സ്വന്തം ലേഖകന്‍: ‘നിയമം എല്ലാവരും മാനിക്കണം,’ ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്രസഭ. നിയമത്തെ ബഹുമാനിക്കാനാണ് ഐക്യരാഷ്ട്രസഭ (യു.എന്‍.) എല്ലാവരെയും പ്രോത്സാപ്പിക്കുന്നതെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖ് വ്യക്തമാക്കി. കേരളത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലവിഷയത്തില്‍ യു.എന്നിന്റെ നിലപാട് എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഇന്ത്യയിലെ സുപ്രീംകോടതി പരാമര്‍ശിച്ച വിഷയമാണിത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഈ വിഷയം ഇന്ത്യന്‍ അധികൃതര്‍ക്ക് വിടുകയാണ്. നിയമത്തെ എല്ലാവരും ബഹുമാനിക്കണമെന്നാണ് യു.എന്‍. ആഗ്രഹിക്കുന്നത്. എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ എന്ന യു.എന്നിന്റെ അടിസ്ഥാനനിലപാട് നിങ്ങള്‍ക്കറിയാവുന്നതാണ്,’ ഹഖ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ നിയമം പൗരന്‍മാരെല്ലാവരും പാലിക്കണമെന്നതിനെ യു.എന്‍. പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന ഉത്തരവ് നിലനില്‍ക്കെ അവരെ തടയുന്നത് മനുഷ്യാവകാശ ലംഘനമല്ലേയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.
സ്ത്രീകളുടെ തുല്യാവകാശത്തിന്റെ കാര്യത്തില്‍ ഇസ്‌ലാമും കത്തോലിക്കാ സഭയും പോലുള്ള വിശ്വാസി സമൂഹങ്ങളുടെ കാര്യത്തിലും യു.എന്‍. നിലപാട് ഇതുതന്നെയാണോ എന്ന ചോദ്യത്തിന്, ‘എല്ലാവരുടെയും കാര്യത്തില്‍ ഇങ്ങനെത്തന്നെയാണ്. അത് എങ്ങനെ നടപ്പാക്കുന്നു എന്നതാണ് കാര്യം,’ എന്നായിരുന്നു ഹഖിന്റെ മറുപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല