1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2021

സ്വന്തം ലേഖകൻ: യുകെയിൽ വാരാന്ത്യ ആഘോഷങ്ങൾക്കായി ജന പ്രവാഹം. ദീർഘ കാലത്തെ അടച്ചിടലിന് ശേഷം ഏകദേശം 500,000 ആളുകൾ വിവിധ സംഗീതോത്സവങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമായി ഇടപഴകുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനം ഇനിയും പൂർണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ആളുകളുടെ ഈ ഒഴുക്ക് പ്രതിദിന കേസുകളിൽ കുതിച്ച് ചാട്ടമുണ്ടാക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

ഈ മാസം ബോർഡ്‌മാസ്റ്റേഴ്സ് ഫെസ്റ്റിവലിന് ശേഷം കൗമാരക്കാർക്കിടയിൽ അണുബാധ നിരക്ക് അഞ്ച് മടങ്ങ് വർധിച്ചിരുന്നു. കോൺവാളിലെയും ഡെവോണിലെയും കേസുകൾ റെക്കോർഡ് നിലയിലേക്കെത്തിയതും ഈ ആഴ്ച തന്നെ. ഇതിന് പിന്നാലെയാണ് ബാങ്ക് ഹോളിഡേ ആഘോഷങ്ങൾക്കായി ജനക്കൂട്ടം ഒഴുകിയെത്തുന്നത്.

ഉയർന്ന മരണ നിരക്കും ഗുരുതരാവസ്ഥയിലാകുന്ന കോവിഡ് രോഗികളുടെ എണ്ണവും പിടിച്ചു നിർത്താൻ വാക്സിനേഷൻ പ്രോഗ്രാം സഹായിക്കുന്നുണ്ടെങ്കിലും, എൻഎച്ച്എസിന്റെ വിവിധ ഡിപ്പാർട്ടുമെന്റുകൾ ഇപ്പോൾ തന്നെ താങ്ങാനാവാത്ത ജോലി സമ്മർദ്ദത്തിലാണ്. മാത്രമല്ല അടുത്തയാഴ്ച കേസുകൾ ഉയർന്നാൽ അത് സ്കൂളുകൾ തുറക്കുന്നത് ഉൾപ്പെടെയുള്ള വിവിധ അൺലോക്ക് പരിപാടികൾ താളം തെറ്റിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഈ വേനൽക്കാലത്ത് കൊറോണ വൈറസ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ ബാങ്ക് അവധി വാരാന്ത്യമായതിനാൽ തന്നെ ദശലക്ഷക്കണക്കിന് ജനങ്ങളാണ് വിവിധയിടങ്ങളിൽ അവധി ആഘോഷിക്കാൻ എത്തുന്നത്. റെയിൽ ഡെലിവറി ഗ്രൂപ്പിൽ നിന്നുള്ള കണക്കുകളും ബീച്ചുകളിലേക്കുള്ള ട്രെയിൻ ടിക്കറ്റ് വിൽപ്പനയും മഹാമാരിയ്ക്ക് മുമ്പുള്ള നിലയിലെത്തിയതായാണ് കണക്കുകൾ.

ലീഡ്സ് ആൻഡ് റീഡിംഗ്, ചെഷയറിലെ ക്രീംഫീൽഡ്സ്, പോർട്ട്സ്മൗത്തിലെ വിക്ടോറിയസ് എന്നിവയുൾപ്പെടെ ഇംഗ്ലണ്ടിലുടനീളം ഏകദേശം എട്ട് ഫെസ്റിവലുകളിലായി ഏകദേശം 500,000 ആളുകളെങ്കിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കോവിഡ് കാരണം ഈ വാരാന്ത്യത്തിൽ ചില പരിപാടികൾ മാറ്റിവച്ചിട്ടുമുണ്ട്. മാഞ്ചസ്റ്ററിലെ തെരുവുകളിൽ മാത്രം പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ആഘോഷങ്ങളാണ് നടക്കുന്നത്. അതേസമയം യുകെയിൽ പ്രതിദിന കോവിഡ് കേസുകളിലും മരണങ്ങളിലുമുള്ള വർദ്ധനവ് തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.