
സ്വന്തം ലേഖകൻ: കര, വ്യോമ ആക്രമണങ്ങൾ രൂക്ഷമായ കിഴക്കൻ യുക്രൈയ്ൻ നഗരമായ സുമിയിൽ 700ഓളം ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. വിദ്യാർഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഖാർകീവ്, പിസോചിൻ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യക്കാരെ പൂർണമായും ഒഴിപ്പിക്കുമെന്നും വക്താവ് അറിയിച്ചു.
”സുമിയിൽ നിന്നും ഇന്ത്യൻ വിദ്യാർഥികളെ പുറത്തെത്തിക്കുന്നതിനാണ് പ്രധാന ശ്രദ്ധ നൽകുന്നത്. ഒഴിപ്പിക്കലിനായി ഒന്നിലധികം വഴികളാണ് തേടുന്നത്. വാഹനങ്ങളുടെ അഭാവവും തുടർച്ചയായ ഷെല്ലിങ്ങുമാണ് ഒഴിപ്പിക്കൽ ദുഷ്കരമാക്കുന്നത്. ‘ഓപറേഷൻ ഗംഗ’യുടെ ഭാഗമായി 63 വിമാനങ്ങളിൽ 13,300ത്തിലധികം പേരെ യുക്രൈയ്നിൽ നിന്നും ഇന്ത്യയിൽ എത്തിക്കാനായിട്ടുണ്ട്,” ബാഗ്ചി വ്യക്തമാക്കി.
ഇന്ത്യക്കാരെ പുറത്തെത്തിക്കുന്നതിന് പ്രാദേശിക വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യം യുക്രൈയ്നോടും റഷ്യയോടും കേന്ദ്ര സർക്കാർ ആവർത്തിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ 13 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് വക്താവ് കൂട്ടിച്ചേർത്തു. ഗതാഗത പ്രതിസന്ധിക്കും തുടർച്ചയായ അക്രമങ്ങൾക്കും ഇടയിൽ സുമിയിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്നതിന് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ സുമി പ്രദേശത്ത് നിന്ന് പൗരന്മാരെ ഒഴിപ്പിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ശ്രദ്ധ.
വിദ്യാർത്ഥികളുടെ വേദനയും ആശങ്കയും മനസിലാക്കുന്നുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഒഴിപ്പിക്കലിനായി എല്ലാ വഴികളും തേടുകയാണെന്നും കരുത്തോടെ തുടരണമെന്നും ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. റെഡ്‌ക്രോസ് അടക്കമുള്ള എല്ലാ ഏജൻസികളുമായും സുരക്ഷിത മാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ നടത്തുന്നുണ്ട്.സുരക്ഷിതമായി ഷെൽട്ടറുകൾക്കുള്ളിൽ തുടരണമെന്നും പുറത്തിറങ്ങരുതെന്നും എംബസി വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല