
സ്വന്തം ലേഖകൻ: യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജി (22) യാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ഥി കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണം ഉണ്ടായത്. ഖാര്‍ക്കീവ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥിയാണ് നവീന്‍. രാവിലെ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോയതായിരുന്നു നവീന്‍.
യുക്രൈന്‍ സൈന്യം നിഷ്‌കര്‍ഷിച്ച സമയത്ത് ഭക്ഷണ സാധനങ്ങള്‍ വാങ്ങാനായി വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖാര്‍ക്കീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണെന്നും കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ സൈന്യം യുക്രൈന്‍ അധിനിവേശം കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യന്‍ പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള നടപടി ദ്രുതഗതിയിലാക്കി കേന്ദ്ര സര്‍ക്കാര്‍. റഷ്യന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍ ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെടുക കൂടി ചെയ്തതോടെ യുദ്ധ മേഖലയില്‍ കുടുങ്ങിയവരെ എത്രയും വേഗം തിരിച്ചെത്തിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഒഴിപ്പിക്കല്‍ നടപടിയുടെ വേഗംകൂട്ടാന്‍ സ്വകാര്യ വിമാനങ്ങള്‍ക്ക് പുറമേ രക്ഷാദൗത്യത്തില്‍ പങ്കുചേരാന്‍ വ്യേമസേനയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കി.
വ്യേമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ ഉപയോഗപ്പെടുത്തി യുക്രൈന്‍ ഒഴിപ്പിക്കല്‍ നടപടി അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ വ്യോമസേനയുടെ അഭിമാനമായ സി-17 ഗ്ലോബ്മാസ്റ്റര്‍ III വിമാനം രക്ഷാദൗത്യത്തിനായി സജ്ജമാക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 11 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളത്. ഇവയില്‍ പരമാവധി വിമാനം രക്ഷാ ദൗത്യത്തിന്റെ ഭാഗമായേക്കും.
യുക്രൈനിലേക്കും യുക്രൈന്‍ അഭിയാര്‍ഥികള്‍ അഭയംപ്രാപിച്ച സമീപ രാജ്യങ്ങളിലേക്കും മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. മരുന്നുകള്‍ വഹിച്ച് സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഇന്ത്യ അയക്കുന്നുണ്ട്. ഈ വിമാനങ്ങളില്‍ അയല്‍ രാജ്യങ്ങളിലെത്തിയ പരമാവധി ഇന്ത്യന്‍ പൗരന്‍മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന.
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി നിലവില്‍ എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ യുക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കും. വ്യോമസേന കൂടി രക്ഷാ ദൗത്യത്തിന്റെ ഭാഗമാകുന്നതോടെ എത്രയും വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും യുക്രൈന്‍ തലസ്ഥാനമായ കീവ് വിടണമെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രെയിനോ ലഭ്യമാകുന്ന മറ്റു യാത്രമാര്‍ഗങ്ങളോ ഉപയോഗിച്ച് കീവ് വിടണമെന്നാണ് നിര്‍ദേശം. ഇതിനുപിന്നാലെ ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി റഷ്യ, യുക്രൈന്‍ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി ചര്‍ച്ച നടത്തി. സംഘര്‍ഷ മേഖലകളില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് സുരക്ഷിത മാര്‍ഗം ഒരുക്കാന്‍ ഇരുരാജ്യങ്ങളോടും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
രക്ഷാ ദൗത്യ നടപടികള്‍ തുടരുന്നതിനിടെ യുക്രൈനിലെ നിലവിലെ സ്ഥിതിഗതികള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനോട് പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതി ഭവനിലെത്തിയാണ് മോദി രാഷ്ട്രപതിയോട് കാര്യങ്ങള്‍ വിശദീകരിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും ഉന്നതതല യോഗവും ചേര്‍ന്നിരുന്നു. യുക്രൈനില്‍ റഷ്യ സൈനിക നീക്കം ആരംഭിച്ച ശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന മൂന്നാമത്തെ ഉന്നതതല യോഗമായിരുന്നു ഇത്. ഇന്ത്യന്‍ പൗരന്‍മാരെ തിരിച്ചെത്തിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് യുഎന്‍ പൊതുസഭയിലും ഇന്ത്യ വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനായി പ്രധാനമന്ത്രി ചുമതലപ്പെടുത്തിയ കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് പുരി ബുഡാപെസ്റ്റിലേക്കും കിരണ്‍ റിജിജു സ്ലൊവാക്യയിലേക്കും പുറപ്പെട്ടു കഴിഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യ മോള്‍ഡാവയിലേക്കും ജനറല്‍ വികെ സിങ് പോളണ്ടിലേക്കും നേരിട്ടെത്തി രക്ഷാദൗത്യം ഏകോപിപ്പിക്കും. തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗത്തിലാണ് കേന്ദ്രമന്ത്രിമാരെ യുക്രൈന്റെ സമീപ രാജ്യങ്ങളിലേക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല