1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2021

സ്വന്തം ലേഖകൻ: കോവിഡിനു ശേഷം ജീവനക്കാരെ നിർബന്ധിച്ച് ജോലിക്ക് എത്തിക്കാൻ കഴിയാത്തവിധം വർക്ക് ഫ്രം ഹോം സംവിധാനം ജീവനക്കാരുടെ അവകാശമാക്കാൻ യുകെ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ജീവനക്കാരെ ഓഫിസിൽ വരാൻ നിർബന്ധിക്കുന്നത് ഒഴിവാക്കും വിധമുള്ള പുതിയ നിയമ നിർമാണത്തിനാണ് സർക്കാർ നീക്കം. എന്നാൽ ഈ നിയമനിർമാണത്തെ ശക്തമായി എതിർക്കുകയാണ് പ്രമുഖ സ്ഥാപനങ്ങൾ.

രാജ്യത്തെ അറുപത് ലക്ഷത്തോളം വരുന്ന ഓഫിസ് ജോലിക്കാരെ ബാധിക്കുന്ന നിയമ നിർമ്മാണം യാഥാർഥ്യമായാൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒരു അവകാശമാക്കി മാറും. പുതിയ നിയമപ്രകാരം തൊഴിലിടങ്ങളിൽ നേരിട്ടുവന്ന് ജോലി ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് തെളിയിക്കാത്ത സാഹചര്യങ്ങളിൽ ജീവനക്കാരെ ഓഫിസിലേക്ക് നിർബന്ധിച്ച് വിളിച്ചുവരുത്താൻ തൊഴിലുടമയ്ക്ക് സാധിക്കില്ല.

വിവിധ മേഖലകളിലെ വിദഗ്ദരുമായി ചർച്ച ചെയ്ത ശേഷം ഈ വർഷം അവസാനത്തോടെ നിയമം പാർലമെന്റിന്റെ പരിഗണനയ്ക്കു കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ പുതിയ നിയമം ജോലിക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുമെന്നും ഓഫിസിലേക്ക് പോകുന്നവരെ ആശ്രയിച്ച് നിലനിൽക്കുന്ന ബിസിനസുകൾ എല്ലാം ഇതോടെ തകരുമെന്നുമാണ് തൊഴിലുടമകളുടെ വാദം.

സാധാരണ രീതിയിലേക്കു മടങ്ങാൻ ഒരുങ്ങുന്ന ചെറുകിട ബിസിനസുകളെ ഇത് തളർത്തുമെന്നും വിമർശനമുണ്ട്. മന്ത്രിസഭയിലും ഇത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസം ശക്തമാണെന്നാണ് റിപ്പോർട്ടുകൾ. നിയമം സമ്പത് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം മന്ത്രിമാരുടെ നിലപാട്. മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ നേതൃത്വം നൽകുന്ന ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബൽ ചെയ്ഞ്ചിന്റെ പഠന റിപ്പോർട്ട് പ്രകാരം രാജ്യത്തെ അഞ്ച് ജോലികളിൽ ഒന്നുവീതം ഇപ്പോൾ എവിടെയിരുന്നും ചെയ്യാം.

ഏകദേശം അറുപത് ലക്ഷത്തോളം വരുന്ന ഇത്തരം ജോലികളെ ‘എനിവെയർ ജോബ്സ്’ എന്നാണ് റിപ്പോർട്ട് വിശേഷിപ്പിക്കുന്നത്. ഇത്തരം ജോലികൾ വീട്ടിലിരുന്ന ചെയ്യുന്നതാണ് കൂടുതൽ ഫലപ്രദമെന്നും ഇതിനാണ് ഭൂരിപക്ഷം ജീവക്കാരും തൊഴിലുടമകളും താൽപര്യം കാണിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്തായാലും വരും ദിവസങ്ങളിൽ യുകെ തൊഴിൽ മേഖലയിലെ ചൂടൻ ചർച്ചാ വിഷയമാകും വർക്ക് ഫ്രം ഹോം അവകാശ നിയമം എന്നുറപ്പ്.

8 മേൽ പ്രായമുള്ളവർക്ക് വാക്സിൻ ബുക്ക് ചെയ്യാം

ഇംഗ്ലണ്ടിലെ 18ന് മേൽ പ്രായമുള്ളവർക്ക് ആദ്യത്തെ കോവിഡ് വാക്സിനായി ഇന്നു മുതൽ ബുക്ക് ചെയ്യാം. 18 മുതൽ 20 വയസ്സുവരെയുള്ളവർക്ക് വാക്സിൻ സ്വീകരിക്കുന്നതിനായി 15 ദശലക്ഷം മൊബൈൽ ടെക്സ്റ്റുകൾ വെള്ളിയാഴ്ച അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ഇരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിച്ച സാഹചര്യത്തിലാണ് വാക്സിനേഷൻ ഡ്രൈവ് വേഗത്തിലാക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

വ്യാഴാഴ്ച 11,007 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 19 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 19 മരണങ്ങളും രേഖപ്പെടുത്തി. എല്ലാ മുതിർന്നവർക്കും ജൂലൈ 19 നകം ആദ്യ ഡോസും 40 വയസ്സിനു മുകളിലുള്ളവരിൽ മൂന്നിൽ രണ്ട് പേർക്കും രണ്ടാമത്തെ ഡോസും നൽകാനാണ് സർക്കാർ ലക്‌ഷ്യമിടുന്നത്.

ആരോഗ്യ വിഭാഗം രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള അന്തിമ മുന്നേറ്റം നടത്തുകയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് പറഞ്ഞു. “ഇത് ശരിക്കും ആവേശകരമായ നിമിഷമാണ്. നിങ്ങൾ ആരായാലും, നിങ്ങൾ എവിടെയായിരുന്നാലും, നിങ്ങൾക്ക് 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടെങ്കിൽ, നിങ്ങളുടെ കോവിഡ് വാക്സിൻ ബുക്ക് ചെയ്യാനുള്ള സമയമായിരിക്കുന്നു, അദ്ദേഹം ഓർമ്മിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.