
സ്വന്തം ലേഖകൻ: യുക്രൈനെ പ്രതിസന്ധിയിലാക്കി കൊണ്ട് അവരുടെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. 2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ യുക്രൈന്‍ സൈന്യവുമായി ഏറ്റമുട്ടി കൊണ്ടിരിക്കുന്ന ഡൊണെറ്റ്‌സ്‌കിനേയും ലുഹാന്‍സ്‌കിനേയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിച്ചത്. യുക്രൈന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ കനത്ത ആഘാതം സൃഷ്ടിക്കുന്നതാണ് ഈ നടപടി.
രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുതിന്‍ പ്രഖ്യാപനം നടത്തിയത്. യുക്രൈന്റെ കിഴക്കന്‍ മേഖലകളിലേക്ക് റഷ്യന്‍ സൈന്യത്തിന് വേഗത്തില്‍ പ്രവേശിക്കാന്‍ നടപടിയിലൂടെ കഴിയുമെന്നാണ് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ആശങ്കപ്പെടുന്നത്. ഈ ആശങ്കകള്‍ ശരിവെച്ചുകൊണ്ട് രണ്ടു പ്രദേശങ്ങളിലും സമാധാനം ഉറപ്പുവരുത്താന്‍ റഷ്യന്‍ സൈന്യത്തോട് പുതിന്‍ ഉത്തരവിട്ടു.
യുക്രൈന്‍ പരമാധികരത്തിന്‍മേല്‍ കടന്നുകയറി കൊണ്ട് അന്തരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി. റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്.
യുക്രൈന്‍ അതിര്‍ത്തിയില്‍ ഒന്നര ലക്ഷത്തോളം സൈനികരെ വിന്യസിച്ചുകൊണ്ട് റഷ്യ കടന്നുകയറ്റത്തിനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍. സ്വതന്ത്രമാക്കിയ ഡൊണെറ്റ്‌സ്‌കിലും ലുഹാന്‍സ്‌കിലും യുക്രൈന്‍ വിമതരുടെ സഹായത്തോടെ റഷ്യ സൈനിക നീക്കങ്ങള്‍ നടത്താനുള്ളഒരുക്കത്തിലാണെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അതിനിടെ യുക്രെയ്നിൽ യുദ്ധമൊഴിവാക്കാനും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ നയതന്ത്ര മധ്യസ്ഥത. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ കൂടിക്കാഴ്ച നടത്താനുള്ള നിർദേശമാണു മക്രോ മുന്നോട്ടു വച്ചത്. യുക്രെയ്നിൽ അധിനിവേശം നടത്തില്ലെന്ന് റഷ്യ ഉറപ്പുതരാമെങ്കിൽ ഉച്ചകോടിയാകാമെന്നു ബൈഡൻ പ്രതികരിച്ചു. എന്നാൽ, ഉച്ചകോടിയെക്കുറിച്ചു സംസാരിക്കാനുള്ള സമയമായിട്ടില്ലെന്ന് പുടിന്റെ വക്താവായ ദിമിത്രി പെസ്കോവ് പറഞ്ഞു. തങ്ങളുടെ പങ്കാളിത്തമില്ലാതെ ഉച്ചകോടി നടത്തരുതെന്ന് യുക്രെയ്ൻ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല