
സ്വന്തം ലേഖകൻ: യുക്രൈയിനിലെ റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ പ്രവർത്തിക്കുന്ന അഞ്ച് റഷ്യൻ ബാങ്കുകൾക്കും 100 ബിസിനസ് സംരംഭകരായ ശതകോടീശ്വരന്മാർക്കും ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി. റഷ്യയ്ക്കെതിരായ സാമ്പത്തിക-നയതന്ത്ര ഉപരോധത്തിന്റെ ആദ്യപടിയാണിത്. കൂടുതൽ കനത്ത നടപടികൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ വ്യക്തമാക്കി.
ഇന്നലെ രാവിലെയും ഉച്ചയ്ക്കു ശേഷവും ചേർന്ന അടിയന്തര കോബ്ര കമ്മിറ്റി യോഗങ്ങൾക്കു ശേഷമാണ് ബാങ്കുകൾക്കും ശതകോടീശ്വരന്മാരായ ബിസിനസുകാർക്കും ഉപരോധം ഏർപ്പെടുത്താനുള്ള തീരുമാനം ഉണ്ടായത്. റഷ്യയുടെ ദേശീയ വിമാനക്കമ്പനിയായ എയറോഫ്ലോട്ടിന്റെ വിമാനങ്ങൾക്ക് ബ്രിട്ടനിൽ ലാൻഡ് ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് യുക്രൈയിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ആക്രമിച്ച റഷ്യയ്ക്ക് കൂടുതൽ ശക്തമായ നടപടികൾ ഭാവിയിൽ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ബ്രിട്ടൻ നൽകുന്നത്. ഏറ്റവും വലുതും അതിശക്തവുമായ സാമ്പത്തിക ഉപരോധമാകും റഷ്യ ഇനിയുള്ള ദിവസങ്ങളിൽ നേരിടേണ്ടി വരിക എന്ന മുന്നറിയിപ്പാണ് ബ്രിട്ടൻ നൽകുന്നത്.
‘’രക്തക്കറപുരണ്ട ആക്രമണകാരി’’യെന്നാണ് പുടിനെ ബോറിസ് വിശേഷിപ്പിച്ചത്. ജി-7 രാജ്യങ്ങളുടെ അനുമതിയോടെയാണ് റഷ്യയ്ക്കെതിരായ ഉപരോധമെന്നും ഇതിനു റഷ്യ വലിയ വില നൽകേണ്ടിവരുമെന്നും ബോറിസ് വ്യക്തമാക്കി. യുക്രൈയ്ൻ ആക്രമണത്തിന് സഹായം നൽകുന്ന ബലാറസിനും ബ്രിട്ടന്റെ ഉപരോധങ്ങൾ ബാധകമായിരിക്കും.
ഉപരോധമേർപ്പെടുത്തിയ ബാങ്കുകളുടെയും ബിസിനസ് പ്രമുഖരുടെയും ബ്രിട്ടനിലെ ആസ്തിയും സാമ്പത്തിക സംവിധാനങ്ങളും മരവിപ്പിക്കും. പുടിനുമായി അടുത്തബന്ധം പുലർത്തുന്ന ബിസിനസ് പ്രമുഖർക്കാണ് ആദ്യഘട്ടത്തിൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.
അതിനിടെ ക്രൈനിൽ റഷ്യ സൈനിക നടപടി തുടരുന്നതിനിടെ റഷ്യക്കെതിരെ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിച്ച് അമേരിക്ക. പുടിൻ അക്രമിയെന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പുടിനാണ് യുദ്ധം തെരഞ്ഞെടുത്തതെന്നും അദ്ദേഹവും രാജ്യവും ഇതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.
ഏറ്റവും വലിയ റഷ്യൻ ബാങ്കായ സ്ബെർവാങ്കിനെ യുഎസ് സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് തടയുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. രണ്ടാമത്തെ വലിയ ബാങ്കായ വിടിബിയ്ക്കും മറ്റ് മൂന്ന് സാമ്പത്തിക ധനകാര്യ സ്ഥാപനങ്ങൾക്കും പുതിയ സാമ്പത്തിക ഉപരോധങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈ-ടെക് ഉൽപ്പന്നങ്ങൾ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് നിർത്താൻ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. റഷ്യക്കെതിരെ ഉപരോധമേർപ്പെടുത്തി കാനഡയും രംഗത്തെത്തി.
യുക്രൈയ്നിലേക്ക് യുഎസ് സൈന്യത്തെ അയക്കില്ലെന്നും ബൈഡൻ ആവർത്തിച്ചു. എന്നാല്‍ നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ച് പ്രദേശവും പ്രതിരോധിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. നാറ്റോയുടെ കിഴക്കൻ ഭാഗത്തെ സംരക്ഷിക്കുന്നതിനായി ആയിരക്കണക്കിന് അധിക സേനയെ ജർമ്മനിയിലേക്കും പോളണ്ടിലേക്കും അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച നാറ്റോ ഉച്ചകോടി വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപരോധമേര്‍പ്പെടുത്തിയ ബ്രിട്ടന് മറുപടിയായി ബ്രിട്ടീഷ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി റഷ്യന്‍ സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ അറിയിച്ചു. ബ്രിട്ടീഷ് വിമാനങ്ങള്‍ക്ക്
റഷ്യയുടെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിനും വ്യോമാതിര്‍ത്തി കടക്കുന്നതിനുമാണ് വിലക്ക്. വ്യാഴാഴ്ച റഷ്യയുടെ ദേശീയ വിമാനക്കമ്പനിയായ എയ്റോഫ്‌ലോട്ടിന് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല