1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2021

സ്വന്തം ലേഖകൻ: പ്രവാസികളുടെ ഇരട്ടിനികുതി പ്രശ്‌നം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രവാസികളുടെ നികുതി ഓഡിറ്റ് പരിധി 5 കോടിയില്‍ നിന്ന് 10 കോടിയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട. 75 വയസിന് മുകളിലുള്ള പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

കേന്ദ്ര ബജറ്റില്‍ ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല. നിലവിലുള്ള സ്ലാബുകള്‍ അതേ പോലെ തുടരും. ജീവനക്കാരുടെ പി.എഫ് വിഹിതം വൈകി അടച്ചാല്‍ നികുതി ഇളവ് ലഭിക്കില്ല. അതുപോലെ, തൊഴിലുടമവിഹിതം വൈകി അടച്ചാലും നികുതി ഇളവിന് അര്‍ഹതയുണ്ടാവില്ല.

സ്വകാര്യവത്കരണത്തിലൂടെ ധനസമാഹരണം നടത്തുകയെന്ന ലക്ഷ്യവും ബജറ്റില്‍നിന്ന് വ്യക്തമാണ്. ആരോഗ്യ, കാര്‍ഷിക മേഖലകള്‍ക്കും പതിവില്‍ക്കവിഞ്ഞ് പ്രാധാന്യംനല്‍കിയിട്ടുണ്ട്. രാജ്യത്ത് നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മാണമേഖയെ ശക്തിപ്പെടുത്തി തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളും വിഭാവനംചെയ്തിട്ടുണ്ട്.

ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി വര്‍ധിപ്പിച്ചതാണ് എടുത്തുപറയത്തക്ക പ്രഖ്യാപനം. നിലവിലെ 49 ശതമാനത്തില്‍നിന്ന് 75 ശതമാനമായാണ് നിക്ഷേപ പരിധി ഉയര്‍ത്തിയത്. നേരത്തെതന്നെ തീരുമാനമെടുത്തിരുന്നെങ്കിലും 2021 സാമ്പത്തിക വര്‍ഷംതന്നെ എല്‍ഐസിയുടെ ഐപിഒ ഉണ്ടാകുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 25ശതമാനം ഓഹരിയെങ്കിലും വിറ്റഴിക്കാനാണ് പദ്ധതി.

വിവിധ ഉത്പന്നങ്ങള്‍ക്ക് അധിക സെസ് ഏര്‍പ്പെടുത്തി വരുമാനം കണ്ടെത്താനും ധനമന്ത്രി ശ്രമം നടത്തിയിട്ടുണ്ട്. ഇതിനായി പെട്രോളിന് 2.5 രൂപയും ഡീസലിന് നാലുരൂപയും അഗ്രി സെസ് ഏര്‍പ്പെടുത്തും. സ്വര്‍ണത്തിനും വെള്ളിക്കും 2.5ശതമാനം അഗ്രി സെസുമുണ്ടാകും. മദ്യത്തിന്മേല്‍ 100 ശതമാനവും അസംസ്‌കൃത പാമോയിലിന്മേല്‍ 17.5 ശതമാനവുമാണ് സെസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയ്ക്ക് ഇത്തവണ പതിവില്‍ക്കവിഞ്ഞ് തുക നീക്കിവെച്ചിട്ടുണ്ട്. ആറുവര്‍ഷംകൊണ്ട് 64,180 കോടി രൂപയുടെ പിഎം ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് യോജനയാണ് നടപ്പാക്കുന്നത്. പ്രാഥിമിക ആരോഗ്യകേന്ദ്രംമുതലുള്ള വികസനമാണ് ലക്ഷ്യമിടുന്നത്.

ഗ്രാമീണമേഖലയിലെ 17,788ഉം നഗരങ്ങളിലെ 11.024ഉം ആരോഗ്യകേന്ദ്രങ്ങള്‍ വികസിപ്പിക്കും. എല്ലാ ജില്ലകളിലും പൊതു ലാബുകള്‍ സ്ഥാപിക്കും. 602 ജില്ലകളിലെ ആശുപത്രികളില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍ സ്ഥാപിക്കും-എന്നിങ്ങനെപോകുന്ന ആരോഗ്യമേഖലയിലെ പ്രഖ്യാപനങ്ങള്‍.

ആഗോളതലത്തില്‍ നിര്‍മാണമേഖലയിലെ മത്സരത്തിന് രാജ്യത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി പ്രൊഡക് ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിച്ചു. നേരത്തെ പ്രഖ്യാപിച്ച പദ്ധതിയില്‍ 13 മേഖലകളെ ഉള്‍പ്പെടുത്തി. 1.97 ലക്ഷം കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. വിവിധ മേഖലകളില്‍ കൂടുതല്‍ തൊഴിലവസം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുപിന്നിലുണ്ട്.

അടിസ്ഥാന സൗകര്യവികസനമേഖലയില്‍ കേരളത്തിലെ റോഡുകളുടെ വികസനം ഉള്‍പ്പടെയുള്ളവയ്ക്കും തുകനീക്കിവെച്ചിട്ടുണ്ട്. മുംബൈ-കന്യകുമാരി കോറിഡോറിന് 65,000 കോടിയാണ് ചെലവഴിക്കുക. 1,100 കിലോമീറ്റര്‍ നീളുന്ന ഹൈവെ വികസനമാണ് ലക്ഷ്യമിടുന്നത്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിനായി 1957.05 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. 11.5 കിലോമീറ്ററാണ് അധികമായി നിര്‍മിക്കുന്നത്. കലൂര്‍മുതല്‍ കാക്കനാട് വരെയാണ് മെട്രോ നീട്ടുക.

കാര്‍ഷിക സമരത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ ക്ഷേമത്തിനായും പദ്ധതികളുണ്ട്. ഉത്പാദനചെലവിന്റെ 1.5ഇരട്ടിയെങ്കിലും വില വിളകള്‍ക്ക് ഉറപ്പുവരുത്തുമെന്ന് ബജറ്റില്‍ വാഗ്ദാനം ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.