
സ്വന്തം ലേഖകൻ: യുകെയിലെ വര്‍ക്ക് പാര്‍ട്ടികളില്‍ മദ്യം പരിമിതപ്പെടുത്തണമെന്ന മുന്നറിയിപ്പ് സ്ഥാപനങ്ങള്‍ക്ക് നല്‍കി ചാര്‍ട്ടേഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎംഐ) . സ്ത്രീകള്‍ക്ക് ലിക്വര്‍ പാര്‍ട്ടികളില്‍ നേരിടേണ്ടി വരുന്നത് ലജ്ജാകരമായ അനുഭവങ്ങള്‍ ആണെന്നും ഇത് സംബന്ധിച്ച പുതിയ പോളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഎംഐ പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഇത്തരം പാര്‍ട്ടികളില്‍ വച്ച് മൂന്നിലൊന്ന് മാനേജര്‍മാര്‍ക്കും ആക്രമണങ്ങള്‍ അല്ലെങ്കില്‍ മോശപ്പെട്ട പെരുമാറ്റം നേരിടേണ്ടി വന്നുവെന്നാണ് പുതിയ പോളിലൂടെ വെളിപ്പെട്ടിരിക്കുന്നത്.
ഇത്തരത്തിലുള്ള പാര്‍ട്ടികളില്‍ വച്ച് മോശം അനുഭവങ്ങള്‍ നേരിടുന്ന കാര്യത്തില്‍ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ മുമ്പിലാണെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതിനാല്‍ ഇത്തരം പാര്‍ട്ടികളില്‍ ആല്‍ക്കഹോള്‍ ആവശ്യമില്ലെന്നാണ് സിഎംഐ ബോസ് അഭിപ്രായപ്പെടുന്നത്. ഇത്തരത്തിലുള്ള പാര്‍ട്ടികളില്‍ വച്ച് തങ്ങള്‍ക്ക് മോശപ്പെട്ട അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി നിരവധി യുവതികള്‍ രംഗത്തെത്തി.
തന്റെ ഇന്റസ്ട്രിയില്‍ ഇത്തരം വൈല്‍ഡ് പാര്‍ട്ടികള്‍ ഇപ്പോഴും നടക്കുന്നുവെന്നും ഇതില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നുമാണ് ഫൈനാന്‍സില്‍ വര്‍ക്ക് ചെയ്യുന്ന 27കാരിയായ സാറാ ബിബിസിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. മാനേജ്‌മെന്റ്, ലീഡര്‍ഷിപ്പ്, എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പ്രഫഷണല്‍ ബോഡിയെന്ന നിലയില്‍ സിഎംഐ മുന്നോട്ട് വച്ച പുതിയ നിര്‍ദേശം നിര്‍ണായകമാണ്. പുതിയ സര്‍വേയുടെ ഭാഗമായി സിഎംഐ ആയിരത്തിലധികം മാനേജര്‍മാരില്‍ നിന്നും ഏപ്രില്‍ മാസം അവസാനം വിവരങ്ങള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
മദ്യം കലര്‍ന്ന വര്‍ക്ക് പാര്‍ട്ടികളില്‍ ഇത്തരം മോശം പെരുമാറ്റങ്ങള്‍ക്ക് തങ്ങള്‍ സാക്ഷികളായിരുന്നുവെന്നാണ് മൂന്നിലൊന്ന് അല്ലെങ്കില്‍ 29 ശതമാനം മാനേജര്‍മാര്‍ പോളില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം മോശം അനുഭവങ്ങള്‍ ലിക്വര്‍ പാര്‍ട്ടികളില്‍ നിന്നുണ്ടായിട്ടുണ്ടെന്നാണ് 33 ശതമാനം സ്ത്രീകളും 26 ശതമാനം പുരുഷന്‍മാരും പ്രതികരിച്ചിരിക്കുന്നത്. ആല്‍ക്കഹോള്‍ ഇല്ലാത്ത വര്‍ക്ക് പാര്‍ട്ടികളാണ് വേണ്ടതെന്ന് സര്‍വേയില്‍ പങ്കെടുത്ത 42 ശതമാനം പേര്‍ പ്രതികരിച്ചിട്ടുണ്ട്. 16 വയസിനും 34 വയസിനും ഇടയിലുള്ളവര്‍ ഈ അഭിപ്രായക്കാരാണ് എന്നതാണ് ശ്രദ്ധേയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല