1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2017

സ്വന്തം ലേഖകന്‍: റോഹിംഗ്യകളെ തിരിച്ചയയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭ. മ്യാന്‍മറില്‍ ആക്രമണങ്ങള്‍ രൂക്ഷമായതോടെ അഭയം തേടിയെത്തുന്ന റോഹിംഗ്യകളെ ഇന്ത്യ തിരിച്ചയയ്ക്കരുതെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന ഹൈക്കമ്മീഷണര്‍ സെയ്ദ്ദ് റാ അദ് അല്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. ജീവന് ഭീക്ഷണി നിലനില്‍ക്കുന്ന സ്വന്തം രാജ്യത്തേക്ക് റോഹിംഗ്യകളെ കൂട്ടമായി തിരിച്ചയയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയ അല്‍ ഹുസൈന്‍ ഇന്ത്യയുടെ നിലപാടിനെ ശക്തമായി അപലപിക്കുകയും ചെയ്തു.

മ്യാന്‍മറില്‍ വംശീയാക്രമണങ്ങളെ തുടര്‍ന്നാണ് റോഹിംഗ്യകള്‍ ഇന്ത്യയില്‍ അഭയം തേടിയത്. ജീവന് ആപത്തു നേരിടുന്ന പഴയ ഇടങ്ങളിലേക്കു റോഹിംഗ്യകളെ കൂട്ടമായി തിരിച്ചയയ്ക്കാന്‍ ഇന്ത്യക്കു കഴിയില്ലന്ന് സെയ്ദ് റാദ് അല്‍ ഹുസൈന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. റോഹിംഗ്യകള്‍ അനധികൃത കുടിയേറ്റക്കാരാണെന്നും ഇവരെ തിരിച്ചയയ്ക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. റോഹിംഗ്യകളുടെ വിഷയത്തില്‍ ആരും ഇന്ത്യയെ സദാചാരം പഠിപ്പിക്കാന്‍ വരേണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും റിജിജു ആവര്‍ത്തിച്ചു.

റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയയ്ക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദമായ മറുപടി ആവശ്യപ്പെട്ടിരുന്നു. അഭയാര്‍ഥികളായി ഇന്ത്യയിലേയ്‌ക്കെത്തിയവരെ മ്യാന്‍മറിലേയ്ക്കു തന്നെ തിരികെ അയയ്ക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ ഉടന്പടികളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് നടപടി. ഏകദേശം നാല്‍പ്പതിനായിരത്തോളം റോഹിംഗ്യകളാണ് അനധികൃതമായി ഇന്ത്യയില്‍ പാര്‍ക്കുന്നതെന്നാണ് കണക്കുകള്‍. പതിനാറായിരത്തിലധികം ആളുകള്‍ക്ക് ദേശീയ മനുഷ്യവകാശ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് അഭയാര്‍ത്ഥി പദവി നല്‍കിയിട്ടുള്ളതാണ്. തങ്ങളെ പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട ഇവര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണയിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.