1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2023

സ്വന്തം ലേഖകൻ: ലോകത്തിലെ തന്നെ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടന്റെ സ്ഥാനം പിന്നോട്ടടിച്ചു. നാലില്‍ നിന്ന് 28ലേയ്ക്ക് ആണ് വീഴ്ച. 2021 -ല്‍ നാലാം സ്ഥാനത്തായിരുന്നു ബ്രിട്ടന്‍. തൊഴിലില്ലായ്മ കണക്കുകള്‍, പണപ്പെരുപ്പം, ബാങ്ക് വായ്പാ നിരക്കുകള്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് 160 രാജ്യങ്ങള്‍ അടങ്ങുന്ന പട്ടിക ഹാന്‍കെ പുറത്ത് വിട്ടത്.

യുകെയില്‍ 16 വയസിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 2021 ജനുവരിയില്‍ 4.9 ശതമാനമായിരുന്നു. ഇത് 2022 ല്‍ 3.7 ശതമാനമായി കുറഞ്ഞു. നിലവില്‍ 2023 ല്‍ 3.9 ശതമാനമായി കൂടിയതാണ് പട്ടികയില്‍ യുകെയുടെ സ്ഥാനം പുറകിലാകാന്‍ കാരണം . യുകെയുടെ സ്ഥാനം പട്ടികയില്‍ കുറഞ്ഞപ്പോള്‍ അമേരിക്ക 55-ല്‍ നിന്ന് ബ്രിട്ടനെ മറികടന്ന് 24-ലേക്ക് കുതിച്ചു. ഇതിന് ഏറ്റവും പ്രധാന ഘടകമായത് തൊഴില്‍ ഇല്ലായ്മയാണ്. ഏപ്രിലിലെ കണക്കുകള്‍ പ്രകാരം തൊഴില്‍ ഇല്ലായ്മ നേരിടുന്ന അമേരിക്കക്കാരുടെ എണ്ണം വെറും 3.4 ശതമാനം മാത്രമാണ്.

സ്വിറ്റ്സര്‍ലന്‍ഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. നിലവില്‍ സ്വിറ്റ്സര്‍ലന്‍ഡ് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ്. ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, വളരെയധികം പ്രശംസിക്കപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം, സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ എന്നിവയാല്‍ പേരുകേട്ട രാജ്യമാണ് ഇത്. കുവൈത്ത് രണ്ടാം സ്ഥാനവും അയര്‍ലന്‍ഡ് മൂന്നാം സ്ഥാനവും ജപ്പാന്‍ നാലാം സ്ഥാനവും നേടി.

യുകെയിലെ ജീവിതം ദുസ്സഹമാക്കുന്നത് പണപ്പെരുപ്പം തന്നെയാണ്.
പണപ്പെരുപ്പം 10 ശതമാനത്തിനടുത്താണ് ഇപ്പോഴും. രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധിയുടെ പകുതിദൂരം മാത്രമാണ് ഇതുവരെ ബ്രിട്ടീഷുകാര്‍ സഞ്ചരിച്ചതെന്നു ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നു.

ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം കാരണം കഴിഞ്ഞ ഫെബ്രുവരിയില്‍ പണപ്പെരുപ്പം 10. 4 ശതമാനത്തിലെത്തിയിരുന്നു .പച്ചക്കറി ക്ഷാമം ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും മദ്യേതര പാനീയങ്ങളുടെ വില പ്രതിവര്‍ഷം 18 ശതമാനം വരെ ഉയരുന്നതിന് കാരണമായി. കഴിഞ്ഞ 45 വര്‍ഷക്കാലത്തെ ഏറ്റവും കൂടിയ വിലവര്‍ദ്ധനവായിരുന്നു അത്. വരും മാസങ്ങളിലും ശരാശരി ബ്രിട്ടീഷ് കുടുംബങ്ങളില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.