
സ്വന്തം ലേഖകൻ: യുക്രൈയ്ൻ – റഷ്യ യുദ്ധത്തിന്റെ ഇരകളായി ബ്രിട്ടനിലെ സാധാരണ കുടുംബങ്ങളും പ്രവാസികളും. യുദ്ധം സകല മേഖലകളിലും പ്രതിസന്ധിയും വിലക്കയറ്റവും സൃഷ്ടിക്കും
ബ്രിട്ടനിലെ ശരാശരി കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ ഈ വര്‍ഷം തന്നെ ഇരട്ടിയായി 3000 പൗണ്ടിലേക്ക് കുതിക്കും.
പെട്രോള്‍ വില ലിറ്ററില്‍ 1.70 പൗണ്ടിലെത്തുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നതോടെയാണിത്. ഗ്യാസ്, ഇലക്ട്രിസിറ്റി, പെട്രോള്‍, ഹോളിഡേ എന്നിവയെ കൂടാതെ ബ്രെഡിന് പോലും വില ഉയരുമെന്നാണ് സൂചന. സകല മേഖലകളിലും വിലക്കയറ്റം ഉണ്ടാവുന്നത് ജീവിതച്ചെലവ് വര്‍ദ്ധിപ്പിക്കും.
ലണ്ടനിലെയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും സ്‌റ്റോക്ക് മാര്‍ക്കറ്റുകള്‍ വലിയ തകര്‍ച്ചയാണ് നേരിട്ടത്. ജനങ്ങളുടെ പെന്‍ഷനുകളെയും, സേവിംഗ്‌സിനെയുമാണ് ഇത് ബാധിക്കുക. പണപ്പെരുപ്പം കുതിച്ചുയരാനും, കുടുംബ ബജറ്റുകള്‍ ചുരുങ്ങാനും, കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് വീണ്ടും ഉയര്‍ത്താനും ഇത് ഇടയാക്കുമെന്ന ആശങ്കയും ഉയരുകയാണ്.
ലോകത്തിലെ കാല്‍ശതമാനം ഗോതമ്പിന്റെയും കയറ്റുമതി നടത്തുന്നത് റഷ്യയും, യുക്രൈയിനുമാണ്. പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന സണ്‍ഫ്‌ളവര്‍ സീഡ്‌സിന്റെ 80 ശതമാനവും ഇവിടെ നിനാണ് വരുന്നത്. ഹോള്‍സെയില്‍ ഗ്യാസിന്റെ വില കുതിച്ചുയരുന്നത് കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. റഷ്യയുമായി രാജ്യത്തെ ബന്ധിപ്പിക്കുന്ന പുതിയ ഗ്യാസ് പൈപ്പ്‌ലൈനായ നോര്‍ഡ് സ്ട്രീം 2 മരവിപ്പിക്കാനുള്ള ജര്‍മനിയുടെ തീരുമാനത്തെ തുടര്‍ന്നാണ് ഹോള്‍സെയില്‍ ഗ്യാസ് വില വര്‍ധന.
യൂറോപ്പിനാവശ്യമായ എണ്ണയുടെ മൂന്നിലൊന്നും നല്‍കുന്നത് റഷ്യയാണ്. അതിനാല്‍ യൂറോപ്യന്‍ മേഖലയില്‍ എണ്ണലഭ്യത സംബന്ധിച്ച ആശങ്ക ഉയരുകയാണ്. സൗദി അറേബ്യ കഴിഞ്ഞാന്‍ ഏറ്റവും അധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യവും ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉല്‍പ്പാദകരും റഷ്യയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല