
സ്വന്തം ലേഖകൻ: യുക്രൈയ്നിൽ വ്യോമനിരോധന മേഖല അനുവദിക്കാത്തതിനെതിരെ രൂക്ഷവിമർശനവുമായി പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. ശനിയാഴ്ച രാത്രി നടത്തിയ അഭിസംബോധനയിൽ വികാരധീനനായാണ് സെലൻസ്കി പ്രതികരിച്ചത്. പാശ്ചാത്യ സൈന്യമാണ് യുക്രൈയ്നിൽ ഇനിയുണ്ടാവുന്ന നാശങ്ങൾക്കും മരണങ്ങൾക്കും ഉത്തരവാദിയെന്ന് സെലൻസ്കി പറഞ്ഞു.
യുക്രൈയ്നിൽ ഇനിയുണ്ടാവുന്ന ഓരോ മരണങ്ങളും നിങ്ങൾ മൂലമായിരിക്കും. നിങ്ങൾ ദുർബലരായതും നാറ്റോ അംഗരാജ്യങ്ങൾക്കിടയിൽ ഐക്യമില്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് സെലൻസ്കി പറഞ്ഞു. വ്യോമനിരോധന മേഖല അനുവദിക്കാത്തതിലൂടെ യുക്രൈയ്നിലെ റഷ്യൻ ആക്രമണങ്ങൾക്ക് പച്ചക്കൊടി നൽകുകയാണ് നാറ്റോ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ആക്രമണങൾ ഉണ്ടാകുമെന്ന് ഉറപ്പായിട്ടും യുക്രൈയ്ന് മേൽ ആകാശം കൊട്ടിയടക്കാൻ നാറ്റോ തയാറായില്ലെന്നും സെലൻസ്കി കുറ്റപ്പെടുത്തി.
നേരത്തെ റഷ്യയുടെ ആക്രമണം ചെറുക്കാൻ യുക്രൈയ്നിൽ വ്യോമനിരോധനമേഖല പ്രഖ്യാപിക്കണമെന്ന ആവശ്യം നാറ്റോ തള്ളിയിരുന്നു. ഇത്തരമൊരു നടപടി യുദ്ധം യുറോപ്പ് മുഴുവൻ വ്യാപിക്കാൻ ഇടയാക്കുമെന്നായിരുന്നു നാറ്റോയുടെ വിലയിരുത്തൽ. എന്നാൽ, യുദ്ധം കൂടുതൽ ശക്തമാവുകയാണെങ്കിൽ റഷ്യക്ക്മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് നാറ്റോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുക്രൈയ്നു നേരെ റഷ്യൻ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഭാവി പരിപാടികളെക്കുറിച്ചു ചർച്ച ചെയ്യുന്നതിന് വൈസ് പ്രസിഡന്റ് കമല ഹാരിസും, സെക്രട്ടറി ആന്റണി ബ്ലിങ്കനും യൂറോപ്പ് പര്യടനത്തിനു അടുത്ത ആഴ്ച പുറപ്പെടും. നാറ്റോ സഖ്യ കക്ഷികളെ നേരിൽ കണ്ട് അടുത്ത നടപടികളെ കുറിച്ചുള്ള അമേരിക്കയുടെ നിലപാടുകൾ ധരിപ്പിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
ബൽജിയം, പോളണ്ട്, മോൾഡോവ്, ലാറ്റ്‌വിയ, ലിത്വാനിയ, എസ്റ്റോണിയ തുടങ്ങിയ യൂറോപ്പ്യൻ രാജ്യങ്ങൾ ബ്ലിങ്കൻ സന്ദർശിക്കുമ്പോൾ, കമല ഹാരിസ് വാർസൊ, ബുക്കാസ്റ്റൊ എന്നിവിടങ്ങൾ സന്ദർശിക്കും. നാറ്റോ സഖ്യ കക്ഷികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും റഷ്യയുടെ മനുഷ്യാവകാശ ലഘനം ഉൾപ്പെടെയുള്ള വിഷയങ്ങൾക്കെതിരെ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനും കമല ഹാരിസും ബ്ലിങ്കനും യൂറോപ്യൻ രാജ്യ തലവന്മാരുമായി ചർച്ചകൾ നടത്തും.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല