1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2023

സ്വന്തം ലേഖകൻ: നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ ഒരു വശത്തു ശ്രമിക്കുമ്പോഴും അതിനു ഫലം ഉണ്ടാവുന്നില്ല. ബ്രക്‌സിറ്റ് നടപ്പായതോടെ നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലാതായി. വിദേശ പൗരന്‍മാരെ പല മേഖലകള്‍ക്കും ആവശ്യമുണ്ടെന്നത് തന്നെയാണ് ഇതിന് കാരണം. ഇതോടെ വിദേശ പൗരന്‍മാര്‍ വീസ കാലാവധി നീട്ടുന്നത് വര്‍ദ്ധിച്ചു. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുമെന്ന് അവകാശപ്പെടുന്ന ഗവണ്‍മെന്റിന് ഇതിന് സാധിക്കുന്നില്ലെന്നത് രാഷ്ട്രീയ ആയുധമായി മാറിയാല്‍ സുനാക് സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടിവരും.

ഈയാഴ്ച പുതിയ നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. പുതിയ കണക്കുകള്‍ പ്രകാരം നെറ്റ് മൈഗ്രേഷന്‍ 700,000 എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പ്രധാനമന്ത്രി സുനാകിന് എതിരായ സ്വന്തം പാര്‍ട്ടിയിലെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടും. പ്രത്യേകിച്ച് ടോറി പാര്‍ട്ടിയിലെ വലത് പക്ഷക്കാരാണ് അക്രമം കടുപ്പിക്കുക.

ഔദ്യോഗിക നെറ്റ് മൈഗ്രേഷന്‍ നിരക്കുകള്‍ പുതിയ റെക്കോര്‍ഡ് കുറിയ്ക്കുമെന്നാണ് പ്രവചനം. 2022-ലെ 606,000 എന്ന കണക്കുകളെ മറികടന്ന് ഈ വര്‍ഷം ജൂണ്‍ വരെയുള്ള നെറ്റ് മൈഗ്രേഷന്‍ 700,000 കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രധാനമന്ത്രിയ്ക്ക് തിരിച്ചടിയാകുന്ന വാര്‍ത്തയാണ്. പ്രത്യേകിച്ച് നിയമപരമായ കുടിയേറ്റത്തിന് എതിരെ കര്‍ശന നിലപാട് സ്വീകരിച്ച സുവെല്ലാ ബ്രാവര്‍മാനെ ഹോം സെക്രട്ടറി പദത്തില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവരുന്നത്.

വിദേശ പൗരന്‍മാര്‍ കൂടിയ തോതില്‍ വീസ കാലാവധി നീട്ടിയെടുക്കുന്നതാണ് കണക്കുകള്‍ കുത്തനെ ഉയരാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബ്രിട്ടനില്‍ തങ്ങാനുള്ള അനുമതി നീട്ടാന്‍ വിജയകരമായി അപേക്ഷിച്ച വിദേശ പൗരന്‍മാരുടെ എണ്ണത്തില്‍ 50% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ആദ്യ ആറ് മാസങ്ങളില്‍ ജോലിക്കും, പഠനത്തിനും, കുടുംബ കാര്യങ്ങളും പറഞ്ഞ് വീസ നീട്ടിയത് 105,000 പേരാണ്. വിദേശ ജോലിക്കാര്‍ക്ക് ബ്രിട്ടനില്‍ തുടരാന്‍ പുതിയ വീസ നല്‍കിയതാണ് കണക്കുകളില്‍ പ്രധാനമായി സംഭാവന ചെയ്യുന്നത്. ജൂണ്‍ വരെയുള്ള മാസങ്ങളില്‍ അനുവദിച്ച വര്‍ക്ക് വീസയുടെ എണ്ണത്തില്‍ 45 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഹോം ഓഫീസ് കണക്കുകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.