1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2023

സ്വന്തം ലേഖകൻ: യുകെയില്‍ വിദ്യാർഥി വീസയിൽ എത്തിയവർ പഠനം പൂർത്തിയാക്കാതെ തൊഴിൽ വീസയിലേക്ക് മാറുന്നത് യുകെ ഗവണ്മെന്റ് നിർത്തലാക്കിയ നടപടിക്കെതിരെ പെറ്റീഷൻ ആരംഭിച്ചു. ജൂലൈ 17 മുതലാണ് യുകെ ഗവണ്മെന്റ് നിയമം പ്രാബല്യത്തില്‍ വരുത്തിയത്. ഇത് മൂലം തൊഴിൽ വീസയിലേക്ക് മാറാം എന്ന് കരുതി എത്തിയ മലയാളികളടക്കമുള്ള വിദ്യാർത്ഥികൾ പഠനം കഴിഞ്ഞു തിരികെ പോകേണ്ടി വരും. എന്നാൽ അവർക്ക് ആശ്വാസമായി യുകെ നടപടിക്ക് എതിരെ പെറ്റീഷന്‍ ആരംഭിച്ചിരിക്കുകയാണ്.

യുകെ നടപടി നിലവിലുള്ള വിദ്യാർഥികൾക്ക് ബാധകമാക്കരുതെന്നാണ് പ്രധാന ആവശ്യം. അടുത്ത വര്‍ഷം ജനുവരി മുതല്‍ യുകെയില്‍ പഠനം തുടങ്ങുന്ന വിദ്യാർഥികൾക്ക് മാത്രമേ ഇത് ബാധകമാക്കാവൂ എന്നാവശ്യപ്പെട്ടാണ് പെറ്റീഷൻ തയ്യാറാക്കിയിട്ടുള്ളത്. പെറ്റീഷൻ ഇപ്പോൾ നിരവധി പേരുടെ ഒപ്പുകളിലൂടെയുള്ള പിന്തുണ നേടി മുന്നേറുകയാണ്. നിലവിൽ യുകെയില്‍ വിദ്യാർഥി വീസയിലെത്തി പഠിക്കുന്നവര്‍ ഇവിടേക്ക് എത്തിയ സമയത്ത് തൊഴിൽ വീസയിലേക്ക് മാറാൻ അനുവാദം ഉണ്ടായിരുന്നുവെന്നും അതിനാല്‍ നിലവിലുള്ള വിദ്യാർഥികളെ പുതിയ നിയമത്തിൽ നിന്നും ഒഴിവാക്കണമെന്നുമാണ് പെറ്റീഷന്‍ ശക്തമായി ആവശ്യപ്പെടുന്നത്.

യുകെ പാസാക്കിയ പുതിയ നിയമം നീതിക്ക് നിരക്കാത്തതാണെന്നും പെറ്റീഷന്‍ ആരോപിക്കുന്നു. ഒരിക്കലും പില്‍ക്കാല പ്രാബല്യത്തോടെ ഈ നിയമം പ്രാവര്‍ത്തികമാക്കരുതെന്നും പെറ്റീഷനില്‍ ഒപ്പിട്ടവര്‍ ആവശ്യപ്പെടുന്നു. യുകെയില്‍ വിദ്യാർഥി വീസയിലെത്തുന്നവര്‍ പഠനം പൂർത്തിയാക്കും മുമ്പ് തൊഴിൽ വീസയിലേക്ക് മാറുന്ന പ്രവണത പരിധി വിട്ട് പെരുകിയിരുന്നു. ഇതേ തുടർന്ന് കുടിയേറ്റം കുതിച്ചുയര്‍ന്നതിതിനാൽ ആണ് ഇത് തടയുന്നതിനുള്ള കര്‍ക്കശമായ നിയമം യുകെ പാസാക്കിയിരിക്കുന്നത്.

ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ക്കശമാക്കി കുടിയേറ്റം വെട്ടിച്ചുരുക്കുകയെന്ന പ്രഖ്യാപിത വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഋഷി സുനക് ഗവണ്മെന്റ് നിയമം നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയത്. ഇതിനെതിരെ ആരംഭിച്ചിരിക്കുന്ന പെറ്റീഷനിൽ 11351 പേരാണ് ഒപ്പിട്ടിരിക്കുന്നത്. 2024 ജനുവരി 20 വരെ ഈ പെറ്റീഷനില്‍ ഒപ്പ് വയ്ക്കാം. ഇതില്‍ ഒരു ലക്ഷം ഒപ്പുകള്‍ തികഞ്ഞാല്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വയ്ക്കുന്നതായിരിക്കും. ചർച്ച അനുകൂലമായാൽ നിയമത്തില്‍ ഇളവ് വരാൻ സാധ്യതയുണ്ട്. ഇതിനാല്‍ ഈ പെറ്റീഷനില്‍ ഒപ്പ് വച്ച് പിന്തുണ അറിയിക്കുവാൻ എല്ലാവർക്കും അവസരം ഉണ്ട്‌. പെറ്റീഷനില്‍ ഒപ്പ് വയ്ക്കുന്നതിനായി താഴെ കാണുന്ന ലിങ്ക് വഴി പ്രവേശിക്കാം.

https://petition.parliament.uk/petitions/641313

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.