1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2022

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനുമായി ചർച്ച നടത്തി. യുക്രൈനിൽ നിന്ന് മടങ്ങുന്ന ഇന്ത്യക്കാർക്ക് റഷ്യൻ സൈന്യം സുരക്ഷ ഒരുക്കാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. റഷ്യൻ അതിർത്തി വഴി വിദ്യാർഥികളെ ഒഴിപ്പിക്കാനാണ് തീരുമാനം. കാർക്കീവിൽ റഷ്യൻ ആക്രമണം രൂക്ഷമാക്കിയ സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചത്.

യുക്രൈനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ റഷ്യൻ സേന തയാറാണെന്ന് ഇന്ത്യയിലെ റഷ്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനും ചർച്ച നടത്തിയതിന് പിന്നാലെയാണ് എംബസിയുടെ പ്രഖ്യാപനം.

ഇന്ത്യ മുന്നോട്ട് വച്ച നിർദേശം പോലെ റഷ്യൻ പ്രദേശത്ത് നിന്ന് സ്വന്തം സൈനിക വിമാനങ്ങളോ, ഗതാഗത വിമാനങ്ങളോ, ഇന്ത്യൻ വിമാനങ്ങളോ ഉപയോഗിച്ച് അവരെ നാട്ടിലേക്ക് അയക്കുമെന്നും എംബസി അറിയിച്ചു. ഇന്ത്യക്കാരെ യുക്രൈൻ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നും റഷ്യ ആരോപിച്ചിരുന്നു.

ഇന്ത്യൻ വിദ്യാർഥികളെ തടവിലാക്കി വയ്ക്കുന്നത് യുക്രൈൻ സൈന്യമാണെന്നാണ് റഷ്യ പറയുന്നത്. മോദിയും പുടിനും തമ്മിൽ നടന്ന ചർച്ചയ്ക്കിടയിലാണ് ഈ പരാമർശം ഉണ്ടായത്.

അതേസമയം കാർക്കീവിൽനിന്ന് ഇന്ത്യൻ വിദ്യാർഥിനികൾ യുക്രൈന്‍റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കു നീങ്ങുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. യുക്രൈനിൽനിന്ന് എത്രയും പെട്ടെന്ന് ഒഴിയണമെന്ന നിർദേശം ലഭിച്ചതിനു പിന്നാലെയാണ് വിദ്യാർഥിനികൾ റഷ്യയുടെ സഹായത്തോടെ ട്രെയിൻ മാർഗം യാത്ര തിരിച്ചതെന്നാണ് റിപ്പോർട്ട്.

അതേസമയം, യുക്രൈൻ – റഷ്യ രണ്ടാം വട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട് – ബെലാറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുക. വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. കാർക്കീവ് മേഖലയിൽ ശക്തമായ ആക്രമണം നടക്കുന്നതിനിടെയാണ് ചർച്ചകൾ.

യുക്രൈനിലെ സൈനിക നീക്കത്തിൽ നിന്ന് റഷ്യ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയിൽ ഇന്നലെ അവതരിപ്പിച്ച പ്രമേയത്തെ 141 രാജ്യങ്ങൾ അനുകൂലിച്ചിരുന്നു. റഷ്യ, ബെലാറൂസ്, വടക്കൻ കൊറിയ, സിറിയ, എറിത്രിയ എന്നീ അഞ്ച് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തപ്പോൾ, ഇന്ത്യ ഉൾപ്പടെ 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ വിട്ടുനിന്നു. ഇന്ത്യക്ക് പുറമേ ഇറാനും ചൈനയും പാകിസ്ഥാനും വോട്ടെടുപ്പിൽ വിട്ടുനിന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.