1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2022

സ്വന്തം ലേഖകൻ: യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു. കീവില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. പോളണ്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുന്ന കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ്ങാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്.

വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ പരിക്ക് ഗുരതരമല്ലെന്നാണ് റിപ്പോർട്ട്. യുക്രൈനിൽ നിന്ന് ആൾനാശം പരമാവധി കുറച്ച് ആളുകളെ തിരികെ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വികെ സിങ് പറഞ്ഞു.

കീവില്‍ നിന്ന് വന്ന ഒരു വിദ്യാര്‍ഥിക്ക് വെടിയേറ്റതായും ഇതിനേ തുടര്‍ന്ന് പാതിവഴിയില്‍വെച്ച് തിരികെ കൊണ്ടുപോയതായും തനിക്ക് വിവരം ലഭിച്ചെന്നാണ് മന്ത്രി വാർത്താ ഏജൻസിയോട് പറഞ്ഞത്. കുട്ടിയെ അതിർത്തിയിലെത്തിക്കാൻ ശ്രമം തുടരുകയാണ്. പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും മന്ത്രി വികെ സിങ് വ്യക്തമാക്കി.

“മൂന്ന് ദിവസത്തിനിടെ ഏഴു വിമാനങ്ങളിലായി 200 വീതം ആളുകൾ ഇന്ത്യയിലെത്തി. ചില വിദ്യാർഥികൾ വാഴ്സോയിൽ തന്നെ തുടരാനാണു തീരുമാനിച്ചത്. അവർ പോളണ്ടിൽ സുരക്ഷിതരാണ്” വി കെ സിങ് പറഞ്ഞു. റുമാനിയ, ഹഗറി എന്നീ രാജ്യങ്ങളിൽനിന്ന് 210 ഇന്ത്യക്കാരുമായി പുറപ്പെട്ട രണ്ട് സി–17 വിമാനങ്ങൾ ഇന്ത്യയിൽ ഇന്ന് തിരിച്ചെത്തി.

ഇന്നും നാളെയുമായി 7400 പേരെ കൂടി തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. റൊമേനിയ, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ വിദ്യാർഥികൾ ഉൾപ്പെടെയുള്ള സംഘത്തെ തിരികെ എത്തിക്കുന്നത്. നാല് മന്ത്രിമാരുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ രക്ഷാപ്രവർത്തനം. കേന്ദ്രമന്ത്രിമാരായ ഹർദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വികെ സിങ് എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി യുക്രൈനിന്‍റെ അതിർത്തി രാജ്യങ്ങളിലുള്ളത്.

അതേസമയം യുക്രൈയിനിൽ നിന്ന് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇതുവരെ രാജ്യത്തേക്കെത്തിയവരിൽ 652 മലയാളികളെ സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ കേരളത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ഇന്നലെ മാത്രം 295 പേരെയാണ് കേരളത്തിലേക്കു കൊണ്ടുവന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.