
സ്വന്തം ലേഖകൻ: ഉംറയുടെ പുണ്യം തേടി 8 മാസത്തെ ഇടവേളയ്ക്കു ശേഷം സൗദിയിലെത്തിയ രാജ്യാന്തര തീർഥാടകർക്ക് ജിദ്ദ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്. ഇന്തൊനീഷ്യയിൽനിന്നുള്ള തീർഥാടകരാണ് ആദ്യം എത്തിയത്. 3 ദിവസത്തെ ക്വാറന്റീനു ശേഷം ബുധനാഴ്ച ഇവർ ഉംറ നിർവഹിക്കും.
കൊവിഡ് മൂലം നിർത്തിവച്ച തീർഥാടനം കഴിഞ്ഞ മാസം 4 നു പുനരാരംഭിച്ചെങ്കിലും ഇന്നലെ മുതലാണു രാജ്യാന്തര തീർഥാടകരെ അനുവദിച്ചത്. 10 ദിവസം സൗദിയിൽ തങ്ങാനാണ് അനുമതി. ഉംറ നിർവഹിച്ച് മദീനയും സന്ദർശിച്ചായിരിക്കും മടക്കം. ആദ്യ ദിവസം വിവിധ രാജ്യങ്ങളിൽനിന്നുള്ള 10,000 തീർഥാടകർ എത്തി. ഒരേസമയം 3,300 പേർക്ക് ഉംറയ്ക്ക് അനുമതിയുണ്ട്.
ഇതിൽ 1,666 പേർ വിദേശ തീർഥാടകർ. നിലവിൽ പ്രതിദിനം 20,000 പേർക്ക് ഉംറ നിർവഹിക്കാനും 60,000 പേർക്ക് ഹറം പള്ളി സന്ദർശിക്കാനും അനുമതിയുണ്ട്. രാജ്യാന്തര വിമാന സർവീസ് തുടങ്ങിയിട്ടില്ലാത്തതിനാൽ ഇന്ത്യക്കാർ തീർഥാടനത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല