1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2022

സ്വന്തം ലേഖകൻ: യുകെയിൽ യൂനിസ് കൊടുങ്കാറ്റിൻ്റെ താണ്ഡവം. മണിക്കൂറിൽ നൂറുമൈലിനു മേൽ വേഗതയിൽ ഇന്നു രാവിലെ മുതൽ ആഞ്ഞടിച്ച യൂനിസ് കൊടുങ്കാറ്റിന് വൈകുന്നേരത്തോടെ ശക്തി കുറഞ്ഞെങ്കിലും ഇപ്പോഴും പലസ്ഥലങ്ങളിലും ആറുപതു മൈലിനു മുകളിൽ വേഗത്തിൽ കാറ്റു വീശുന്നുണ്ട്. അയർലൻഡിൽ മരംവീണ് ഒരാൾ മരിച്ചു. റോഡപകടങ്ങളിലും, മരച്ചില്ലകളും പാഴ്വസ്തുക്കളും പറന്നടിച്ചും നിരവധിപേർക്ക് പരുക്കേറ്റു.

പാർക്കിംങ് ബേകളിൽ നൂറുകണക്കിന് കാറുകൾ കാറ്റിൽ കൂട്ടിയിടിച്ച് തകർന്നു. മോട്ടോർവേകൾ പലതും നിശ്ചലമായി. റെയിൽ ഗതാഗതം പലസ്ഥലങ്ങളിലും നേരത്തെ തന്നെ നിർത്തിവച്ചിരുന്നു. ഹീത്രൂവിലും മാഞ്ചസ്റ്ററിലും വിമാനങ്ങൾ ലാൻഡ് ചെയ്യാൻ ബുദ്ധിമുട്ടി. ആഭ്യന്ത വിമാന സർവീസുകൾ പലതും നേരത്തെ റദ്ദാക്കിയിരുന്നു. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും സൗത്ത് വെയിൽസിലുമാണ് യൂനിസ് കൊടുങ്കാറ്റ് ഉഗ്രപ്രതാപിയായി സംഹാരതാണ്ഡവമാടിയത്. തീരപ്രദേശങ്ങളിലും കാറ്റ് കനത്ത നാശം വിതച്ചു. പോർട്സ്മോത്ത്, സൌത്താംപാറ്റൺ, ഡോവർ എന്നിവടങ്ങളിലെല്ലാം ഫെറി സർവീസുകൾ കാറ്റുമൂലം തടസപ്പെട്ടു.

കാറ്റിനു ശക്തി കുറഞ്ഞെങ്കിലും റെഡ് അലേർട്ട് പിൻവലിക്കാത്ത സ്ഥലങ്ങളിൽ ആളുകൾ വീടുകളിൽതന്നെ കഴിയണമെന്ന് മുന്നറിയിപ്പുണ്ട്. കാറ്റിനു പിന്നാലെ സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്. രാജ്യത്ത് സ്കൂളികൾ ഒന്നും ഇന്ന് പ്രവർത്തിച്ചില്ല.

ഈസ്റ്റ് ലണ്ടനിൻ മില്ലേനിയം 2000 സ്മാരകമായി നിർമിച്ച O2 അരീനയുടെ (മിലേനിയം ഡോം) മേൽക്കൂരയുടെ ഒരുഭാഗം കാറ്റിൽ പറന്നുപോയി. നിരവധി ഹോട്ടലുകളും സ്റ്റുഡിയോയും തിയറ്ററുകളും ബ്രാൻഡഡ് ഉൽപനങ്ങളുടെ ഫാക്ടറി ഔട്ട്‌ലെറ്റുകളും പ്രവർത്തിക്കുന്ന അരീന ഇതോടെ തൽകാലത്തേക്ക് നിർത്തി. ആയിരത്തിലധികം പേരെ അരീനയിൽനിന്നും പൊലീസ് അടിയന്തരമായി ഒഴിപ്പിച്ചു.

വെയിൽസിൽ നാൽപതിനായിരത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി. മുന്നറിയിപ്പുകൾ അവഗണിച്ച് ബ്രൈറ്റണിൽ കടലിൽ നീന്താനെത്തയവരെ കോസ്റ്റുഗാർഡ് അറസ്റ്റുചെയ്തു.

ഐൽ ഓഫ് വൈറ്റിലെ നീഡിൽസിലാണ് കാറ്റിന് ഏറ്റവും വേഗത രേഖപ്പെടുത്തിയത്, ഇവിടെ 122 മൈൽ വേഗതയിൽ ആഞ്ഞടിച്ച കാറ്റ് സൗത്താംപാറ്റണിലും പ്ലിമത്തിലുമെല്ലാം ഒട്ടു വേഗം കുറയാതെ മണിക്കൂറുകൾ ആഞ്ഞുവീശി. നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരയും ഗാൻഡൻ ഫെൻസുകളും കാറ്റിൽ നശിച്ചു. മരങ്ങളും കടപുഴകി.

റെയിൽ പാളത്തിൽ മരം വീണതിനെത്തുടന്ന് ലണ്ടൻ നഗരത്തിലെ വാട്ടർലൂ സ്റ്റേഷനിലേക്കുള്ള ഏല്ലാ സർവീസുകളും ഉച്ചയ്ക്ക് നിർത്തി. അടുത്തകാലത്ത് ബ്രിട്ടൻ നേരിട്ട ഏറ്റവും വലിയ കൊടുങ്കാറ്റാണ് യൂനിസ്. കഴിഞ്ഞ നവംബറിൽ സ്കോട്ട്ലൻഡിലും നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും കനത്ത നാശം വിതച്ച ആർവെൻ കൊടുങ്കാറ്റിന് സമാനമായ സാഹചര്യമാണ് യൂനിസ് മൂലം ഉണ്ടായിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.