1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2022

സ്വന്തം ലേഖകൻ: യുക്രൈനിലെ യുദ്ധത്തെത്തുടർന്ന് അവിടെനിന്ന് മടങ്ങിയെത്തിയ യുഎഇയിലെ മലയാളി മെഡിക്കൽ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായി. മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനം സാധ്യമല്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനാൽ ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികളും തങ്ങളുടെ പഠനം വഴിമുട്ടുമോ എന്ന ആശങ്കയിലാണ്.

ഇന്ത്യയെ അപേക്ഷിച്ച് താരതമ്യേന ഫീസ് നിരക്ക് വളരെക്കുറവാണെന്നതാണ് വിദ്യാർഥികൾ മെഡിക്കൽ പഠനം യുക്രൈനിൽ ആക്കാൻ കാരണം. യുക്രൈനിൽനിന്ന് ഓൺലൈൻ പഠനം നടക്കുന്നുവെങ്കിലും മെഡിക്കൽ വിദ്യാഭ്യാസം ഓൺലൈനിൽ വേണ്ടത്ര പ്രായോഗികമല്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. മടങ്ങിയെത്തി മാസങ്ങൾ പിന്നിടുമ്പോഴും തുടർപഠനം എവിടെയുമെത്തിയിട്ടില്ല.

നീറ്റ് അടക്കമുള്ള പ്രവേശനപരീക്ഷകൾ പൂർത്തിയാക്കിയാണ് വിദ്യാർഥികൾ യുക്രൈനിൽ മെഡിക്കൽ പഠനം തുടങ്ങിയത്. യുഎഇയിലെ ഭൂരിഭാഗം മലയാളിക്കുട്ടികൾക്കും രണ്ട് സെമസ്റ്റർ പൂർത്തിയാക്കുന്നതിനുമുമ്പുതന്നെ യുദ്ധം കാരണം മടങ്ങേണ്ടിവന്നു. മടങ്ങിയെത്തിയ വിദ്യാർഥികളിൽ പലരും യൂറോപ്പിൽ മെഡിക്കൽപഠനം തുടരാനും ശ്രമം തുടങ്ങിയിട്ടുണ്ട്.

യുക്രൈനിൽ ഒരുവർഷത്തിലേറെ പഠിച്ച കുട്ടികൾ യൂറോപ്യൻ രാജ്യങ്ങളിലേക്ക് മാറുമ്പോൾ വീണ്ടും ഒന്നാംവർഷം മുതൽ പഠനം തുടങ്ങേണ്ട സാഹചര്യമാണ്. യുക്രൈനിൽ രണ്ടുവർഷത്തോളം പഠിച്ച വിദ്യാർഥികളിൽ ചിലർ മറ്റുവിഷയങ്ങളിലേക്ക് മാറാനും തീരുമാനിച്ചുകഴിഞ്ഞു. യുക്രൈനിൽ അഞ്ചുവർഷത്തെ മെഡിക്കൽ പഠനത്തിന് ഏകദേശം 4800 യു.എസ്. ഡോളർ (നാലുലക്ഷത്തോളം രൂപ) ഫീസിനത്തിൽ മതിയാകും. ഇന്ത്യയിലാണെങ്കിൽ ഒന്നരക്കോടിയിലധികം രൂപ വേണം.

യുക്രൈനിലെ മറ്റുചെലവുകളടക്കം മൊത്തം 40 ലക്ഷം രൂപയുണ്ടെങ്കിൽ പഠനം പൂർത്തിയാക്കാമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. യുക്രൈനിലെ പ്രതികൂലസാഹചര്യം കാരണമാണ് കുട്ടികൾക്ക് തുടർപഠനം സാധ്യമാകാതെ വരുന്നത്. ദേശീയ മെഡിക്കൽ കമ്മിഷൻ നിലവിലെ നിയമം ഭേദഗതി ചെയ്തില്ലെങ്കിൽ കേരളത്തിലേക്ക് യുക്രൈനിൽനിന്ന്‌ മടങ്ങിയെത്തിയ അറുനൂറിലേറെ വിദ്യാർഥികളുടെ പഠനത്തെ അത് പ്രതികൂലമായി ബാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.