സ്വന്തം ലേഖകൻ: വരും ദിവസങ്ങളില്‍ യുകെയില്‍ രാജ്യമാകമാനം കടുത്ത കാറ്റുകളും ശക്തമായ മഴയും ഉണ്ടാകുമെന്ന പുതിയ കാലാവസ്ഥാ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. യു കെ യില്‍ ഈ സീസണിലെത്തുന്ന നാലാമത്തെ വലിയ കൊടുങ്കാറ്റാണിത്. ഇതിന്റെ ഭാഗമായുളള ശക്തമായ കാറ്റുകള്‍ നോര്‍ത്തേണ്‍ ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും ഭാഗങ്ങളില്‍ ഇന്ന് രാവിലെയെത്തുന്നതാണ്. ഈ അവസരത്തില്‍ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 80 മൈല്‍ വേഗതയിലുള്ള കാറ്റുകളായിരിക്കും ആഞ്ഞടിക്കുന്നത്.
വെയ്ല്‍സിലെ ബാംഗോര്‍, സെയിന്റ് ഡേവിഡ്‌സ് എന്നിവിടങ്ങളിലും, മാഞ്ചസ്റ്റര്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍ എന്നിവിടങ്ങളിലും ഇന്ന് വെളുപ്പിന് 4 മണി മുതല്‍ വൈകിട്ട് 6 മണിവരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് രണ്ട് വരെ നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ ശേഷിക്കുന്ന ഭാഗങ്ങളില്‍ യെല്ലോ വാണിംഗ് നിലവിലുണ്ട്.
നോര്‍ത്ത് ഈസ്റ്റ് സ്‌കോട്ട്ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ പത്ത് മുതല്‍ രാത്രി ഒമ്പത് വരെ കടുത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പും ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ബാബെറ്റ് കൊടുങ്കാറ്റ് ഉണ്ടാക്കിയ ദുരിതങ്ങളില്‍ നിന്നും സ്‌കോട്ട്ലന്‍ഡിന്റെ വിവിധ ഭാഗങ്ങള്‍ ഇനിയും പൂര്‍ണമായി കരകയറിയിട്ടില്ലെന്നിരിക്കേയാണ് ഡെബി കൊടുങ്കാറ്റ് ഇവിടെ ഭീഷണിയുയര്‍ത്തുന്നതെന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല