1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2022

സ്വന്തം ലേഖകൻ: റഷ്യ – യുക്രെയ്ൻ സംഘർഷത്തിൽ നയതന്ത്ര പരിഹാരത്തിനു വഴിയൊരുക്കാൻ അതിർത്തിയിൽ നിന്ന് കൂടുതൽ സേനയെ പിൻവലിക്കുമെന്നു റഷ്യ അറിയിച്ചു. ക്രൈമിയയിൽ നിന്ന് റഷ്യൻ സേനാ ടാങ്കുകളും കവചിതവാഹനങ്ങളും മറ്റും ട്രെയിനുകളിൽ കയറ്റുന്നതിന്റെ വിഡിയോ ഇന്നലെ റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. എന്നാൽ, റഷ്യയെ വിശ്വാസത്തിലെടുക്കാൻ യുഎസും നാറ്റോയും തയാറായിട്ടില്ല.

പിന്മാറ്റത്തിന്റെ വ്യക്തമായ സൂചനകളില്ലെന്നും അതിർത്തിയിൽ ഒന്നര ലക്ഷത്തോളം റഷ്യൻ സൈനികർ ഇപ്പോഴും യുദ്ധസന്നദ്ധരായി ഉണ്ടെന്നും യുഎസ്–നാറ്റോ സഖ്യം പറഞ്ഞു. കൂടുതൽ സേനാനീക്കത്തിന്റെ സൂചന ലഭിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പറഞ്ഞു. റഷ്യ കൂടുതൽ സന്നാഹമൊരുക്കുകയാണെന്നു നാറ്റോ സെക്രട്ടറി ജനറൽ യെൻസ് സ്റ്റോൾട്ടൻബർഗും ആരോപിച്ചു. വിഷയത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇന്നു ബ്രസൽസിൽ യോഗം ചേരും.

യുദ്ധഭീതി അടിസ്ഥാനരഹിതമാണെന്നും സൈനികാഭ്യാസം പൂർത്തിയായാലുടൻ സേന ബാരക്കുകളിലേക്കു മടങ്ങുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വ്യക്തമാക്കി. എന്നാൽ, യുക്രെയ്നിനു നാറ്റോ അംഗത്വം നൽകരുതെന്നടക്കം റഷ്യയുടെ സുരക്ഷാ ആവശ്യങ്ങളിൽ ധാരണയുണ്ടായാലേ പ്രശ്നത്തിനു പരിഹാരമാകൂ എന്നും പുടിൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായുള്ള കൂടിക്കാഴ്ചയിലും പുടിൻ ഇതേ നിലപാടാണു സ്വീകരിച്ചത്. യുക്രെയ്നിനു നാറ്റോ അംഗത്വം പരിഗണനയില്ലെന്ന നിലപാടിലേക്കു യൂറോപ്യൻ യൂണിയൻ വന്നേക്കുമെന്ന സൂചനയാണു ജർമൻ ചാൻസലർ നൽകിയത്. ഷോൾസുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നു ചർച്ച നടത്തും.

അതിനിടെ, യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെയും ബാങ്കുകളുടെയും വെബ്സൈറ്റുകളിൽ ചൊവ്വാഴ്ച ആരംഭിച്ച കനത്ത സൈബർ ആക്രമണം ഇന്നലെയും തുടർന്നു. പ്രതിരോധ മന്ത്രാലയത്തിന്റെയും ചില ബാങ്കുകളുടെയും പ്രവർത്തനത്തെ ബാധിച്ചെങ്കിലും കേന്ദ്ര ബാങ്കും മറ്റു പ്രധാന ബാങ്കുകളും തടസ്സമില്ലാതെ പ്രവർത്തിച്ചതായി അധികൃതർ അറിയിച്ചു.

റഷ്യ ആക്രമണം ആരംഭിക്കുമെന്നു കരുതിയിരുന്ന ഇന്നലെ ദേശീയ ഐക്യ ദിനമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രഖ്യാപിച്ചു. കീവിൽ 200 മീറ്റർ വലുപ്പമുള്ള ദേശീയ പതാകയുമായി വൻ ജനക്കൂട്ടം ഐക്യ പ്രതിജ്ഞയെടുത്തു. റഷ്യ–ബെലാറൂസ് സംയുക്ത സൈനികാഭ്യാസം 20നു പൂർത്തിയാക്കി സൈന്യം മടങ്ങുമെന്നു ബെലാറൂസ് വിദേശകാര്യമന്ത്രി വ്ലാഡിമിർ മക്കി പറഞ്ഞു.

യുക്രെയ്ൻ പ്രതിസന്ധിയുടെ പേരിൽ ബ്രിട്ടൻ കൂടുതൽ ഉപരോധം ഏർപ്പെടുത്തിയാൽ കനത്ത തിരിച്ചടി നൽകുമെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് അറിയിച്ചു. യുഎസും നാറ്റോയും യുദ്ധഭീതി ഊതിപ്പെരുപ്പിക്കുന്നതായി ചൈന ആരോപിച്ചു.

യുക്രെയ്നിൽ നിന്ന് തിരിച്ചുവരാൻ താൽപര്യമുള്ള ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനു കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്തുന്നത് ഇന്ത്യ പരിഗണിക്കുന്നു. വിമാനക്കമ്പനികളുമായി ചർച്ച നടത്തിയതായി വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. യുക്രെയ്നിലെ ഇന്ത്യക്കാരുടെ വിവരങ്ങൾ നൽകുന്നതിനും സഹായിക്കുന്നതിനുമായി വിദേശകാര്യമന്ത്രാലയം കൺട്രോൾ റൂം തുറന്നു.

പ്രത്യേക കൺട്രോൾ റൂം നമ്പറുകൾ: 1800118797 (ടോൾഫ്രീ)

ഫോൺ: 011– 23012113, 23014104, 23017905

ഫാക്സ്: 011 23088124

ഇമെയിൽ: situationroom@mea.gov.in

യുക്രെയ്നിലെ ഇന്ത്യൻ എംബസിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ഹെൽപ്‌ലൈൻ നമ്പറുകൾ: 00380 997300428, 00380 997300483

ഇ മെയിൽ: cons1.kyiv@mea.gov.in

വെബ്സൈറ്റ്: www.eoiukraine.gov.in.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.