
സ്വന്തം ലേഖകൻ: യുക്രൈനില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം റുമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 1.45 ഓടെയാണ് ബുക്കാറെസ്റ്റ് വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്. രാത്രി ഒമ്പതരയോടെ വിമാനം മുംബൈയിലെത്തും.
219 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇതില്‍ 19 മലയാളികളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ ഏകദേശം 16000ത്തോളം ഇന്ത്യക്കാര്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍. ഇതില്‍ 2300ഓളം പേര്‍ മലയാളികളാണെന്നാണ് വിവരം.
പ്രധാനമായും റുമാനിയ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ രക്ഷാ ദൗത്യം പുരോഗമിക്കുന്നത്. ആദ്യഘട്ടത്തില്‍ രണ്ട് വിമാനങ്ങളാണ് റുമാനിയയിലേക്ക് എത്തിയത്. ഹംഗറിയിലെ ബുഡാപെസിലേക്ക് ഒരു എയര്‍ ഇന്ത്യ വിമാനം വൈകാതെ പുറപ്പെടും. കഴിയുന്നത്ര വേഗത്തില്‍ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള നീക്കമാണ് വിദേശകാര്യ മന്ത്രാലയം നടത്തുന്നത്. രക്ഷാദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ സജ്ജമാക്കാന്‍ രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ വിമാന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുക്രൈന്റെ കിഴക്കന്‍ മേഖലയിലാണ് യുദ്ധം കൂടുതല്‍ ശക്തം. പടിഞ്ഞാറന്‍ മേഖലകളില്‍ വലിയ യുദ്ധത്തിന്റെ സാഹചര്യമില്ല. അതിനാല്‍ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ളവരെ ആദ്യം ഒഴിപ്പിക്കുന്നതിനാണ് വിദേശകാര്യ മന്ത്രാലയം മുന്‍ഗണന നല്‍കുന്നത്.
യുക്രൈനില്‍ കുടുങ്ങിയ പൗരന്‍മാരെ തിരിച്ചുകൊണ്ടുവരാന്‍ മറ്റു രാജ്യങ്ങളും പ്രധാനമായും ഹംഗറി, പോളണ്ട്, റുമാനിയ എന്നീ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ ഈ രാജ്യങ്ങളിലെ വ്യോമഗതാഗത മേഖലയില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയുടെ രക്ഷാദൗത്യം പൂര്‍ത്തിയാകാനും കൂടുതല്‍ സമയമെടുത്തേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല