1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2022

സ്വന്തം ലേഖകൻ: നാല് യുക്രൈൻ പ്രദേശങ്ങൾ ഇന്ന് റഷ്യയോട് കൂട്ടിച്ചേർക്കും. ജനഹിത പരിശോധന നടന്ന പ്രദേശങ്ങളാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഔദ്യോഗികമായി രാജ്യത്തോട് കൂട്ടിച്ചേർത്തുകൊണ്ടുള്ള കരാറിൽ ഒപ്പുവയ്ക്കുന്നത്. യുക്രൈൻ ഭരണകൂടത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് ഔദ്യോഗിക നടപടിക്രമങ്ങൾ നടക്കുന്നത്.

കിഴക്കൻ യുക്രൈനിലെ ലുഹാൻസ്‌ക്, ഡോണെറ്റ്‌സ്‌ക്, ദക്ഷിണ പ്രദേശങ്ങളായ സാപൊറീഷ്യ, കേഴ്‌സോൺ എന്നിവയാണ് റഷ്യയോടൊപ്പം ചേരുന്നത്. യുക്രൈന്റെ 15 ശതമാനം വരുന്നതാണ് പ്രദേശങ്ങൾ. ഇവ റഷ്യയ്‌ക്കൊപ്പം ചേരുന്നതിനായി ജനഹിതം തേടി നടത്തിയ വോട്ടെടുപ്പിൽ ഭൂരിപക്ഷവും അനുകൂലമായാണ് അഭിപ്രായം രേഖപ്പെടുത്തിയതെന്ന് ക്രെംലിൻ വൃത്തങ്ങൾ അവകാശപ്പെടുന്നു. അഞ്ചു ദിവസം നീണ്ടുനിന്ന വോട്ടെടുപ്പിൽ വീടുകൾ കയറിയിറങ്ങിയാണ് സൈന്യം ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചത്.

മോസ്‌കോയിലെ റെഡ് സ്‌ക്വയറിൽ പ്രത്യേകം തയാറാക്കിയ വേദിയിലാണ് നാളെ പുടിൻ പ്രഖ്യാപനം നടത്തുക. പുടിന്റെ പ്രസംഗം അടക്കമുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്കുശേഷം വേദിയിൽ സംഗീത പരിപാടിയും നടക്കും.

അതേസമയം, വ്യാജ ജനഹിതപരിശോധനകളിൽ ഒരു അർത്ഥവുമില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലെൻസ്‌കി പ്രതികരിച്ചു. അത്തരം വോട്ടെടുപ്പുകൾ യാഥാർത്ഥ്യത്തെ മാറ്റില്ല. യുക്രൈന്റെ പ്രാദേശിക അഖണ്ഡത പുനഃസ്ഥാപിക്കും. ജനഹിത പരിശോധനയ്ക്ക് റഷ്യ അംഗീകാരം നൽകിയാൽ അതിനുള്ള മറുപടി കടുത്തതാകുമെന്നും സെലൻസ്‌കി മുന്നറിയിപ്പ് നൽകി.

യുക്രൈൻ യുദ്ധത്തിനുശേഷം നാലു പ്രദേശങ്ങളുടെയും വലിയൊരു ശതമാനം റഷ്യൻ നിയന്ത്രണത്തിലാണുള്ളത്. ഇതിൽ ലുഹാൻസ്‌ക് ഏകദേശം പൂർണമായും റഷ്യ കീഴടക്കിയിട്ടുണ്ട്. എന്നാൽ, ഡോണെറ്റ്‌സ്‌കിന്റെ 60 ശതമാനം മാത്രമാണ് പുടിന്റെ സൈന്യത്തിനു കീഴിലുള്ളത്. എന്നാൽ, ദക്ഷിണ യുക്രൈന്റെ തലസ്ഥാനമായ സാപൊറീഷ്യ ഇപ്പോഴും യുക്രൈൻ നിയന്ത്രണത്തിലാണ്. കേഴ്‌സോണിൽ റഷ്യയ്‌ക്കെതിരെ പ്രത്യാക്രമണവും നടക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.