
സ്വന്തം ലേഖകൻ: യുക്രൈനിൽ നിന്ന് കൂടുതൽ സൈനികരെ പിൻവലിച്ചെന്ന് റഷ്യ. യുക്രൈൻ അതിർത്തിയിൽ നിന്ന് കൂടുതൽ സൈനികരെ പിൻവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു. ക്രീമിയയിൽ നിന്നുള്ള സൈനികർ പിന്മാറുന്ന ദൃശ്യങ്ങളാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടത്. ക്രീമിയയിലെ സൈനിക അഭ്യാസം അവസാനിപ്പിച്ചെന്നും റഷ്യ അറിയിച്ചു. യുക്രൈൻ അതിർത്തിയിൽ നിന്ന് ഒരു വിഭാഗം റഷ്യൻ സേനകളെ പിൻവലിക്കാൻ പദ്ധതിയിട്ടതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് നേരത്തെ പറഞ്ഞിരുന്നു.
റഷ്യയ്ക്ക് ഉചിതമെന്ന് തോന്നുന്ന രീതിയിൽ രാജ്യത്തെ വിവിധയിടങ്ങളിൽ സൈന്യത്തെ വിന്യസിക്കുന്നത് തുടരും. സൈന്യത്തിന്റെ അഭ്യാസ പ്രകടനങ്ങൾ കഴിഞ്ഞു. അതുകൊണ്ട് തന്നെ അവർ ക്യാമ്പുകളിലേക്ക് മടങ്ങുകയാണ്. ഇത് നേരത്തെ ഞങ്ങൾ പറഞ്ഞിരുന്നു. ഇവിടെ പുതുതായി ഒന്നും നടക്കുന്നില്ലെന്നും ദിമിത്രി പെസ്‌കോവ് പറഞ്ഞു. റഷ്യയുടെ അധിനിവേശം തടയാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ തീവ്ര നയതന്ത്ര ശ്രമങ്ങൾക്കിടയിലാണ് റഷ്യയുടെ പുതിയ നീക്കം. എന്നാൽ യുക്രൈൻ ആക്രമിക്കാൻ പദ്ധതിയിടുന്നുവെന്ന ആരോപണങ്ങൾ വീണ്ടും നിരസിക്കുകയാണ് റഷ്യ.
ഇത് വെറും അപവാദ പ്രചരണം മാത്രമാണ്. സംഘർഷം വർധിപ്പിക്കുന്നതിന് പകരം റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തങ്ങളുടെ സുരക്ഷാ ആശങ്കകൾ ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നും ഇതാണ് പ്രസിഡന്റ് പുടിൻ നിർദേശിക്കുന്നതും ആഗ്രഹിക്കുന്നതെന്നും ദിമിത്രി പെസ്‌കോവ് കൂട്ടിച്ചേർത്തു. യുക്രൈൻ തലസ്ഥാനമായ കീവില്‍ നിന്ന് യുഎസും കാനഡയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ തങ്ങളുടെ എംബസികൾ മാറ്റാനുള്ള നീക്കത്തിനെയും പെസ്‌കോവ് വിമർശിച്ചു.
യുക്രൈനിനെതിരെ വലിയ ആക്രമണം നടത്തുന്നതിന് വേണ്ട എല്ലാ സൈനിക സന്നാഹങ്ങളും റഷ്യയ്ക്കുണ്ടെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ പറഞ്ഞിരുന്നു.മോസ്‌കോ അതിർത്തിയിൽ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചതിന് ശേഷം യുക്രൈനിനെതിരെ വലിയ ആക്രമണം നടത്താൻ റഷ്യയ്ക്ക് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. യുക്രൈനിൽ റഷ്യയുടെ അധിനിവേഷത്തിന് സാധ്യതയുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അവർ സുസജ്ജമാണെന്നായിരുന്നു ഫ്രാൻസ് വിദേശകാര്യ മന്ത്രിയുടെ മറുപടി.
യുക്രൈനിൽ റഷ്യ അധിനിവേഷം നടത്തിയാൽ മോസ്‌കോയിൽ വൻ പ്രതിരോധം തീർക്കുമെന്ന് യുറോപ്യൻ യൂണിയനും സഖ്യ കക്ഷികളും മുന്നറിയിപ്പു നൽകി. റഷ്യയുടെ യുക്രൈൻ അധിനിവേഷം അടുത്തെത്തിയിരിക്കുന്നുവെന്ന് അമേരിക്ക വ്യക്തമാക്കി. അത്തരം ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടാൽ യുറോപ്യൻ യൂണിയനും സഖ്യകക്ഷികളും റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. യുക്രൈനിൽ നിന്ന് കൂടുതൽ രാജ്യങ്ങൾ പൗരന്മാരെ തിരികെ വിളിക്കുകയാണ്. യുക്രൈൻ ആക്രമിക്കാൻ റഷ്യ തയ്യാറെടുക്കുന്നതിന്റെ തെളിവുകൾ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രംഗത്തെത്തിയിരുന്നു.
റഷ്യയുമായി അടിയന്തര ചർച്ച നടത്താൻ യുക്രൈൻ സർക്കാർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കാൻ ജർമനിയുടെ നേതൃത്വത്തിൽ തിരക്കിട്ട നീക്കങ്ങളും ആരംഭിച്ചു. ഇതിനിടെ റഷ്യൻ ഭീഷണി നിലനിൽക്കുന്നതിനാൽ റഷ്യക്കാർ തങ്ങളുടെ രാജ്യത്ത് കടക്കുന്നതിന് യുക്രൈൻ വിലക്ക് ഏർപ്പെടുത്തി.റഷ്യ ഏത് നിമിഷവും യുക്രൈൻ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന യുഎസ് മുന്നറിയിപ്പിനെ തുടർന്ന് യുക്രൈനിലേക്കുള്ള വിമാനങ്ങൾ മിക്കതും റദ്ദാക്കി.
യുക്രൈൻ ആക്രമിക്കാൻ റഷ്യ തയ്യാറെടുക്കുന്നതിന്റെ തെളിവുകൾ കാണുന്നുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കി. യുക്രൈനുമായി യുദ്ധത്തിനില്ലെന്ന് ആവർത്തിക്കുമ്പോഴും റഷ്യ സൈനിക സന്നാഹം വർധിപ്പിച്ചതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
അതിനിടെ, റഷ്യ- യുക്രൈൻ സംഘർഷ സാധ്യത നിലനിൽക്കുന്നു എന്ന വാദത്തിലുറച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ട് വന്നിരുന്നു. റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ശ്രമിക്കുന്നില്ല. എന്നാൽ യുക്രൈനേയോ യുക്രൈനിലെ അമേരിക്കൻ പൗരൻമാരേയോ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ജോ ബൈഡൻ പറഞ്ഞു. എന്നാൽ റഷ്യയിലെ ജനങ്ങളുമായി ശത്രുതയില്ലെന്നും അവരെ ഉന്നമിട്ടിട്ടില്ലെന്നും റഷ്യയെ അസ്ഥിരപ്പെടുത്താൻ അമേരിക്കയ്ക്ക് പദ്ധതിയില്ലെന്നും ബൈഡൻ പറഞ്ഞു. അമേരിക്കക്കോ നാറ്റോ രാജ്യങ്ങൾക്കോ യുക്രൈനിൽ മിസൈലുകളില്ല. മിസൈലുകൾ അയക്കാനും പദ്ധതിയില്ല.
യുക്രൈയ്ൻ അതിർത്തിയിൽ നിന്ന് റഷ്യ ചില സൈന്യത്തെ പിൻവലിച്ചുവെന്ന റിപ്പോർട്ടുകൾ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധത്തിന്റെ വക്കിൽ നിന്ന് പിന്മാറണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ റഷ്യയോട് അഭ്യർത്ഥിച്ചിരുന്നു. എന്ത് സംഭവിച്ചാലും അമേരിക്കയും നാറ്റോ സഖ്യകക്ഷികളും തയ്യാറാണെന്നും ബൈഡൻ പറഞ്ഞു. എന്നാൽ യുക്രൈനുമായുള്ള സംഘർഷം പരിഹരിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ പറഞ്ഞു. റഷ്യയുടെ ആവശ്യങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും പുടിൻ വ്യക്തമാക്കി.
യുക്രൈൻ-റഷ്യ സംഘർഷത്തിൽ ജർമനിയുടെ സമവായനീക്കങ്ങൾ പുരോഗമിക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനുമായി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തി. യുദ്ധമില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന റഷ്യൻ നിലപാടിനെ ഷോൾസ് പിന്തുണച്ചു. നയതന്ത്ര സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ അടക്കമുള്ള കിഴക്കൻ യൂറോപിലെ രാജ്യങ്ങളെ നാറ്റോ സൈനിക സഖ്യത്തിൽ ചേർക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് അമേരിക്ക ഉടൻ പിൻവാങ്ങണമെന്ന് റഷ്യൻ പ്രസിഡന്റ് അറിയിച്ചു.
അതേസമയം, യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യക്കാർ തിരിച്ച് വരാൻ ആഗ്രഹിക്കുകയാണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ട്. വ്യോമയാന മന്ത്രാലയം എയർലൈൻ കമ്പനികൾ എന്നിവയുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തിയിരിക്കുകയാണ്.നിരവധി ഇന്ത്യൻ വിദ്യാർഥികൾ യുക്രൈനിലുണ്ട്. ഇവരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാനായി വിദേശകാര്യ മന്ത്രാലയത്തിൽ കൺട്രോൾ റൂം തുറക്കും. ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉടൻ പരസ്യപ്പെടുത്തും. വിദ്യാർഥികളല്ലാത്ത രണ്ടായിരത്തോളം ഇന്ത്യക്കാരും യുക്രൈനിലുണ്ട്. ഇതിൽ ധാരാളം മലയാളികൾ ഉണ്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ എംബസി ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി വി. മുരളീധരൻ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല