
സ്വന്തം ലേഖകൻ: യുക്രൈൻ പ്രതിസന്ധിയിൽ നിർണായക വഴിത്തിരിവായത് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് റഷ്യയുടെ മണ്ണിലിറങ്ങി പുടിനുമായി നടത്തിയ ചർച്ച. ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ജര്‍മന്‍ ചാന്‍സലര്‍ മോസ്കോയില്‍ വിമാനമിറങ്ങിയത്. ആദ്യമേ തന്നെ പുടിന്‍ ഭരണകൂടത്തിന്റെ നിർദേശം അനുസരിച്ച് ആര്‍ടിപിസിആര്‍ നടത്തണമെന്ന നിര്‍ദ്ദേശം അപ്പാടെ ഷോള്‍സ് നിരാകരിച്ചത് പുടിനു കിട്ടിയ ആദ്യ അടിയായി.
പിന്നീട് ഇരുവരും ഏകദേശം മൂന്നു മണിക്കൂര്‍ നീണ്ട സംഭാഷണത്തിന് ശേഷം പത്രസമ്മേളനവും നടത്തി. ഇന്നും ആറു മീറ്റര്‍ നീളമുള്ള മേശയ്ക്ക് ഇടയിലാണ് ഇരുവരും ഇരുന്നത്. ജര്‍മനിയുടെ, നാറ്റോയുടെ ഇയുവിന്റെ വ്യക്തിത്വത്തില്‍ ഉറച്ചു നിന്നുള്ള ചാന്‍സലര്‍ ഷോള്‍സിന്റെ മുന്നില്‍ പുടിനു പിടിച്ചു നില്‍ക്കാന്‍ കഴിയാതെ മുട്ടുമടക്കേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകൾ.
യുക്രെയ്ന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്നു ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സ് വ്യക്തമാക്കി. യുക്രെയ്ന്‍ അധിനിവേശവുമായി മുന്നോട്ടു പോയാല്‍ ഉപരോധം ഉണ്ടാകുമെന്നും, പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കുമേല്‍ നിരന്തരസമ്മര്‍ദം ചെലുത്തുമെന്നും ഷോള്‍സ് അടിവരയിട്ട് പറഞ്ഞു. തിങ്കളാഴ്ച ഷോള്‍സ് യുക്രെയ്നിലെത്തി പ്രസിഡന്റ് വോള്‍ഡിമിര്‍ സെലന്‍സ്കിയുമായി ചര്‍ച്ച നടത്തിയിരുന്നു.
അതിര്‍ത്തിയില്‍ നിന്ന് റഷ്യ സൈനികരെ പിന്‍വലിക്കുന്നതായി പുടിന്‍ അറിയിച്ചു. എന്നാല്‍ യുദ്ധത്തെ വ്യക്തമായി നിരസിക്കുന്നതില്‍ നിന്ന് പുടിന്‍ വിട്ടുനിന്നു. യുക്രെയ്ന്‍ പ്രതിസന്ധിയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള പോരാട്ടത്തില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വിജയിച്ചത് മഞ്ഞുരുകിയതിന്റെ തെളിവാണ്. സമീപ ഭാവിയില്‍ ലക്ഷക്കണക്കിന് സൈനികര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ഇയു വളരെ ഉത്കണ്ഠാകുലരാണ്. ഈ ട്രൂപ്പ് കോമ്പോസിഷനില്‍ ഒരു യുക്തിയും കാണാന്‍ കഴിയില്ല. അതിനാല്‍, തീവ്രത കുറയ്ക്കല്‍ അടിയന്തിരമായി ആവശ്യമാണ്. പിരിമുറുക്കവും പ്രയാസകരവുമായ ഈ സാഹചര്യത്തില്‍ യൂറോപ്പില്‍ ഒരു യുദ്ധവും ഉണ്ടാകാതിരിക്കാന്‍ ഇത് പ്രധാനമാണന്നാണ് ഷോള്‍ ആദ്യം പറഞ്ഞത്.
എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ്, ചില ഭാഗങ്ങളിലെ സൈനികര്‍ യുക്രെയ്നുമായുള്ള അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങി. കൂടുതല്‍ കാര്യങ്ങള്‍ ഉണ്ടാകാതെ സ്ഥിതിഗതികള്‍ വര്‍ധിപ്പിക്കുന്നത് അടിയന്തിരമായി തടയുക തന്നെ വേണമെന്ന് ഷോള്‍സ് നിര്‍ദ്ദേശിക്കുകയായിരുന്നു. മറുവശത്ത്, യൂറോപ്പില്‍ ഒരു യുദ്ധം ആവശ്യമില്ലെന്നും എന്നിരുന്നാലും യുക്രെയ്ന്‍ അതിര്‍ത്തിയില്‍ സൈന്യത്തെ വന്‍തോതില്‍ വിന്യസിച്ചതിന് പുടിന്‍ ന്യായമായ കാരണം നല്‍കിയില്ല എന്നതും ശ്രദ്ധേയമായി.
ഒരു യുദ്ധത്തെക്കുറിച്ചുള്ള വ്യക്തമായ തിരസ്കരണം ഉണ്ടായില്ല. പകരം, കിഴക്കന്‍ യുക്രെയ്ന്‍ ഡോണ്‍ബാസ് മേഖലയിലെ വംശഹത്യയെക്കുറിച്ചാണ് പുടിന്‍ സംസാരിച്ചത്. റഷ്യയുടെ കിഴക്കന്‍ യുക്രെയ്നിന്റെ അതിര്‍ത്തിയില്‍ ഒരു ലക്ഷത്തിലധികം സൈനികര്‍ നിലയുറപ്പിച്ചെന്നു മാത്രമല്ല റഷ്യന്‍ സൈന്യം തങ്ങളുടെ സഖ്യകക്ഷിയായ ബെലാറുസുമായി യുക്രെയ്നിന് വടക്കും രാജ്യത്തിന്റെ തെക്ക് കരിങ്കടലിലും അഭ്യാസങ്ങളും നടത്തിയിരുന്നു.
റഷ്യയുടെ അയല്‍രാജ്യങ്ങളെ നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) യില്‍ അംഗമാക്കരുതെന്നതാണ് പുടിന്റെ പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ നിയമപരമായ ഉറപ്പാണ് അദ്ദേഹത്തിനുവേണ്ടത്. 1990കളില്‍, 16 അംഗങ്ങള്‍ മാത്രമുണ്ടായിരുന്നപ്പോഴത്തെ നിലയിലേക്ക് നാറ്റോ സേനാവിന്യാസം ചുരുക്കണം. യുക്രെയ്നുമായും പഴയ സോവിയറ്റ് അംഗരാജ്യങ്ങളുമായുമുള്ള സൈനികസഹകരണം നിയന്ത്രിക്കണം തുടങ്ങിയവയാണ്. എന്നാല്‍, നാറ്റോ അംഗത്വകാര്യത്തില്‍ റഷ്യ ആവശ്യപ്പെടും പോലുള്ള ഉറപ്പുനല്‍കാന്‍ അമേരിക്കയും സഖ്യകക്ഷികളും തയാറല്ല.
സ്വതന്ത്രപരമാധികാര രാജ്യമായ യുക്രെയ്ൻ സ്വന്തംകാര്യം തീരുമാനിക്കുമെന്നാണ് അമേരിക്കയുടെയും നാറ്റോയുടെയും നിലപാട്. യുക്രെയ്ന് ആയുധവും പരിശീലനവും നല്‍കുന്നത് തുടരുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. നാറ്റോയില്‍ യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, എന്നിവയുള്‍പ്പെടെ 12 രാജ്യങ്ങള്‍ ചേര്‍ന്ന് 1949ല്‍ രൂപംകൊടുത്തതാണ് സൈനികസഖ്യം. ബെല്‍ജിയം, ഡെന്മാര്‍ക്ക്, ഇറ്റലി, ഐസ്ലന്‍ഡ്, ലക്സംബര്‍ഗ്, നെതര്‍ലന്‍ഡ്സ്, നോര്‍വേ, പോര്‍ച്ചുഗല്‍ എന്നിവയാണ് മറ്റ് സ്ഥാപകാംഗങ്ങള്‍. ജര്‍മനി 1955 ലാണ് നാറ്റോയില്‍ ചേരുന്നത്. നിലവില്‍ 30 അംഗങ്ങളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല