1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2022

സ്വന്തം ലേഖകൻ: യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ 170 പേര്‍ മറ്റ് രാജ്യങ്ങളില്‍ പഠനം തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ പഠനം തുടരാന്‍ അനുവദിക്കണമെന്ന 382 വിദ്യാര്‍ഥികളുടെ ആവശ്യം വിവിധ വിദേശ മെഡിക്കല്‍ കോളേജുകള്‍ നിരസിച്ചുവെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്നുള്ള 15,783 വിദ്യാര്‍ഥികളാണ് യുക്രൈനിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ പഠനം നടത്തിയിരുന്നത്. ഇതില്‍ 14,973 കുട്ടികള്‍ നിലവില്‍ ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ പഠനം തുടരുകയാണ്. 670 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുക്രൈനിലെ മെഡിക്കല്‍ കോളേജുകളില്‍ ഓഫ്‌ലൈന്‍ ആയി പഠനം തുടരുന്നു. മോശം പഠന നിലവാരം, ഫീസ് അടയ്ക്കുന്നതില്‍ മുടക്കം വരുത്തിയത്, സൗജന്യ സീറ്റുകളുടെ ലഭ്യത കുറവ് എന്നീ കാരണങ്ങളാലാണ് പഠനം തുടരാന്‍ അനുവദിക്കണമെന്ന 382 വിദ്യാര്‍ഥികളുടെ ആവശ്യം മറ്റ് രാജ്യങ്ങളിലെ മെഡിക്കല്‍ കോളേജുകള്‍ നിരസിച്ചതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യുദ്ധ ഇരകളുടെ പദവി നല്‍കണമെന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. മടങ്ങിയെത്തിയ വിദ്യാര്‍ഥികളാണ് ഈ ആവശ്യം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. ജനീവ ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് തങ്ങള്‍ അര്‍ഹരാണെന്നും വിദ്യാര്‍ഥികളുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളുടെ ഹര്‍ജികള്‍ അടുത്ത ആഴ്ച്ച പരിഗണിക്കാനായി ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മാറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.