സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിങ്ക്യന്‍ സ്ത്രീകള്‍ക്കു നേരെ മ്യാന്മര്‍ സൈന്യം നടത്തിയത് അതിക്രൂരമായ ലൈംഗിക അതിക്രമമെന്ന് യുഎന്‍. യു.എന്‍ കുടിയേറ്റ ഏജന്‍സിയുടെ മേധാവി വില്യം ലാസി സ്വിങാണ് മ്യാന്മറിലെ സംഭവ വികാസങ്ങളെ അപലപിച്ച് രംഗത്തെത്തിയത്. മ്യാന്മറില്‍ നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്നവരില്‍ നിന്നാണ് ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചതെന്ന് സ്വിങ് പറഞ്ഞു.
നിരവധി സ്ത്രീകള്‍ മ്യാന്മര്‍ സൈനികരില്‍ നിന്ന് തങ്ങള്‍ നേരിട്ട ക്രൂരതകള്‍ യു.എന്‍ ഏജന്‍സിയോട് പങ്കുവെച്ചു. തങ്ങളെ സൈനികര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി രണ്ടു സഹോദരിമാര്‍ പറഞ്ഞു. ‘മാതാപിതാക്കളെ കണ്മുന്നിലിട്ട് വെടിവച്ചു കൊന്നു. ഞങ്ങളെ കാട്ടിനുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു,’ 25 കാരിയായ മിനാര പറയുന്നു. തന്നെ ബോധരഹിതയാകുന്നതുവരെ രണ്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്ന് 22 കാരിയായ അസീസയും പറഞ്ഞു. മറ്റു അഭയാര്‍ഥികള്‍ രക്ഷപ്പെടുത്തിയ ഇവര്‍ നദി മുറിച്ചുകടന്ന് ബംഗ്ലാദേശില്‍ എത്തുകയായിരുന്നു.
ക്രൂരമായി പീഡിപ്പിക്കപ്പെട്ടവരില്‍ ചെറിയൊരു ശതമാനം മാത്രമാണിത്. സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് സൈന്യം കൂടുതല്‍ ഉന്നമിട്ടത്. ആണ്‍കുട്ടികളെയും പുരുഷന്മാരെയും വെറുതെ വിട്ടില്ല. കഴിഞ്ഞ മാസം ബംഗ്ലാദേശില്‍ എത്തിയ അഭയാര്‍ഥികളില്‍ ഒന്നര ലക്ഷത്തോളം സ്ത്രീകളും കുട്ടികളും ആണെന്നാണ് എകദേശ കണക്ക്. അതിനിടെ, മുസ്‌ലിംകള്‍ കൂട്ടത്തോടെ ഒഴിപ്പിക്കപ്പെട്ട രാഖൈന്‍ സംസ്ഥാനം സന്ദര്‍ശിച്ച് അന്വേഷണം നടത്താനുള്ള യു.എന്‍ നീക്കത്തിന് അനുമതി നിഷേധിച്ചതായി മ്യാന്മര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല