
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഉംറ കര്‍മ്മം ഏഴ് മാസങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചു. പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് പുലര്‍ച്ചെയാണ് കര്‍മ്മങ്ങള്‍ ആരംഭിച്ചത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കാണ് ഉംറ കര്മ്മത്തിന് അനുമതി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് നാലിനായിരുന്നു കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഉംറ കര്‍മ്മം നിര്‍ത്തിവെച്ചിരുന്നത്.
ഇഅ്തമര്‍നാ ആപ് വഴി ഉംറയ്ക്ക് അപേക്ഷിച്ച ഒരു സംഘത്തിന് ഉംറ ചെയ്യാന്‍ മൂന്നു മണിക്കൂറാണ് അനുവദിച്ചിട്ടുള്ളത്.
ഒരു സംഘത്തില്‍ ആയിരത്തോളം തീര്‍ഥാടകരാണുണ്ടാവുക. പ്രതിദിനം ആറു സംഘത്തില്‍ ഏകദേശം ആറായിരം പേര്‍ക്കാണ് ഉംറ കര്‍മത്തിന് അനുമതി നല്‍കുക. ഉംറയുടെ തുടക്കം മുതല്‍ അവസാനം വരെ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തീര്‍ഥാടകര്‍ക്ക് ലഭിക്കും.
തീർഥാടകരെ സ്വീകരിക്കാനും കോവിഡ് പ്രോേട്ടാകോൾ പാലിച്ച് ഉംറ കർമങ്ങൾ അനുഷ്ഠിക്കാനുമുള്ള എല്ലാ ഒരുക്കങ്ങളും ഇരുഹറം കാര്യാലയവും ഹജ്ജ് ഉംറ മന്ത്രാലയവും ചേർന്നാണ് പൂർത്തിയാക്കിയത്.ഹറമിലേക്കുള്ള തീർഥാടകരുടെ പ്രവേശനം, മടക്കം, ത്വവാഫ്, സഅ്യ് എന്നിവയുടെ പ്രത്യേക ട്രയൽ കഴിഞ്ഞദിവസം നടത്തിയിരുന്നു.
ഹജ്ജ് ഉംറ മന്ത്രാലയം ഒരുക്കിയ ‘ഇഅ്തമർനാ’ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഉംറക്ക് അനുവാദം നൽകുകയുള്ളൂ. ഉംറ തീയതിയും സമയവും നിർണയിക്കുന്നതിനു പുറമെ മറ്റ് അനുബന്ധ സേവനങ്ങളും ആപ്പിലൂടെ ലഭിക്കും. ആദ്യ മണിക്കൂറുകളിൽ തന്നെ നിരവധിയാളുകളാണ് രജിസ്ട്രേഷൻ നടത്തിയത്. ഉംറ കർമങ്ങൾ എളുപ്പമാക്കാൻ മത്വാഫിലേക്കുള്ള പ്രവേശനം ത്വവാഫ് ചെയ്യുന്നവർക്ക് മാത്രമാക്കുമെന്ന് ഇരുഹറം കാര്യാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല