1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2022

സ്വന്തം ലേഖകൻ: യുക്രൈയ്‌നിലെ മൂന്നാമത്തെ വലിയ നഗരമായ ഒഡേസ ലക്ഷ്യമാക്കി ക്രൈമിയയ്ക്കു സമീപം കരിങ്കടലിൽ റഷ്യയുടെ കപ്പൽവ്യൂഹം പടയൊരുക്കം നടത്തുന്നതായി റിപ്പോർട്ട്. സൈനികരെ ഒഡേസയിൽ ആക്രമണത്തിനെത്തിക്കുന്നതിനായി റഷ്യൻ യുദ്ധക്കപ്പലുകൾ കാത്തുകിടക്കുന്നതായി യുക്രൈയ്ൻ സൈന്യം പറഞ്ഞു. ദക്ഷിണ യുക്രൈയ്നിലെ പ്രധാന നഗരമായ ഖേഴ്സൻ പിടിച്ചതോടെ തലസ്ഥാനനഗരമായ കീവും കരിങ്കടലുമായുള്ള ബന്ധം വിഛേദിച്ച റഷ്യയ്ക്ക് ഒഡേസ പിടിച്ചെടുക്കുക എളുപ്പമായിരിക്കും. ഇതുവഴി 2 ദിവസത്തിനുള്ളിൽ യുക്രൈയ്നിന്റെ കരിങ്കടൽ തീരമാകെ നിയന്ത്രണത്തിലാകുമെന്നാണ് റഷ്യയുടെ പ്രതീക്ഷ.

അതേസമയം, എന്തു സംഭവിച്ചാലും ലക്ഷ്യം കാണാതെ പിന്മാറില്ലെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞതായി അദ്ദേഹവുമായുള്ള ഫോൺ സംഭാഷണത്തിനു ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വെളിപ്പെടുത്തി. യുക്രൈയ്ന്റെ നിരായുധീകരണമാണ് ലക്ഷ്യമെന്നും പുടിൻ–മക്രോ ചർച്ചയുടെ റിപ്പോർട്ടിൽ പറയുന്നു. യുക്രൈയ്‌‍നിലെ റഷ്യയുടെ ‘പ്രത്യേക സൈനികനടപടി’ ലക്ഷ്യമിട്ടതുപോലെ തന്നെ മുന്നേറുന്നുണ്ടെന്നും കീവിൽ റഷ്യ ബോംബാക്രമണം നടത്തുകയാണെന്നതു റഷ്യവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാണെന്നും പുട്ടിൻ ആരോപിച്ചു. ചർച്ച വൈകുന്നതനുസരിച്ച് റഷ്യയുടെ ആവശ്യങ്ങളും വർധിക്കുമെന്നും പുട്ടിൻ മുന്നറിയിപ്പു നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ യുക്രൈയ്നിൽ കയറി ആക്രമണം തുടങ്ങി ഒരാഴ്ച പിന്നിട്ടെങ്കിലും വ്യാഴാഴ്ച വൈകിട്ടുവരെ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ റഷ്യൻ സൈന്യത്തിന് കഴിഞ്ഞിട്ടില്ല. തങ്ങളുടെ സൈന്യത്തിന്റെ കടുത്ത ചെറുത്തുനിൽപ്പാണ് കാരണമെന്നാണ് യുക്രൈയ്ൻ അവകാശപ്പെടുന്നത്. എന്നാൽ കൂടുതൽ അപകടകരം എന്നു വിശേഷിപ്പിക്കേണ്ട മറ്റൊന്നാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ജനങ്ങളോട് ആയുധമെടുത്ത് പോരാടാനാണ് യുക്രൈയ്ൻ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. സൈനികരെയും സാധാരണക്കാരെയും തിരിച്ചറിയാൻ കഴിയാതെ വന്നാൽ ശത്രു കാടടച്ച് വെടിവച്ചെന്ന് വരും. ഇത് വളരെയധികം സിവിലിയൻ മരണങ്ങൾക്ക് വഴിതെളിക്കും. ഇക്കാര്യം റഷ്യയുടെ നീക്കങ്ങളെ സ്വാധീനിക്കുന്നുണ്ട്.

ഒരാഴ്ചത്തെ പോരാട്ടത്തിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. യുക്രൈയ്ൻ സൈന്യം ഒരു പരമ്പരാഗത ഫീൽഡ് ആർമി ചെയ്യുന്നതു പോലെയല്ല, മറിച്ച് ഏതാണ്ട് ഗറില്ലകളെ പോലെയാണ് പൊരുതുന്നത്. എല്ലാ സൈനിക നീക്കങ്ങളിലും എന്നപോലെ താരതമ്യേന ജനവാസം കുറഞ്ഞ പ്രദേശങ്ങളിലുടെയാണ് റഷ്യൻ സൈന്യം ആക്രമിച്ചെത്തിയതെങ്കിലും അവരെ അവിടെയൊന്നും വച്ചല്ല യുക്രൈയ്ൻ സൈന്യം ചെറുത്തത്.

പകരം നഗരങ്ങൾക്ക് തൊട്ടു പുറത്തുവച്ചാണ്. നഗരങ്ങൾ തകരാനുള്ള പ്രധാനകാരണവും അതാണ്. ആയുധശക്തിയിലും സൈനികബലത്തിലും മുൻതൂക്കമുള്ള റഷ്യൻ സൈന്യത്തോട് പരമ്പരാഗതശൈലിയിലുള്ള കരയുദ്ധത്തിൽ പിടിച്ചുനിൽക്കാനാവില്ലെന്ന ബോധ്യം കാരണമാവാം യുക്രൈയ്ൻ സൈന്യം ഈ പോരാട്ടമുറ തിരഞ്ഞെടുത്തത്. ‌

അതിനിടെ യുക്രൈനിലെ സപോര്‍ഷിയ ആണവ നിലയത്തിന് നേര്‍ക്ക്‌ റഷ്യന്‍ ആക്രമണം. ഇതേ തുടര്‍ന്ന് ആണവ നിലയത്തില്‍ തീപ്പിടിത്തമുണ്ടായതായി അധികൃതര്‍ അറിയിച്ചു. റഷ്യന്‍ സൈന്യത്തിന്റെ വെടിവെപ്പ് തുടരുന്നതിനാല്‍ അഗ്നിശമന സേനയ്ക്ക് തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് യുക്രൈന്‍ അധികൃതര്‍ പറയുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണിത്‌.

റഷ്യന്‍ സേന എല്ലാ ഭാഗത്ത് നിന്നും വെടിയുതിര്‍ക്കുകയാണെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. ‘ആണവനിലയം പൊട്ടിത്തെറിച്ചാല്‍, ചെര്‍ണോബിലിനേക്കാള്‍ പത്ത് മടങ്ങ് വലുതായിരിക്കും’ യുക്രൈന്‍ വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു. 36 വര്‍ഷം മുമ്പുണ്ടായ ചെര്‍ണോബില്‍ ആണവ ദുരന്തത്തെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

റഷ്യ അടിയന്തരമായി വെടിവെപ്പ് നിര്‍ത്തിവെക്കണം. അഗ്നിശമനസേനയെ തീ അണയ്ക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി സംസാരിച്ചു. അന്താരാഷ്ട്ര ആണവ ഏജന്‍സിയും യുഎസ് സുരക്ഷാവൃത്തങ്ങളും സെപോസിയ ആണവ പ്ലാന്റ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതേ സമയം പ്ലാന്റിലെ റേഡിയേഷന്‍ നിലയില്‍ നിലവില്‍ മാറ്റം ഉണ്ടായിട്ടില്ലെന്നും സുരക്ഷിതമാണെന്നും യുക്രൈന്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.