സ്വന്തം ലേഖകൻ: ആറ് ജിസിസി രാജ്യങ്ങളില്‍ ഒറ്റ വീസയില്‍ സഞ്ചരിക്കാന്‍ അനുവാദം നല്‍കുന്ന ഏകീകൃത ജിസിസി ടൂറിസ്റ്റ് വീസ പദ്ധതി വൈകാതെ യാഥാര്‍ത്ഥ്യമായേക്കും. നേരത്തേ പ്രതീക്ഷതു പോലെ തന്നെ അടുത്ത മാസം ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) നേതാക്കളുടെ ഉച്ചകോടിയില്‍ പദ്ധതി അവതരിപ്പിക്കുമെന്ന് ജിസിസി അസിസ്റ്റന്റ് സെക്രട്ടറി സ്ഥിരീകരിച്ചു.
ജിസിസി രാഷ്ട്രീയകാര്യ, കൂടിയാലോചനാ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയും സൗദി പൗരനുമായ അബ്ദുല്‍ അസീസ് ആലുവൈശെഖ് സൗദി അല്‍ ഇഖ്ബാരിയ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് പദ്ധതിയുടെ പുരോഗതിയെ കുറിച്ച് വിശദീകരിച്ചത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിഷയങ്ങളിലാണ് ചര്‍ച്ച നടന്നിരുന്നത്. ചില അംഗരാജ്യങ്ങള്‍ നേരിട്ടിരുന്ന ടൂറിസ്റ്റ് വീസയുടെ അഭാവം, സുരക്ഷാ പരിഗണനകള്‍ എന്നിവയാണിതെന്നും അദ്ദേഹം വിശദീകരിച്ചു.
ഡിസംബര്‍ അഞ്ചിന് ദോഹയിലാണ് ജിസിസി ഉച്ചകോടി ചേരുന്നത്. ഈ മാസം ആദ്യവാരം ഒമാന്‍ തലസ്ഥാന നഗരിയില്‍ ചേര്‍ന്ന 40ാമത് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗം ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം നല്‍കിയിരുന്നു. ഇതിനു മുമ്പ് ജിസിസി ടൂറിസം മന്ത്രിമാരുടെ യോഗവും ഏകകണ്ഠമായി അനുമതി നല്‍കുകയുണ്ടായി. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയാണ് യോഗതീരുമാനങ്ങള്‍ വ്യക്തമാക്കിയിരുന്നത്.
പദ്ധതിക്ക് ഡിസംബറോടെ അന്തിമരൂപമുണ്ടാക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ നടക്കുന്നതായി ഒമാന്‍ പൈതൃക ടൂറിസം മന്ത്രി സാലിം മുഹമ്മദ് അല്‍ മഹ്‌റൂഖിയും മാധ്യമങ്ങളെ അറിയിച്ചിരുന്നു. ജിസിസി രാജ്യങ്ങളില്‍ വിനോദസഞ്ചാരം ശക്തിപ്പെടുത്തുന്നതിനും അതുവഴി ഈ രാജ്യങ്ങളിലെ വരുമാനം വര്‍ധിപ്പിക്കാനുമാണ് ഷെന്‍ഗണ്‍ വീസ മാതൃകയില്‍ ഏകീകൃത ജിസിസി ടൂറിസം വീസ കൊണ്ടുവരുന്നത്.
സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍ എന്നിവയാണ് ജിസിസി അംഗരാജ്യങ്ങള്‍. സൗദി, യുഎഇ രാജ്യങ്ങള്‍ ടൂറിസത്തിലൂടെ ദേശീയ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വിഷന്‍ 2030 പോലുള്ള ദേശീയ പദ്ധതികളിലൂടെ ടൂറിസം മേഖലയില്‍ വന്‍നിക്ഷേപമാണ് സൗദി നടത്തിവരുന്നത്.
ഏകീകൃത വീസയ്ക്കു വേണ്ടിയുള്ള നിയമങ്ങളും വ്യവസ്ഥകളും ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച് നടപ്പിലാക്കുമെന്നും തൗഖ് അല്‍ മര്‍റി എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി. കൂടുതല്‍ ടൂറിസ്റ്റുകളെ സ്വീകരിക്കാന്‍ യുഎഇ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസത്തിലൂടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് ജിസിസി രാജ്യങ്ങള്‍ 2023-2030 ഗള്‍ഫ് ടൂറിസം നയം ആവിഷ്‌കരിച്ചിരുന്നു. ജിസിസിയുടെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ഇതിലുള്ളത്. ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം രൂപീകരിച്ച് ജിസിസി ടൂറിസം സ്റ്റാറ്റിസ്റ്റിക്‌സ് തയ്യാറാക്കാനുള്ള നിര്‍ദേശവും അംഗീകരിക്കപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല