
സ്വന്തം ലേഖകൻ: യുക്രൈയ്ൻ യുദ്ധം ആഗോള സാമ്പത്തിക മേഖലക്ക് വൻ ആഘാതമായി. എണ്ണവിലയിൽ ഇന്നു മാത്രം ബാരലിന് മൂന്ന് ഡോളർ ഉയർന്നു. സ്വർണവിലയിലും കുതിപ്പ് തുടരുകയാണ്. യുദ്ധവും ഉപരോധ നടപടികളും കാരണം യൂറോപ്യൻ രാജ്യങ്ങളിൽ വൻ ഊർജ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്.
ആഗോള വിപണിയിൽ അസംസ്കൃത എണ്ണ ബാരലിന് 106 ഡോളർ വരെ ഉയർന്നു. റഷ്യയുടെ യൂറോപ്പിലേക്കുള്ള എണ്ണ, പ്രകൃതിവാതക കയറ്റുമതി നിലച്ചിരിക്കെ ബദൽ വഴികൾ കണ്ടെത്താനുള്ള നീക്കം വിജയിച്ചിട്ടില്ല. ബദൽ വിതരണ പ്രക്രിയ എളുപ്പമല്ലെന്ന സന്ദേശമാണ് എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നൽകുന്നത്. യുക്രൈയ്ൻ യുദ്ധം തുടർന്നാൽ വില 120 ഡോളറിലേക്ക് ഉയർന്നേക്കും.
ഓഹരി വിപണികളുടെ തകർച്ചയും തുടരുകയാണ്. യുദ്ധം നീണ്ടാൽ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലവർധന ഉറപ്പാണ്. ഈ സാഹചര്യം നേരിടാൻ ശക്തമായ ഇടപെടൽ വേണ്ടി വരുമെന്നാണ് ലോക രാജ്യങ്ങൾ വ്യക്തമാക്കുന്നത്. റഷ്യയും അമേരിക്കയുമായി അടുത്ത ബന്ധം നിലനിൽക്കെ, യുദ്ധത്തിൽ ഏതെങ്കിലും പക്ഷം ചേരാൻ ഗൾഫ് രാജ്യങ്ങൾ വിസമ്മതിക്കുകയാണ്.
അതേസമയം നാറ്റോയുടെ പ്രകോപന നടപടികളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റഈസി പറഞ്ഞു. റഷ്യൻ പ്രസിഡൻറ് പുടിനുമായി നടന്ന ടെലിഫോൺ സംഭാഷണത്തിലാണ് ഇറാൻ പ്രസിഡന്‍റിന്‍റെ പ്രതികരണം. കോവിഡ് മഹാമാരിയിൽ ഉലഞ്ഞ ആഗോള സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നതായിരിക്കും യുദ്ധം.
യുദ്ധം ആരംഭിച്ച ആദ്യദിനം തന്നെ ക്രൂഡ് ഓയിൽ വിലയും സ്വർണവിലയും വർധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില 2014നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുക. എണ്ണ വില വർധിക്കുന്നതോടെ വിലപ്പെരുപ്പവും ഗണ്യമായ രീതിയിൽ വർധിക്കും.
വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരി വിറ്റഴിക്കുന്ന സാഹചര്യവുമുണ്ടാകും. യുദ്ധത്തിന്റെ ആദ്യദിനം തന്നെ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് ഒലിച്ചു പോയത് 13 ലക്ഷം കോടിയിലേറെ രൂപയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണം കൂടുതൽ വാങ്ങിക്കൂട്ടുന്നത് മഞ്ഞലോഹത്തിന്റെ വില വർധിക്കാനും കാരണമാകും.
റഷ്യയുടെ യുക്രൈയ്ൻ അധിനിവേശം ആഗോള വ്യോമഗതാഗതത്തേയും ബാധിക്കുമോയെന്ന് ആശങ്ക. ചില വിമാന കമ്പനികൾ അലാസ്കയിലെ ആങ്കറേജ് വിമാനത്താവളം ഉപയോഗിക്കുന്നത് സംബന്ധിച്ച ചർച്ചകൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്. റഷ്യ വഴിയുള്ള വ്യോമഗതാഗതത്തിൽ തടസം നേരിട്ടാൽ ദീർഘദൂര വിമാനങ്ങളുടെ ഹബ്ബായി ആങ്കറേജിനെ മാറ്റാനുള്ള ശ്രമങ്ങൾ കമ്പനികൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്.
ശീതയുദ്ധകാലത്ത് യുറോപ്പിൽ നിന്നുള്ള ദീർഘദൂര വിമാനങ്ങൾ ഇന്ധനം നിറക്കാൻ ആങ്കറേജിൽ ഇറക്കിയിരുന്നു. റഷ്യൻ എയർ സ്പേസ് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇങ്ങനെ ചെയ്തിരുന്നത്. ജപ്പാൻ എയർലൈൻസ് റഷ്യയിലേക്കുള്ള വിമാനം റദ്ദാക്കിയിരുന്നു. എറോഫ്ലോട്ട് ഉൾപ്പടെയുള്ള റഷ്യൻ വിമാനകമ്പനികൾ ബ്രിട്ടൻ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
യുക്രൈയ്ൻ, ബെലാറസിന്‍റെ ചില പ്രദേശങ്ങൾ, ദക്ഷിണ റഷ്യ, യുക്രൈയ്ൻ അതിർത്തി പ്രദേശങ്ങൾ എന്നീ സ്ഥലങ്ങളിലെ വ്യോമപാതകൾ സംഘർഷത്തെ തുടർന്ന് അടച്ചിരുന്നു. യു.എ.ഇ എയർലൈനായ എമിറേറ്റ്സ് സ്റ്റോക്ക്ഹോം, മോസ്കോ, സെന്‍റ് പീറ്റേഴ്സ്ബർഗ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.ചില യു.എസ് വിമാനങ്ങളുടെ സർവീസിനേയും വ്യോമപാത അടക്കൽ ബാധിക്കും.
ജർമ്മൻ എയർലൈനായ ലുഫ്താൻസയും മോസ്കോയിലേക്കുള്ള വിമാനം റദ്ദാക്കിയിട്ടുണ്ട്. അതേസമയം വ്യോമപാത നിരോധിക്കുന്ന നടപടികൾ റഷ്യ സ്വീകരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ബ്രിട്ടന്‍റെ നിരോധനത്തിന് അതേനാണയത്തിൽ തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല