
സ്വന്തം ലേഖകൻ: യുക്രൈനിലെ റഷ്യന്‍ അധിനിവേശം ബ്രിട്ടനുണ്ടാക്കിയ പ്രതിസന്ധി ചില്ലറയല്ല, പൊള്ളുന്ന ഇന്ധനവില വര്‍ധനയും ജീവിതച്ചെലവ് വര്‍ധനയും ജനത്തിന്റെ നടുവൊടിക്കുകയാണ്. സകല മേഖലയിലെയും വിലക്കയറ്റം ജനങ്ങളെ തൊല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഗ്യാസ് വില ഉയര്‍ന്ന് നില്‍ക്കുന്നത് മൂലം രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ജനം പാടുപെടുകയാണ്. യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യയുമായി ഏറ്റുമുട്ടലിന് നിന്നതാണ് ഇതിന് പ്രധാന കാരണം.
യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണത്തില്‍ സാരമായി ഇടപെടുന്ന റഷ്യ ഇപ്പോള്‍ ധാന്യ കയറ്റുമതിയിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. യുക്രൈനില്‍ നിന്നും വരേണ്ട ഭക്ഷ്യഉത്പന്നങ്ങള്‍ തടഞ്ഞുകൊണ്ടാണ് കുതിച്ചുയരുന്ന ഭക്ഷ്യവിലയിലേക്ക് ബ്രിട്ടനെ പുടിന്‍ നയിക്കുന്നത്. കരിങ്കടല്‍ വഴിയുള്ള സുപ്രധാന ഷിപ്പ് ഗതാഗതം അനുവദിക്കുന്ന സുപ്രധാന കരാറില്‍ പങ്കെടുക്കുന്നത് റഷ്യ സസ്‌പെന്‍ഡ് ചെയ്തതാണ് ഭക്ഷ്യപ്രതിസന്ധി ചൂടുപിടിക്കാന്‍ ഇടയാക്കുന്നത്.
ക്രിമിയയില്‍ തങ്ങളുടെ കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ അക്രമണം നടക്കുന്നുവെന്നാണ് റഷ്യ പരാതിപ്പെടുന്നത്. ധാന്യങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് യുക്രൈന്‍. റഷ്യയുടെ വാദങ്ങള്‍ വ്യാജമാണെന്ന് യുക്രൈന്‍ ആരോപിക്കുന്നു. രോഷം ജനിപ്പിക്കുന്ന നടപടിയെ പ്രസിഡന്റ് ബൈഡന്‍ അപലപിച്ചു. മോസ്‌കോ ഭക്ഷണത്തെ ആയുധമാക്കുകയാണ് ചെയ്യുന്നതെന്ന് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കെന്‍ വിമര്‍ശിച്ചു.
ധാന്യ കയറ്റുമതി തുടങ്ങാനായി ജൂലൈയില്‍ തീരുമാനിച്ച കരാര്‍ തുര്‍ക്കിയും, ഐക്യരാഷ്ട്ര സഭയും ഇടനില നിന്നാണ് നടപ്പാക്കിയത്. സംഘര്‍ഷത്തിന്റെ പേരില്‍ ആഗോള ഭക്ഷ്യ ക്ഷാമം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ഇത് സുപ്രധാനമാണ്. കരാറിന്റെ ബലത്തില്‍ 9 മില്ല്യണ്‍ ടണ്ണിലേറെ ധാന്യങ്ങള്‍ യുക്രൈന്‍ കയറ്റുമതി ചെയ്തു. നവംബര്‍ 19ന് കരാര്‍ പുതുക്കാന്‍ ഇരിക്കവെയാണ് പ്രതിസന്ധി.
യൂറോപ്പില്‍ ഗോതമ്പ് ഉത്പന്നങ്ങളുടെ വിലകള്‍ കുതിച്ചുയരുമ്പോഴാണ് പുതിയ തടസ്സം പ്രതിസന്ധി സൃഷ്ടിക്കുന്നത്. യുകെയില്‍ എല്ലാ ബ്രെഡ്, പാസ്ത ഉത്പന്നങ്ങള്‍ക്കും പണപ്പെരുപ്പത്തിന് അനുസരിച്ച് ഇരട്ട അക്കത്തിലേക്ക് വില ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല