
സ്വന്തം ലേഖകൻ: ജർമ്മനിയിലും ബെൽജിയത്തിലുമുണ്ടായ മിന്നൽ പ്രണയത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ യുകെയിലും മുന്നറിയിപ്പ്. ഈ വാരാന്ത്യത്തിൽ അത്യുഷ്ണമാണെന്നാണ് കാലാവസ്ഥാ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.
ജനങ്ങളോട് തണുപ്പുള്ള ഇടങ്ങളിൽ തുടരാനും ചൂടുള്ള കാലാവസ്ഥയിൽ അപകട സാധ്യതയുള്ളവരെ സഹായിക്കാനും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചുകൊണ്ട്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) അഭ്യർഥിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ താപനില 31 സെന്റിഗ്രേഡ് വരെ ഉയരും. ലെവൽ രണ്ട് – തീവ്ര താപനില ജാഗ്രത മുന്നറിയിപ്പ് ഇംഗ്ലണ്ടിലെ ഭൂരിഭാഗ൦ പ്രദേശങ്ങളെയും ഉൾക്കൊള്ളുന്നുവെന്നും ചൊവ്വാഴ്ച വരെ പ്രാബല്യത്തിൽ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
“യുകെയുടെ മിക്ക ഭാഗങ്ങളിലും താപനില ഉയരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, വാരാന്ത്യത്തിൽ ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉഷ്‌ണതരംഗം ഉയർന്നു തന്നെ നിൽക്കും,“ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മേധാവി വിൽ ലാംഗ് പറഞ്ഞു:
“ഉയർന്ന താപനില ചൊവ്വാഴ്ച വരെ ഏറ്റക്കുറിച്ചിലില്ലാതെ തുടരും. ചൊവ്വാഴ്ച ഉരുത്തിരിയുന്ന കാലാവസ്ഥാ മാറ്റങ്ങൾ ഉഷ്ണതരംഗത്തിന്റെ തോത് കുറയ്ക്കും”, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ ശാസ്ത്രീയ സാങ്കേതിക വിഭാഗം തലവനായ ഡോ. ഓവൻ ലാൻഡെഗ് പറഞ്ഞു.
“വല്ലപ്പോഴും കിട്ടുന്ന ചൂട് കാലാവസ്ഥ പലരും ആസ്വദിക്കുകയാണ് പതിവ്. ആയതിനാൽ, ചൂടിനെ പ്രതിരോധിക്കാനുള്ള ഉപദേശങ്ങളിൽ ഭൂരിഭാഗവും സാമാന്യബുദ്ധിയുള്ളവർക്ക് ഉൾക്കൊള്ളാവുന്നതേയുള്ളു. എന്നിരുന്നാലും, പ്രായമായവർ, ആരോഗ്യ സ്ഥിതി മോശാമായവർ, കൊച്ചുകുട്ടികൾ തുടങ്ങിയവർക്ക് വേനൽക്കാലത്തെ കടുത്ത ചൂട് യഥാർത്ഥ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് അപകട സാധ്യതയുള്ളവരെ പ്രത്യേകം ശ്രദ്ധിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,“ ലാൻഡെഗ് വ്യക്തമാക്കി.
ജനൽ കർട്ടനുകൾ താഴ്ത്തി വീടുകൾ തണുപ്പിക്കുക, ധാരാളം ദ്രാവകങ്ങൾ കുടിക്കുക, സൂര്യ പ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ശക്തമാകുന്ന സമയമായ രാവിലെ 11 മണിക്കും ഉച്ചക്ക് 3 മണിക്കും ഇടയിൽ വെയിലിൽനിന്നും നിന്നും ഒഴിഞ്ഞു നിൽക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ സൂര്യാഘാതം ഇല്ലാതാക്കാനായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നൽകിയിട്ടുണ്ട്.
അടഞ്ഞു കിടക്കുന്നതോ, പാർക്ക് ചെയ്തിരിക്കുന്നതോ ആയ വാഹനത്തിൽ, ശിശുക്കളെയോ, കുട്ടികളെയോ, മൃഗങ്ങളെയോ ഒറ്റക്കിരുത്തി പോകരുതെന്നും മുന്നറിയിപ്പിൽ പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല