
സ്വന്തം ലേഖകൻ: യുകെയിൽ രണ്ടാഴ്ച കാലം നെഗറ്റിവിലേക്ക് പതിച്ച താപനില പൊടുന്നനെ ഉയരുന്നു. തിങ്കളാഴ്ച മുതല്‍ താപനില ചില ഭാഗങ്ങളില്‍ 15 സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതിനിടെ ഒരു മാസം കൊണ്ട് പെയ്തിറങ്ങേണ്ട മഴ ബ്രിട്ടനില്‍ രണ്ട് ദിവസം കൊണ്ട് പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. ബ്രിട്ടന്റെ കാലാവസ്ഥയില്‍ ചടുലമായ മാറ്റങ്ങളാണ് പ്രകടമാകുന്നത്.
മെറ്റ് ഓഫീസ് ജീവഹാനിക്ക് സാധ്യതയുള്ള മുന്നറിയിപ്പാണ് പുറപ്പെടുവിച്ചതെങ്കിലും അറ്റ്ലാന്റിക്കില്‍ നിന്നും മെച്ചപ്പെട്ട കാറ്റ് വീശിയടിക്കുന്നതിനാല്‍ തണുത്ത കാലാവസ്ഥ പെട്ടെന്ന് തന്നെ ചൂടുള്ളതായി മാറുമെന്നാണ് പ്രതീക്ഷ. യുകെയില്‍ പകല്‍ സമയങ്ങളില്‍ പരമാവധി താപനില 11 സെല്‍ഷ്യസ് മുതല്‍ 15 സെല്‍ഷ്യസ് വരെയായി ഉയരും.
കഴിഞ്ഞ ആഴ്ചയില്‍ റെക്കോര്‍ഡ് തണുപ്പ് രേഖപ്പെടുത്തിയ ശേഷമാണ് ഈ മാറ്റം. അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റത്തോടൊപ്പം മഴയും പെയ്യുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ഒരു മാസം കൊണ്ട് പെയ്യേണ്ട മഴയാണ് കേവലം രണ്ട് ദിവസത്തില്‍ പെയ്യുക. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
സൗത്ത് വെയില്‍സ്, സൗത്ത്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇതോടെ സൗത്ത് ഡിവോണ്‍ ഉള്‍പ്പെടെ നദികളില്‍ എന്‍വയോണ്‍മെന്റല്‍ ഏജന്‍സി അഞ്ച് വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
ഈ മേഖലകളില്‍ മെറ്റ് ഓഫീസ് യെല്ലോ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തണുപ്പില്‍ നിന്നും പെട്ടെന്ന് ചൂട് കൂടുന്നത് മൂലം രാജ്യത്തെ ജലവിതരണ പൈപ്പുകള്‍ പൊട്ടുമെന്നാണ് ഇപ്പോള്‍ ആശങ്കയുള്ളത്. വാട്ടര്‍ കമ്പനികള്‍ ഇക്കാര്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തണുത്തുറഞ്ഞ മഴയും എത്തുന്നതോടെ റോഡുകളില്‍ അപകടകരമായ സ്ഥിതി രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥ കടുപ്പമേറിയതായി മാറുന്നതോടെ പൈപ്പുകള്‍ പലയിടത്തും പൊട്ടുന്നതായി വാട്ടര്‍ യുകെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ വൈദ്യുതി ബന്ധം തകരാറിലാകാനുള്ള സാധ്യത നേരിട്ട് രാജ്യം. വൈദ്യുതി വിതരണത്തെ സാരമായി ബാധിച്ച കഠിനമായ തണുപ്പ് കാലാവസ്ഥ പ്രവചിച്ച് മുന്നറിയിപ്പ് നല്കുന്നതില് മെറ്റ് കാലാവസ്ഥാ നിരീക്ഷകര്‍ പോലും പൂർണമായി വിജയിച്ചില്ലെന്നാണ് റിപ്പോർട്ട്. കൊടും തണുപ്പ് കണ്ട് അത്ഭുതപ്പെട്ടുവെന്ന് സ്വതന്ത്ര എനര്‍ജി അനലിസ്റ്റ് ടോണി ജോര്‍ദാന്‍ പറഞ്ഞു.
കാലാവസ്ഥാ പ്രവചനങ്ങള്‍ തെറ്റിപ്പോയാല്‍ കടുപ്പമേറിയ അവസ്ഥകളിലും ദുരന്തത്തിലും കലാശിക്കുമെന്ന് ടോണി ജോര്‍ദാന്‍ വ്യക്തമാക്കി. താപനില രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ -17 സെല്‍ഷ്യസിലേക്ക് വരെ താഴ്ന്നെങ്കിലും ഇത് കൃത്യമായി പ്രവചിക്കുന്നതില്‍ ഔദ്യോഗിക കാലാവസ്ഥക്കാര് പരാജയപ്പെട്ടിരുന്നു.
ശൈത്യകാല തണുപ്പ് എത്രത്തോളം കടുപ്പമാകുമെന്ന കാര്യത്തില്‍ ഇവര്‍ക്ക് വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് വൈറ്റ്ഹാള്‍ ശ്രോതസ്സുകള്‍ പറയുന്നു. ഹീറ്റിംഗ് ചെയ്യാനുള്ള ആവശ്യം ശക്തമാകുമ്പോള്‍ വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെ പവര്‍ കട്ട് ഏര്‍പ്പെടുത്താന്‍ പദ്ധതി തയാറാക്കുന്നുണ്ട്. വിവിധ മേഖലകളില്‍ വ്യത്യസ്ത ദിനങ്ങളിലാണ് ഇത് ഏര്‍പ്പെടുത്തുക.
നാഷനല്‍ ഗ്രിഡ് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടിയാല്‍ ഇത് സംഭവിക്കും. കൊടുതണുപ്പാണ് വരുന്നതെന്ന് വിദഗ്ധര്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നെങ്കില്‍ അധികൃതര്‍ക്ക് ആവശ്യത്തിന് അനുസരിച്ചുള്ള ഗ്യാസ് ശേഖരിച്ച് വെയ്ക്കാന്‍ കഴിയുമായിരുന്നുവെന്നാണ് വെസ്റ്റ്മിന്‍സ്റ്റര്‍ കേന്ദ്രങ്ങള്‍ നടത്തുന്ന വിമര്‍ശനം. കൂടാതെ മെറ്റ് ഓഫീസ് നല്കിയ വര്‍ക്ക് ഫ്രം ഹോം ഉപദേശവും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്ന് ആരോപണവും ഉയരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല