1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2022

സ്വന്തം ലേഖകൻ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതായി യുക്രൈന്‍ സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. രണ്ട് മാസം മുമ്പ് റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ കരിങ്കടലിനും കാസ്പിയന്‍ കടലിനും ഇടയിലുള്ള കോക്കസസ് മേഖലയിലാണ് പുതിനെ വധിക്കാനുള്ള ശ്രമം നടന്നതെന്ന് ‘യുക്രൈന്‍സ്‌ക പ്രവ്ദ’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യുക്രൈന്‍ ഡിഫന്‍സ് ഇന്റലിജന്‍സ് മേധാവി കിരിലോ ബുദനോവ് പറഞ്ഞു.

റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടയിലും പുതിന്റെ ആരോഗ്യസ്ഥിതിയേക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയിലാണ് പുതിന്‍ വധശ്രമത്തെ അതിജീവിച്ചതായുള്ള വാര്‍ത്ത യുക്രൈന്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ബുദനോവിന്റെ അവകാശവാദം ഇതുവരെ റഷ്യ സ്ഥിരീകരിച്ചിട്ടില്ല. അഞ്ചോളം വധശ്രമങ്ങളില്‍ നിന്ന് താന്‍ രക്ഷപ്പെട്ടതായും തന്റെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കയില്ലെന്നും 2017-ല്‍ പുതിന്‍ അറിയിച്ചിരുന്നു.

വളരെ കുറച്ച് പേര്‍ക്ക് മാത്രമേ പുതിനുമായി ഇടപെടാന്‍ നിലവില്‍ അവസരം ലഭിക്കുന്നുള്ളുവെന്നും ബാക്കിയുള്ളവരുമായി പുതിന്‍ അകലം പാലിക്കുകയാണെന്നും ബുദനോവ് അഭിമുഖത്തില്‍ പറഞ്ഞു. എല്ലാക്കാലവും അധികാരത്തില്‍ തുടരാമെന്നാണ് പുതിന്റെ വ്യാമോഹം. എന്നാല്‍ ലോകത്തിലെ എല്ലാ ഏകാധിപതികള്‍ക്കും സംഭവിച്ചതുതന്നെയാണ് പുതിനേയും കാത്തിരിക്കുന്നതെന്നും ബുദനോവ് കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് മധ്യത്തോടെ റഷ്യ-യുക്രൈന്‍ യുദ്ധം നിര്‍ണായകഘട്ടത്തിലെത്തുമെന്നും 2022 അവസാനത്തോടെ യുദ്ധം പരിസമാപ്തിയിലേക്ക് നീങ്ങുമെന്നും മേയ് ആദ്യം ‘സ്‌കൈ ന്യൂസി’നോട് സംസാരിക്കവെ ബുദനോവ് അവകാശപ്പെട്ടിരുന്നു. റഷ്യയുടെ നേതൃത്വം പുതിനില്‍ നിന്ന് മാറ്റപ്പെടുമെന്നും ബുദനോവ് പറയുകയുണ്ടായി. റഷ്യയില്‍ ഭരണ അട്ടിമറിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്നും യുക്രൈന്‍ രഹസ്യാന്വേഷണമേധാവിയായ ബുദനോവ് സൂചിപ്പിച്ചിരുന്നു.

പുതിന് പാര്‍ക്കിന്‍സണ്‍സ് രോഗമാണെന്നും പുതിന്‍ അര്‍ബുദരോഗത്തിന് ചികിത്സയിലാണെന്നും വിവിധ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇതിനിടെ ആഴ്ചകള്‍ക്ക് മുമ്പ് പുതിന്‍ ഉദരസംബന്ധമായ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നതായാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയയും വിശ്രത്തിനെടുക്കുന്ന സമയവും പുതിനെ കുറച്ചുകാലത്തേക്ക് അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനിടയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേവിഷയം, ബുദനോവ് അഭിമുഖത്തില്‍ ഊന്നിപ്പറഞ്ഞു. നിരവധി രോഗങ്ങള്‍ പുതിനെ അലട്ടുന്നുണ്ടെന്നും അതിലൊന്ന് മാത്രമാണ് അര്‍ബുദമെന്നും ബുദനോവ് പറഞ്ഞു.

ഇതിനിടെ അര്‍ബുദസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന പുതിന്‍ അധികാരകൈമാറ്റത്തിനൊരുങ്ങുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. റഷ്യയുടെ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി നിക്കൊളായ് പട്രുഷേവിന് പുതിന്‍ അധികാരം കൈമാറാനിടയുണ്ടെന്നായിരുന്നു വാർത്ത.

ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂക്കാഷെങ്കോവിനെ സ്വീകരിക്കാനെത്തിയ പുതിന്റെ വലതുകൈ വിറയ്ക്കുന്നതും തുടര്‍ന്ന് പുതിന്‍ കൈ കോട്ടിനുള്ളിലാക്കി വെക്കുന്നതുമായ വീഡിയോ പുതിന് പാര്‍ക്കിന്‍സണ്‍സ് രോഗമാണെന്ന സംശയമുയര്‍ത്തുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിന്‍ ഡിമന്‍ഷ്യരോഗിയാണെന്ന അഭ്യൂഹവും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിന് മുമ്പുള്ള പുതിന്റെ ചീര്‍ത്തമുഖവും കഴുത്തുമുള്ള രൂപം പുതിന്റെ ആരോഗ്യനില വഷളാകുന്നുമെന്ന വാര്‍ത്തകള്‍ സാധൂകരിക്കുന്നതാണെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എന്നാല്‍, ഇക്കാര്യങ്ങളിലൊന്നുംതന്നെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.