധിച്ച് 1277 പൗണ്ടിലേക്കാണ് ബില്‍ ഉയര്‍ന്നത്.

അതേസമയം, ബജറ്റ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സുപ്രധാന പദ്ധതികള്‍ പുറത്തുവിട്ടതിനെ കോമണ്‍സ് സ്പീക്കര്‍ ലിന്‍ഡ്‌സെ ഹോയല്‍ വിമര്‍ശിച്ചു. നയങ്ങള്‍ പാര്‍ലമെന്റിനെ അറിയിക്കുന്നതിന് മുന്‍പ് പങ്കുവെയ്ക്കുന്നത് മുന്‍കാലങ്ങളില്‍ ചാന്‍സലര്‍മാരുടെ രാജിക്കു വഴിവച്ചിട്ടുണ്ടെന്നു സ്പീക്കര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.