1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2022

സ്വന്തം ലേഖകൻ: യുക്രൈയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ഒഴിപ്പിക്കാന്‍ ശ്രമം. ഇരുരാജ്യങ്ങളിലേയും അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള ശ്രമം ആരംഭിച്ചതായി ബുഡാപെസ്റ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഹംഗേറിയന്‍ അതിര്‍ത്തിയായ ചോപ്പ്-സഹോനി, റൊമേനിയന്‍ അതിര്‍ത്തിയായ പൊറുബെന്‍-സീറെറ്റ് എന്നീ ചെക്ക്‌പോയന്റുകള്‍ വഴി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനാണ് നീക്കം.

ആദ്യ ഘട്ടത്തില്‍ പ്രധാനമായും ഈ അതിര്‍ത്തികള്‍ക്ക് സമീപമുള്ള വിദ്യാര്‍ഥികളെയാണ് ഒഴിപ്പിക്കുക. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കാനും എംബസി നിര്‍ദേശം നല്‍കി. അതിര്‍ത്തിയിലേക്ക് വരുന്ന ഇന്ത്യക്കാര്‍ അവശ്യ ചിലവുകള്‍ക്കുള്ള പണം (യുഎസ് ഡോളര്‍), പാസ്‌പോര്‍ട്ട്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ കൈയില്‍ കരുതണം.

ഒഴിപ്പിക്കല്‍ നടപടി പ്രവര്‍ത്തനക്ഷമമായാല്‍ ഇന്ത്യക്കാര്‍ സ്വന്തം നിലയില്‍ ഗതാഗത സംവിധാനം ഒരുക്കി അതിര്‍ത്തികളിലേക്ക് എത്തണം. യാത്ര ചെയ്യുന്ന വാഹനത്തില്‍ ഇന്ത്യന്‍ പതാക പതിക്കണമെന്നും എംബസി നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ കോണ്‍ട്രാക്ടര്‍മാരെ ആവശ്യങ്ങള്‍ക്ക് സമീപിക്കണം. യാത്ര സുഗമമാക്കാന്‍ അതാത് ചെക്ക്പോസ്റ്റുകളില്‍ സജ്ജീകരിച്ചിട്ടുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകളുമായി ബന്ധപ്പെടണമെന്നും സഹായം ആവശ്യമുള്ളവര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കണമെന്നും എംബസി നിര്‍ദേശിച്ചു.

വിദ്യാര്‍ഥികള്‍ അടക്കം 16000ത്തോളം ഇന്ത്യക്കാര്‍ നിലവില്‍ യുക്രൈയ്നില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. റഷ്യന്‍ സേന അക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റുമായി ടെലിഫോണില്‍ സംസാരിച്ച് ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആശങ്ക അറിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.