
സ്വന്തം ലേഖകൻ: ലോകത്തിന്റെ ഗതിവിഗതികള്‍ തീരുമാനിക്കുന്ന നേതാക്കളുടെ പട്ടികയില്‍ വൊളോദിമിര്‍ സെലെന്‍സ്‌കി എന്ന യുക്രൈന്‍ പ്രസിഡന്റിന്റെ പേര് ഇതുവരെ ആരും ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാലിപ്പോള്‍, രണ്ടാംലോകയുദ്ധത്തിനുശേഷം ലോകംകണ്ട ഏറ്റവുംവലിയ അധിനിവേശത്തിനും കീഴടങ്ങാതെ മുന്നില്‍നിന്ന് നയിക്കുകയാണ് അദ്ദേഹം.
യുക്രൈന്‍ ടെലിവിഷനില്‍ ജനസേവകന്‍ എന്ന ആക്ഷേപഹാസ്യപരിപാടി അവതാരകനായി തിളങ്ങിനില്‍ക്കുമ്പോഴാണ് ഭരണനേതൃത്വത്തില്‍ ഒരു കൈനോക്കാനായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജൂതപശ്ചാത്തലമുള്ള, റഷ്യന്‍ ഭാഷ സംസാരിക്കുന്ന സെലെന്‍സ്‌കി മൂന്നുകൊല്ലംമുമ്പ് കിഴക്കന്‍ യുക്രൈനില്‍ സമാധാനം കൊണ്ടുവരുമെന്ന് ഉറപ്പുനല്‍കിക്കൊണ്ടാണ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്.
ഇതിന്റെ ആദ്യഘട്ടമായി നയതന്ത്രചര്‍ച്ചകളിലൂടെ റഷ്യയിലെ ജയിലുകളില്‍നിന്ന് കുറച്ച് യുക്രൈന്‍ യുദ്ധത്തടവുകാരെ മോചിപ്പിക്കാന്‍ അദ്ദേഹത്തിനായി. എന്നാല്‍, പുതിനുമായുള്ള നല്ലബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. യുക്രൈന്റെ സുരക്ഷയുറപ്പാക്കാന്‍ നാറ്റോയിലും യൂറോപ്യന്‍ യൂണിയനിലും അംഗമാക്കാനുള്ള സെലെന്‍സ്‌കിയുെട ശ്രമങ്ങള്‍ പുതിന്റെ അപ്രീതിക്ക് കാരണമായി.
അധിനിവേശം നടത്താനുള്ള റഷ്യന്‍പദ്ധതിയെക്കുറിച്ച് യു.എസ്. മുന്നറിയിപ്പുനല്‍കിയിട്ടും ഭയപ്പെടാനൊന്നുമില്ലെന്ന നിലപാടാണ് സെലെന്‍സ്‌കി സ്വീകരിച്ചത്. രാജ്യത്തെ ജനങ്ങളോട് പരിഭ്രാന്തിവേണ്ടെന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍ ആക്രമണത്തിനിടെ സൈനികസഹായത്തിനായി മുട്ടിയ വാതിലുകളെല്ലാം കൊട്ടിയടച്ചപ്പോഴും കീഴടങ്ങാനില്ലെന്ന് വ്യക്തമാക്കി ചെറുത്തുനില്‍ക്കുകയാണ് അദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല