
സ്വന്തം ലേഖകൻ: റഷ്യൻ അധിനിവേശം ചെറുക്കാൻ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നേരിട്ടുള്ള സഹായം കിട്ടാതെ ഒറ്റപ്പെട്ടെങ്കിലും യുക്രൈയ്ൻ ചെറുത്തുനിൽക്കുന്നു. തലസ്ഥാനമായ കീവിൽ റഷ്യൻസേന കനത്ത പോരാട്ടം തുടരവെ അടിയറവ് പറയില്ലെന്ന് യുക്രൈയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ‘ഞാൻ ഇവിടെയുണ്ട്. ഞങ്ങൾ ആയുധങ്ങളൊന്നും താഴെ വയ്ക്കില്ല. ഞങ്ങൾ രാജ്യത്തെ സംരക്ഷിക്കും’– സെലെൻസ്കിയുടെ പുതിയ വിഡിയോ സന്ദേശത്തിൽ പറയുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിൽനിന്ന് ചിത്രീകരിച്ചതാണ് പുതിയ വിഡിയോ.
കീഴടങ്ങാൻ നിർദേശിച്ചുവെന്നത് വ്യാജ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. ‘സൈന്യത്തോട് ആയുധം വച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടുവെന്ന് ഇന്റർനെറ്റിൽ ധാരാളം വ്യാജ വാർത്തകൾ പ്രത്യക്ഷപ്പെട്ടു. ഇതാണ് നമ്മുടെ ഭൂമി, നമ്മുടെ രാജ്യം, നമ്മുടെ കുട്ടികൾ, ഇതെല്ലാം ഞങ്ങൾ സംരക്ഷിക്കും എന്നതാണ് സത്യം. ഇതാണ് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിച്ചത്’– അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്നലെ കീവിലെത്തിയ റഷ്യൻ സേന കനത്ത പോരാട്ടം തുടരുകയാണ്. പ്രധാന കവാടത്തിലെ സൈനിക കേന്ദ്രം ആക്രമിച്ചു. കീവിലെ തെരുവുകൾ തകർന്നു. വൈദ്യുതി നിലയത്തിന് സമീപവും തുടരെ സ്ഫോടനങ്ങൾ ഉണ്ടായി. പെട്രോൾ ബോംബുകളുമായി (മൊലട്ടോവ് കോക്‌ടെയ്ൽ) റഷ്യൻ സൈന്യത്തെ ചെറുക്കാൻ ജനങ്ങളോട് പ്രസിഡന്റ് വൊളിഡിമിർ സെലെൻസ്കി ആഹ്വാനം ചെയ്തു.
18,000 തോക്കുകൾ പൗരന്മാർക്കു കൈമാറിയിട്ടുണ്ട്. യുക്രൈയ്ൻ സൈന്യത്തിനു കൈമാറാനുള്ള യുഎസിന്റെ ജാവലിൻ ടാങ്ക് വേധ മിസൈലുകൾ എസ്തോണിയയിൽനിന്നു പുറപ്പെട്ടു. കീവിനു സമീപമുള്ള തന്ത്രപ്രധാനമായ ഹോട്ടമിൽ വ്യോമത്താവളം റഷ്യ പിടിച്ചു. 200 റഷ്യൻ ഹെലികോപ്റ്ററുകൾ താവളത്തിൽ ഇറങ്ങി. ഇവിടെ 200 യുക്രൈയ്ൻ സൈനികരെ വധിച്ചതായും റഷ്യ അവകാശപ്പെട്ടു. യുക്രൈയ്ൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല
അതിനിടെ യുക്രൈയ്‌നിലെ റഷ്യൻ അധിനിവേശത്തിനെതിരെ യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണയ്ക്കാത്തതിൽ വിശദീകരണവുമായി ഇന്ത്യ. യുക്രൈയ്നിൽനിന്ന് സൈനിക പിൻമാറ്റം ആവശ്യപ്പെടുന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് രാജ്യാന്തര വേദികളിൽ ചർച്ചയായിരുന്നു. യുഎൻ രക്ഷാസമിതിയിൽ യുഎസും അൽബേനിയയും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്.
യുഎൻ രക്ഷാസമിതിയിലെ പ്രമേയത്തിനെതിരെ ഇന്ത്യ നിലപാടെടുക്കുന്നതായി പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ പറഞ്ഞിരുന്നു. യുഎസും യൂറോപ്യൻ യൂണിയനും റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിൽ പങ്കുചേരാൻ ഇന്ത്യയ്ക്ക് ശക്തമായ സമ്മർദം നിലവിൽ ഉണ്ട്. ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിൽ നിലനിൽക്കുന്ന മികച്ച നയതന്ത്ര ബന്ധവും ആയുധക്കരാറുകളും യുഎന്നിലെ ഇന്ത്യൻ തീരുമാനത്തിനു പിന്നിലുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
യുക്രൈയ്നിലെ മലയാളികൾക്ക് ആവശ്യമായ സഹായം അറിയിക്കാൻ നോർക്ക റൂട്സ് ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. http://ukrainregistration.norkaroots.org/ വെബ് പേജിലൂടെ പേര്, പാസ്പോർട്ട് നമ്പർ, യുക്രൈയ്നിലെ മൊബൈൽ നമ്പർ, ഇമെയിൽ, വിലാസം, സ്ഥാപനം, നാട്ടിലെ വിലാസം തുടങ്ങിയ വിവരങ്ങളാണു നൽകേണ്ടത്. നോർക്ക ഇവ വിദേശകാര്യ മന്ത്രാലയത്തിനും യുക്രൈയ്നിലെ ഇന്ത്യൻ എംബസിക്കും കൈമാറും.
യുക്രൈയ്നിലെ 152 മലയാളി വിദ്യാർഥികൾക്കു മാത്രമാണു നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ളത്. എന്നാൽ, 2300 മലയാളി വിദ്യാർഥികളെങ്കിലും അവിടെയുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതുവരെ 27 സർവകലാശാലകളിൽ നിന്നായി 1132 വിദ്യാർഥികൾ നോർക്കയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും യുക്രൈയ്നിലെ ഇന്ത്യൻ എംബസിക്കും കൈമാറി.
നാട്ടിലെ ബന്ധുക്കൾക്കും വിവരങ്ങൾ കൈമാറാം.
ടോൾഫ്രീ നമ്പർ: 1800 425 3939
ഇമെയിൽ: ceo.norka@kerala.gov.in
വിദേശത്തു നിന്നു മിസ്ഡ് കോൾ സേവനം: 0091 880 20 12345
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല