1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2015

 

യു കെ മലയാളികളുടെ മനസ്സുകളില്‍ ചില വിഗ്രഹങ്ങള്‍ ഉടഞ്ഞുവീണ വേദനാജനകമായ നാളുകള്‍ ആണ് ഇത്.തങ്ങളുടെ മാത്രം സ്വകാര്യ അഹങ്കാരമായി യു കെ മലയാളികള്‍ കരുതിയിരുന്ന യുക്മ എന്ന പ്രസ്ഥാനത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളും അതിന്റ്‌റെ തുടര്ച്ചയായി പുറത്തെക്കൊഴുകിയ മാലിന്യങ്ങളും ഇന്നാട്ടിലെ വലിയൊരു വിഭാഗം മലയാളികളെ വല്ലാതെ തന്നെ ഞെട്ടിച്ചു കളഞ്ഞു.ശക്തവും വ്യക്തിത്വ പ്രഭാവവുമുള്ള ജനകീയ സംഘടന എന്നാ വിശേ ഷണ ത്തിനു തികച്ചും അര്‍ഹമായ യുക്മയിലും, യുക്മയെ പോലെ തന്നെ വളര്ന്നു വരുവാന്‍ ആഗ്രഹിച്ച ഫോബ്മയിലും നിഴലിനോട് യുദ്ധം നടത്തി , ഇനിയും വ്യക്തമല്ലാത്ത പിടിവാശികളുടെ ഉടയവരായ ചിലര്‍ , ആരും ആരും ഒന്നും നേടാതെ അലമുറയിടുന്നത് കാണുമ്പോള്‍ ഇവിടെ തകരുന്നത് അവരില്‍ വിശ്വാസമര്‍പ്പിച്ച ഒരു ജനതയുടെ സ്വപ്നങ്ങളാണ്.

 

ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സമൂഹമങ്ങളിലോന്നായി മാറിക്കൊണ്ടിരിക്കുന്ന യു കെ മലയാളികള്‍ ഇക്കഴിഞ്ഞ രണ്ടു മാസങ്ങളോളമായി സംഘടനാ കലാപങ്ങളുടെ നടുവിലാണ്.ഒരു സംഘടനയുടെ വിജയം എന്നാല്‍ പരസ്പര വിശ്വാസവും സഹകരണവും ഉള്ള നേതൃത്വമാണെന്ന് ലോകത്തെ കാട്ടിക്കൊടുത്ത വലിയ കൂട്ടയ്മ്മയായിരുന്നു യുക്മ. ,കാര്യക്ഷമതയും നേതൃ പാഠ വത്തിലെ മികവും എന്നും യുക്മക്ക് അഭിമാനിക്കാവുന്ന കാര്യങ്ങള്‍ തന്നെയായിരുന്നു . യു കെ മലയാളികളുടെ ആശകളും സ്വപ്നങ്ങളും വഹിച്ചിരുന്ന ഈ വന്‍ കപ്പല്‍ പൊടുന്നനവേ അന്തച്ചിദ്രത്തിന്റ്‌റെ കൊടുങ്കാറ്റില്‍ പെട്ട് ഉലഞ്ഞു തകര്‍ച്ചയുടെ പാതയില്‍ നീങ്ങുന്ന ദുഖകരമായ വാര്‍ത്ത കളാണ് പുറത്തു വരുന്നത്.യുക്മയുടെ ശക്തി പതിനായിരക്കണക്കിനു വരുന്ന ഇതിലെ അംഗങ്ങളാണ്.അതിനാല്‍ തന്നെ ഈ പ്രസ്ഥാനത്തിലെ അപജയങ്ങള്‍ മേല്‍പ്പറഞ്ഞ പതിനായിരങ്ങളുടെ മാത്രം തോല്‍വിയാണ്.

 

 

യുക്മയിലെ പോലെ അംഗബലമോ ,പ്രവര്‍ത്തന മികവോ ഇതുവരെ നേടാനായില്ലെങ്കിലും ,ഫോബ്മ എന്ന പ്രസ്ഥാനത്തിലും വിശ്വാസ മര്‍പ്പിച്ച
ഒരു ന്യൂന പക്ഷം ഇവിടെയുണ്ട് .അവര്‍ക്കും ചില ആശകള്‍ സ്വന്തമായി ഉണ്ട് എന്ന കാര്യം നമ്മുക്ക് നിഷേധിക്കാനാവില്ല.അവരും നമ്മുടെ സഹോദരങ്ങള്‍ തന്നെയാണ്. അതിനാലാണ് യുക്മയുടെയും ഫോബ്മയുടെയും വീഴ്ചകള്‍ ഒരു ദേശത്തിലെ മുഴുവന്‍ മലയാളികളുടെയും തകര്‍ച്ചയായി മാറുന്നത് .ചെളിവാരിയെറിയലുകളും കുതികാല്‍ വെട്ടിന്റ്‌റെ തന്ത്രങ്ങളും രണ്ടു സംഘടനകളിലും തലപ്പത്തുള്ളവരുടെ ഉറക്കം കെടുത്തുന്നു.ജനനന്മ്മക്കുപകരിക്കേണ്ട ഈ സംഘടനകള്‍ ഇപ്പോള്‍ യു കെ സമൂഹത്തില്‍ ശത്രുതയുടെ വിഷവിത്തുകള്‍ വിതറുന്നു.ഒരിക്കലും ഒരു സംഘടനയുടെയും തണലിലോ വ്യക്തി ഹത്യയുടെ പാതയിലോ നീങ്ങിയിട്ടില്ലാത്ത എന്‍ ആര്‍ ഐ മലയാളിക്ക് ഞങ്ങളെ എന്നും സ്‌നേഹിച്ചിട്ടുള്ള നല്ലൊരു ശതമാനം യു കെ മലയാളികളുടെ സ്വരമായി ചില കാര്യങ്ങള്‍ വളരെ വിഷമത്തോടെ ഇപ്പോള്‍ പറയേണ്ടി വരുകയാണ്.

സ്വാര്‍ഥതയുടെ സന്തതികളാവരുത് സംഘാടകര്‍.

വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ കേരളത്തിലെ വിപ്ലവ പ്രസ്ഥാനങ്ങള്‍ ചോരയാണ് ചിന്തിയതെങ്കില്‍ യു കെയിലെ ആദ്യ മലയാളി സംഘടനയായ യുക്മക്ക് വേണ്ടി ഒഴുക്കപ്പെട്ടത് ഒരുപിടി നല്ല മനുഷ്യരുടെ കണ്ണുനീരായിരുന്നു. ഒരു പതിറ്റാണ്ടിനു മുന്‍പ് ഇന്ഗ്ലണ്ടിലെത്തിയ മലയാളികള്‍ കുടിയേറ്റത്തിന്റ്‌റെ കഷ്ട്ടതകള്‍ അനുഭവിക്കുമ്പോഴും ഇല്ലാത്ത സമയം കണ്ടത്തി,എല്ലാ മലയാളികള്‍ക്കും സന്തോഷത്തോടെ ഒത്തുകൂടാന്‍ രൂപം കൊടുത്ത ഒരു സംഘടനയാണ് യുക്മ. 2007 ല്‍ ലിവര്‍പൂളിലെ ഓണാഘോഷ വേളയില്‍ ഉരുത്തിരിഞ്ഞ ആശയം ആണ് പിന്നീട് ലെസ്റ്ററിലെ മലയാളികളുടെ ഇടയിലെ പ്രിയങ്കരനായിരുന്ന ജോയി ചേട്ടന്റ്‌റെ ( ജോയ് ജേക്കബ് ,ചിറ്റാക്കര ഇപ്പോളദ്ദേഹം ഓസ്‌ട്രേലിയയില്‍ താമസിക്കുന്നു ) വീട്ടില്‍ യുക്മ എന്ന പേരില്‍ പിറവിയെടുത്തത് .പക്ഷെ ,അന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച ചിലരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ യുക്മയെ വളര്‍ച്ചയുടെ പടവുകള്‍ കയറുന്നതില്‍ നിന്നും വളരെയേറെ പിന്നോക്കം വലിച്ചു. മലയാളികളെ കബളിപ്പിച്ചും തമ്മിലടിപ്പിച്ചും കീശ വീര്‍പ്പീക്കാമെന്ന ചില സ്വാര്‍ത്ഥരുടെ ആഗ്രഹങ്ങള്‍ നടക്കാതെ വന്നപ്പോള്‍ വ്യക്തിഹത്യകള്‍ സ്ഥിരം സംഭവങ്ങളായി മാറി.പല നിഷ്‌ക്കളങ്കരുടെയും കണ്ണുനീര്‍ ഒഴുക്കി.പക്ഷെ അവസാനം യു കെ മലയാളികള്‍ സത്യങ്ങള്‍ മനസ്സിലാക്കി യുക്മയെ മെല്ലെ മെല്ലെ തങ്ങളുടെ നെഞ്ചോട് ചേര്‍ത്തു. സ്വാര്‍ത്ഥ താല്പ്പര്യക്കാരെ പടിയടച്ചു പിണ്ഡം വച്ചു.അങ്ങനെ പുറത്താക്കപ്പെട്ട ചിലരുടെ താല്‍പ്പര്യങ്ങള്‍ മൂലം ഉണ്ടായ അടുത്ത സംഘടനയാണ് ഫോബ്മ എന്ന സത്യം ഇന്നാട്ടിലെ ആളുകള്‍ക്ക് നന്നായി അറിയാം .എന്നിരുന്നാലും ഫോബ്മയെ ഏറ്റെടുക്കാനും പിന്തുണയ്ക്കാനും ഒരു വിഭാഗം യു കെ മലയാളികള്‍ തയാറായി .പക്ഷെ പിറവിയെടുത്തു ഒരു വര്‍ഷം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഫോബ്മയുടെ നേതാക്കള്‍ തന്നെ പരസ്പരം പോര്‍ വിളികള്‍ മുഴക്കി യു കെ യിലെ മലയാളികളെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തു എന്നതാണ് സത്യം. പണ്ട് യുക്മക്ക് വേണ്ടി ബലിയാടുകളാക്ക പ്പെട്ടവരുടെ കണ്ണുനീരും മനോവേദനയും അതിനു കാരണക്കാരായവരെ തിരിഞ്ഞു കൊത്തി എന്ന വിധി ഇവിടെ നിറവേറി.

എനിക്ക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്നവരെ ചരിത്രം പുശ്ചിച്ചു തള്ളും.

അധികാരം എന്നും ഒരു ലഹരിയാണ് ചിലര്‍ക്ക്.ആ ലഹരിയുടെ സുഖത്തില്‍ പലതും ചെയ്തുകൂട്ടും.ചിലതൊക്കെ നന്നായി വരും മറ്റു ചിലതൊക്കെ അവര്‍ പോലും പിന്നീട് ഓര്‍ക്കാന്‍ മടിക്കുന്ന അബധങ്ങളായി പരിണമിക്കും.ആ ലഹരി ഒരിക്കല്‍ ആസ്വദിച്ചു കഴിഞ്ഞാല്‍ സ്ഥാനം ഒഴിഞ്ഞാലും തങ്ങളുടെ പഴയ കസേരയില്‍ ഇരിക്കുന്നവരുടെ സമാധാനം കെടുത്താനുള്ള കുറുക്കു വഴികളും കുടില തന്ത്രങ്ങളും ഇത്തരക്കാര്‍ പയറ്റിക്കൊണ്ടേയിരിക്കും.അത്തരം ഏതാനും ചിലരുടെ അധികാര മോഹമാണ് ഈ രണ്ടു സംഘടനകളിലും ഇപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ട്ടിച്ചിരിക്കുന്നത് എന്ന് യു കെ യിലെ എല്ലാവര്‍ക്കും മനസ്സിലായിക്കഴിഞ്ഞിരിക്കുന്നു എന്ന കാര്യം ഇത്തരക്കാര്‍ ഓര്‍ത്താല്‍ നന്ന്.അല്ലെങ്കില്‍ ചരിത്രത്തിന്റ്‌റെ ചവറ്റുകൊട്ടയില്‍ കാലം ഇവരെ ഏറിയും എന്നതാണ് സത്യം.പണ്ട് ചെയ്ത നന്മ്മകള്‍ അല്ല ഇപ്പോള്‍ ചെയുന്ന കരിങ്കാലിത്തരങ്ങളുടെ കഥകളാവും വരും കാലങ്ങളില്‍ ഓര്‍മ്മിക്കപ്പെടുക.അനേകം വര്‍ഷങ്ങളിലൂടെ നിരവധി നന്മ്മകള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ചെയ്തിട്ടും ഒരൊറ്റ കോഴ ആരോപണം (അത് സത്യമോ അസത്യമോ ആവട്ടെ ) മൂലം ചരിത്രത്തില്‍ അപഹാസ്യനായി പോയ കെ എം മാണിയുടെ അവസ്ഥ ഓര്‍ത്താല്‍ നന്ന്.തങ്ങള്‍ ഭരിച്ചു തെളിയിച്ച പ്രസ്ഥാനത്തില്‍ മറ്റുള്ളവര്ക്കും അതിനായി അവസരം കൊടുക്കുക എന്നത് വ്യക്തി ശുദ്ധിയുടെ ലക്ഷണം കൂടിയാണ്. 

 

 

 

 

 

 

 

 

 

 

 

 

 

 

നേതൃത്വത്തെ അനുസരിക്കാത്ത ജനാധിപത്യം നിലനില്‍ക്കില്ല.

തങ്ങളുടെ ജനാധിപത്യ വിശ്വാസങ്ങളെ ഹനിക്കുന്ന നേതാക്കളെ അന്ഗീകരിക്കാന്‍ ആവുന്നില്ല എന്ന അലമുറയിട്ടാണ് വിമതര്‍ യുക്മയെയും ഫോബ്മയെയും പ്രതിസന്ധിയിലേക്ക് കൊണ്ടുപോകുന്നത്.യു കെ യിലെ ജനങ്ങള്‍ക്ക് ഇവരോട് ഒന്നേ ചോദിക്കാനുള്ളൂ.നിങ്ങളൊക്കെ കൂടിയല്ലേ ഈ നേത്രുത്വത്തില്‍ ഉള്ള വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞ് നാളുകള്‍ക്കു മുന്‍പില്‍ ഇവരെ തിരഞ്ഞെടുത്തത്.പ്രസിഡന്ട്ടിന്റ്‌റെ നേത്രുത്വത്തില്‍ എടുക്കുന്ന തീരുമാനങ്ങളെ മാനിക്കുമെന്ന് ഉറപ്പു നല്കിയത് . സംഘടനക്ക് ഉപകരിക്കുന്ന രീതിയില്‍ , തങ്ങളുടെ തീരു മാനങ്ങളും പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകുമെന്ന്, നേതൃത്വത്തിനു തോന്നുന്ന ആളുകളെ തിരഞ്ഞെടുക്കുന്നതില്‍ എവിടെയാണ് തെറ്റ് പറയാന്‍ കഴിയുക.തന്റ്‌റെ മന്ത്രിസഭയില്‍ ഏതൊക്കെ മന്ത്രിമാര്‍ വേണമെന്ന് തീരുമാനിക്കുവാനുള്ള അവകാശം മുഖ്യമന്ത്രിക്കോ പ്രധാന മന്ത്രിക്കോ ഉള്ളപോലെ മാത്രമേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ.തന്റ്‌റെ ഇഷ്ട്ടക്കാരെ ചേര്‍ത്തില്ല എന്ന് പറഞ്ഞു അവിടെയോ ഇവിടെയോ ഉള്ള ഏതാനും ചിലര്‍ കലാപം പ്രഖ്യാപിച്ചാല്‍ തകരേണ്ടതല്ല ഒരു പ്രസ്ഥാനവും.മറിച്ച് നേതൃത്വത്തിനു പ്രവര്‍ത്തിക്കാനുള്ള അവസരം കൊടുക്കുക.അവര്‍ കാര്യങ്ങള്‍ ചെയ്തു തുടങ്ങട്ടെ.തെറ്റുകള്‍ ഉണ്ടായാല്‍ ഒപ്പം കൂടെ നിന്ന് തിരുത്തി ശക്തിയായി മുന്‍പോട്ടു പോകുകയാണ് വേണ്ടത്.സംഘടനയെ സ്‌നേഹിക്കുന്ന ഏതൊരു ആളും ചെയേണ്ട സാമാന്യ മര്യാദ കളിലൊന്നു മാത്രമാണ് അത്. അതല്ലാതെ തങ്ങളുടെ ഒരു പിടി എപ്പോഴും അധികാരത്തില്‍ വേണമെന്ന് വാശിപിടിക്കുന്നവര്‍ ഇന്നലകളെ ഭയക്കുന്നവരാണ്.പണ്ടെങ്ങോ ചെയ്തു കൂട്ടിയ ചില കൊല്ലരുതായ്മ്മകള്‍ നാളെ വെളിച്ചത്തു വന്നാല്‍ അതിനൊരു തട എന്നവണ്ണം ഒരു പിടിവള്ളി ….അതാണോ ഇവരുടെ ഉദ്ദേശം എന്ന് ജനങ്ങള്‍ സംശയിച്ചാല്‍ തെറ്റില്ല.

അടിതെറ്റിയാല്‍ വീഴാത്ത ആനകളില്ല .പ്രഹരമേറ്റാല്‍ വിരൂപമാകാത്ത വിഗ്രഹങ്ങളില്ല.

 

മാനം മുട്ടെ വളര്‍ന്നു എന്ന കാരണത്താല്‍ ഒരു പ്രസ്ഥാനവും തകര്‍ച്ച ക്കതീതമല്ലെന്ന് തര്‍ക്കങ്ങള്‍ പൊതുസമൂഹ മദ്ധ്യേ വലിച്ചിഴച്ച് പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കുന്ന യുക്മയിലെ ശക്തരായ ആളുകള്‍ ഓര്‍ക്കുന്നത് നല്ലതാണ്.അംഗബലം കൂടുന്തോറും സംഘടനയുടെ ഉത്തര വാദിത്വങ്ങളും കൂടുകയാണ്‌ചെയുന്നത്.ആരുടെയൊക്കെയോ ചില സ്ഥാപിത താല്‍പ്പര്യങ്ങള്‍ സാധിച്ചെടുക്കാനായി പിന്നില്‍ നിന്ന് കളിക്കുന്നവരുടെ കൈകളിലെ കളിപ്പാവകളായി നേതൃനിരയില്‍ ഉള്ളവര്‍ മാറരുത്.ആര്‍ക്കോ വേണ്ടി ചുടുചാരം വാരുന്ന കുട്ടിക്കുരങ്ങന്‍മാരായി അധപ്പതിക്കരുത് .പൊതു സമൂഹത്തിനു മുന്നില്‍ വരാന്‍ പേടിക്കുന്ന ആരൊക്കെയോ യുക്മയിലെ പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ ശ്രമിക്കുന്നു എന്നോരാരോപണവും ഇതിനിടെ ഉയരുന്നു.അത്തരക്കാരെ ഒരുമിച്ചു നിന്ന് തുരത്തുക എന്നത് യുക്മയെ സ്‌നേഹിക്കുന്ന ഓരോരുത്തരുടെയും കടമയാണ്.കാരണം യുക്മയുടെ എല്ലാക്കാലത്തെയും നേതാക്കളെ ഈ നാട്ടിലെ മലയാളികള്‍ വിശ്വാസത്തോടെ സ്‌നേഹിക്കുന്നു .ഇപ്പോഴുണ്ടായ തര്‍ക്കങ്ങള്‍ ഈ വിശ്വാസം ഇല്ലാതാക്കാന്‍ പോരുന്നവയാണ്.സ്‌നേഹിച്ചു ബഹുമാനിച്ച വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെടാന്‍ ഇടയാക്കരുത്.അന്‍പത് വര്‍ഷങ്ങളോളം ഇന്ത്യയില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ച യുക്മയുടെ നേതൃനിരക്കും ഒരു പാഠമാകട്ടെ.വ്യക്തികളോ, അവരുടെ സ്വാര്‍ത്ഥ താല്പ്പര്യങ്ങളോ അല്ല പ്രധാനം മറിച്ച് ജനങ്ങള്‍ക്ക് നന്മ്മ ചെയുന്ന പ്രസ്ഥാനങ്ങള്‍ ആണ്.ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ ഒന്നോര്‍ത്താല്‍ നന്ന് .എത്ര ശക്തിയുള്ള മൂര്‍ത്തിയുടെ വിഗ്രഹവും ഒരിക്കല്‍ തകര്‍ക്കപ്പെട്ടാല്‍ അത് തകര്‍ച്ച തന്നെ . പിന്നീട് കൂട്ടിച്ചേര്‍ത്തു വച്ചാലും വൈരൂപ്യം വൈരൂപ്യമായി തന്നെ തുടരും.

മറ്റൊരു ‘മ’ സംഘടന കൂടി പിറവിയുടെ പാതയിലോ…?

ഇപ്പോള്‍ യു കെ യിലെ മലയാളികള്‍ അനുഭവിക്കുന്ന ഒരു സന്ദേഹമുണ്ട്.യുക്മയിലെയും ഫോബ്മയിലെയും അസന്തുഷ്ട്ടര്‍ ഒത്തുകൂടി നാളെ മറ്റൊരു കുടക്കീഴില്‍ അണി ചേര്‍ന്നേക്കാം എന്നൊരു ശ്രുതി പടര്‍ന്നു കഴിഞ്ഞു.അങ്ങനെ ഒരു ‘മ’ സംഘടന കൂടി ഇന്നാട്ടില്‍ പിറക്കാന്‍ സാഹചര്യം ഒരുങ്ങുന്നു എന്നതാണ് അണിയറ വാര്‍ത്തകള്‍.അങ്ങനെ വന്നാല്‍ ഇക്കാലമത്രെയും ഊട്ടി വളര്‍ത്തിയ എല്ലാ പ്രസ്ഥാനങ്ങളെയും തള്ളിപ്പറഞ്ഞു കൊണ്ട്,എല്ലാ സംഘടനകളെയും ഉപേക്ഷിച്ചു കൊണ്ട്, സ്വന്തം കാര്യം നോക്കി , കൂരക്ക് കീഴില്‍ തങ്ങള്‍ക്കു ഒതുങ്ങി കഴിയേണ്ട അവസ്ഥ വരുമോ എന്ന ആശങ്ക.കാരണം മനസ്സമാധാനമാണല്ലോ ഏറ്റവും പ്രധാനം. സാധാരണക്കാരായ അംഗങ്ങളുടെ സമാധാനം നഷ്ട്ടപ്പെടുത്തുന്ന പ്രസ്ഥാനങ്ങള്‍ക്ക് നില നില്ക്കാന്‍ യോഗ്യതയില്ല.അതേവരും ഓര്‍ക്കുന്നത് നന്ന്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.