
സ്വന്തം ലേഖകൻ: രക്ഷാപ്രവർത്തനത്തിന് രണ്ട് നഗരങ്ങളിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാൻ ഇടനാഴികൾ തയാറാക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരിയുപോൾ, വൊൾനോവാഹ എന്നിവിടങ്ങളിലൂടെയാണ് ഒഴിപ്പിക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.50 മുതലാണ് വെടിനിർത്തൽ. ആറു മണിക്കൂർ സമയമാണ് വെടിനിർത്തലെന്നാണ് സൂചന.
രക്ഷാപ്രവർത്തനത്തിനായി മോസ്കോയും കീവും വെടിനിർത്താൻ തീരുമാനിച്ചിരിക്കുകയാണെന്ന് മരിയുപോൾ മേയർ അറിയിച്ചു. തുറമുഖ നഗരമായ മരിയുപോൾ വളഞ്ഞ റഷ്യൻ സൈന്യം രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. വൈദ്യുതി, വെള്ളം, ഭക്ഷണം തുടങ്ങിയവയുടെ വിതരണം നിലച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്തെ സമാനമായ നടപടിയാണ് റഷ്യയുടേതെന്ന് ആരോപണമുയർന്നു.
നഗരത്തിൽ കുടുങ്ങിയവരെ മാനുഷിക പരിഗണന നൽകി പുറത്തെത്തിക്കണമെന്ന് മേയർ വഡിം ബോയ്ഷെങ്കോ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വെടിനിർത്തുന്നതിനും ആളുകൾ നഗരം വിടാനും ആഹ്വാനമുണ്ടായത്. അതേസമയം യുക്രൈയ്നിലെ ബാക്കി നഗരങ്ങളിൽ പോരാട്ടം തുടരുകയാണ്. റഷ്യ-യുക്രൈയ്ൻ മൂന്നാംവട്ട സമാധാന ചർച്ച ഇന്ന് നടക്കും. യുക്രൈയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി യുഎസ് സെനറ്റിനെ ഇന്ന് അഭിസംബോധന ചെയ്ത് സംസാരിക്കുന്നുമുണ്ട്.
സൂമിയില്‍ നിന്ന് സ്വന്തം നിലയില്‍ യാത്ര തിരിക്കരുതെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പു നല്‍കി. വിദ്യാര്‍ഥികള്‍ക്ക് ബസ് സൗകര്യം ഒരുക്കും. സൂമിയിലെ സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍മാരുമായി അധികൃതര്‍ ആശയവിനിമയം നടത്തിവരികയാണ്. ഹാർകീവിന് സമീപമുള്ള പെസോച്ചിനിലും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. 298 വിദ്യാർഥികളെ ഇവിടെ നിന്നും മാറ്റും. മലയാളി വിദ്യാർഥികൾ ഏറെയുള്ള സ്ഥലമാണ് പെസോച്ചിൻ. ഇവരെ പോളണ്ട് അതിർത്തിയിലെത്തിക്കും.
ഇന്ത്യക്കാരുൾപ്പെടെ നിരവധി രാജ്യങ്ങളിലെ ആൾക്കാർ യുക്രൈയ്നിൽ കുടുങ്ങിക്കിടക്കുകയാണ്. ബങ്കറുകളിൽ കഴിയുന്ന പലരും ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് കഴിയുന്നത്. ആക്രമണത്തിൽ ജലവിതരണവും ഭക്ഷണ വിതരണവും പൂർണമായും നിലച്ചു. ഇന്ത്യൻ വിദ്യാർഥികളെ ഉൾപ്പെടെ യുക്രൈയ്ൻ ബന്ധികളാക്കി എന്ന് റഷ്യ ആരോപിച്ചിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല