
സ്വന്തം ലേഖകൻ: റഷ്യ- യുക്രൈയ്ന്‍ രണ്ടാംവട്ട സമാധാനചര്‍ച്ച ബുധനാഴ്ച നടക്കും. തിങ്കളാഴ്ച നടന്ന ആദ്യ ഘട്ട ചർച്ചയിൽ ഫലമുണ്ടാകാത്തതിനാലാണ് രണ്ടു ദിവസത്തിനു ശേഷം വീണ്ടും ചർച്ച നടത്തുന്നത്. അതിനിടെ, യുക്രൈയ്ന് അംഗത്വം നല്‍കാന്‍ നടപടി തുടങ്ങിയെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റ് യുക്രൈയ്ന്റെ അപേക്ഷ സ്വീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ വോട്ടിങ് നടത്തുമെന്നാണ് വിവരം.
യുക്രൈയ്ന്‍ വിദേശകാര്യമന്ത്രി ചൈനീസ് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കണമെന്ന് ചൈനയോട് യുക്രൈയ്ന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യവെ യുക്രൈയ്ൻ പ്രസിഡന്റ് വൊളൊഡിമർ സെലെൻസ്കി നടത്തിയ പ്രസംഗം എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് അംഗങ്ങൾ സ്വീകരിച്ചത്. യൂറോപ്യൻമാരാണെന്നും കരുത്തരാണെന്നും ഞങ്ങൾ തെളിയിച്ചു. ഞങ്ങൾക്കൊപ്പമാണ് യൂറോപ്യൻ രാജ്യങ്ങൾ എന്ന് തെളിയിക്കണമെന്നും അദ്ദേഹം ഇയു രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
അതേസമയം, സമാധാന ചര്‍ച്ചകള്‍ ഊര്‍ജിതമായി പുരോഗമിക്കുമ്പോഴും യുക്രൈനിലെ നിരവധി നഗരങ്ങളില്‍ റഷ്യന്‍ സേനയുടെ അക്രമം തുടരുകയാണ്. ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട യുക്രൈയ്നിലെ ഹര്‍കീവിലാണ് ആറാംദിനം റഷ്യ ആക്രമണം കടുപ്പിച്ചത്. സ്വാതന്ത്ര്യചത്വരത്തിലെ മിസൈലാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടെന്നും 35 പേർക്കു പരുക്കേറ്റെന്നും യുക്രൈയ്ൻ അറിയിച്ചു. റഷ്യയുടെ കൂടുതല്‍ സൈനികസന്നാഹം കീവ് നഗരത്തോട് അടുക്കുകയാണ്. പോരാട്ടം തുടരുമെന്ന് യുക്രൈയ്‌നും ആവര്‍ത്തിച്ചു.
റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഹര്‍കീവ് പട്ടണത്തില്‍, സ്വാതന്ത്ര്യ ചത്വരത്തില്‍ സര്‍ക്കാര്‍ കാര്യാലയം ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ആക്രമണം. സമീപകെട്ടിട ഭാഗങ്ങളും ചിന്നിച്ചിതറി. ആക്രമണാനന്തരം ചത്വരത്തില്‍ യുക്രൈയ്ന്‍ ജനത പ്രതിഷേധവുമായിറങ്ങി. തലസ്ഥാന നഗരിയായ കീവില്‍, നഗരാതിര്‍ത്തിയിലും പരിസരത്തും ഷെല്ലാക്രമണം തുടരുകയാണ്. 65 കിലോമീറ്റർ നീളമുള്ള റഷ്യന്‍ ടാങ്ക് വ്യൂഹം കീവിലേക്ക് നീങ്ങുകയാണെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
ഇന്ന് കീവ് ലക്ഷ്യമിട്ട് റഷ്യന്‍ പട്ടാളം ശക്തമായ നീക്കം നടത്തിയേക്കുമെന്നാണ് സൂചന. ശക്തമായ പോരാട്ടം നടക്കുന്ന ഖേഴ്സന്‍ നഗരത്തിന്‍റെ അതിര്‍ത്തികളില്‍ റഷ്യന്‍ സൈന്യം ചെക്പോസ്റ്റുകള്‍ സ്ഥാപിച്ചു. യുക്രൈയ്‍ന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനങ്ങളുടെ കൂട്ട പലായനം തുടരുകയാണ്. രണ്ടര ലക്ഷംപേരാണ് പോളണ്ട് അതിര്‍ത്തി കടക്കാനായി കാത്തുനില്‍ക്കുന്നത്. യുഎന്‍ പൊതുസഭയില്‍ ഇന്നും ചര്‍ച്ചകള്‍ തുടരും. ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.
യുക്രൈയ്ന്‍ കീഴടങ്ങില്ലെന്നും, ശക്തമായ പോരാട്ടം തുടരുമെന്നും വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ വ്യക്തമാക്കി. റഷ്യയ്ക്കെതിരെ കടുത്ത ഉപരോധം ഇനിയും ആവശ്യമെന്നും ദിമിത്രോ കുലേബ പറഞ്ഞു. അതേസമയം യൂറോപ്പില്‍ സ്ഥാപിച്ചിരിക്കുന്ന ആണവായുധങ്ങള്‍ അമേരിക്ക പിന്‍വലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. യുക്രൈയ്നില്‍ ആണവായുധം എത്താതിരിക്കാനാണ് റഷ്യയുടെ ശ്രമമെന്ന് വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ് പറഞ്ഞു. ലക്ഷ്യം നേടുംവരെ യുക്രൈയ്നില്‍ സൈനികനടപടി തുടരുമെന്ന് സെർഗെയ് ലാവ്‌റോവ് വ്യക്തമാക്കി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല