
സ്വന്തം ലേഖകൻ: ഉന്നാവോ പീഡന കേസില്‍ കുല്‍ദീപ് സെന്‍ഗറിന് ജീവപര്യന്തം. ദല്‍ഹി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ വിധിയുമായി ബന്ധപ്പെട്ട വാദമായിരുന്നു ഇന്ന് കോടതിയില്‍ നടന്നത്. തനിക്ക് മേലുള്ള ബാധ്യതകള്‍ ഉയര്‍ത്തിയായിരുന്നു ശിക്ഷയില്‍ ഇളവ് വേണമെന്ന് സെന്‍ഗര്‍ ആവശ്യപ്പെട്ടത്. കുറ്റകൃത്യത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടെങ്കിലും സമൂഹത്തില്‍ തനിക്കുള്ള സ്ഥാനം കണക്കിലെടുക്കണമെന്നായിരുന്നു സെന്‍ഗര്‍ കോടതിയില്‍ പറഞ്ഞത്.
സെന്‍ഗറിന് ഒരു മകളുണ്ടെന്നും മകളുടെ വിദ്യാഭ്യാസത്തിനുള്ള ചെലവ് കണ്ടെത്തുന്നത് അദ്ദേഹമാണെന്നും അതിനാല്‍ വലിയ പിഴ ചുമത്തിയാലും ശിക്ഷ ചുമത്തിയാലും അത് ആ മകളോടുള്ള നീതി നിഷേധമാകുമെന്നുമായിരുന്നു സെന്‍ഗറിന്റെ അഭിഭാഷകന്‍ വാദിച്ചത്.
എന്നാല്‍ കോടതി ഈ വാദമെല്ലാം തള്ളുകയും പോക്‌സോ നിയമത്തിലെ അഞ്ച് ആറ് വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജീവപര്യന്തം ശിക്ഷ പ്രഖ്യാപിക്കുകയുമായിരുന്നു. മറ്റ് വകുപ്പുകളിലുമായി തടവ് ശിക്ഷയുമുണ്ട്. പെണ്‍കുട്ടിയ്ക്ക് ഭീഷണി നേരിടുന്നതിനാല്‍ പൊലീസ് സുരക്ഷയും കോടതി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജീവപര്യന്തം ശിക്ഷ വിധിച്ചതോടെ സെന്‍ഗറിന്റെ നിയമസഭാ സാമജികത്വം നഷ്ടമാകും. അതേസമയം കേസില്‍ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. കേസില്‍ സെന്‍ഗറിനെതിരെ പെണ്‍കുട്ടി നല്‍കിയ മൊഴിയാണ് ഏറ്റവും നിര്‍ണായകമായത്. പെണ്‍കുട്ടി പറഞ്ഞ എല്ലാ വാദഗതികളും സ്ഥിരീകരിക്കാന്‍ കോടതിക്കായി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2017ല്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെ സെന്‍ഗര്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. കേസില്‍ സെന്‍ഗര്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ദല്‍ഹി തീസ് ഹസാരെ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കൂട്ടുപ്രതി ശശി സിങ്ങിനെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
സംഭവം നടക്കുമ്പോള്‍ പരാതിക്കാരിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഐ.പി.സിയിലെയും പോക്‌സോയിലെയും വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ കത്ത് പരിഗണിച്ചാണ് കേസുകള്‍ സുപ്രീംകോടതി ദല്‍ഹി കോടതിയിലേക്ക് മാറ്റിയത്. അതേസമയം കൂട്ടബലാത്സംഗം, പിതാവിനെ അന്യായമായി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തല്‍, വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കല്‍ തുടങ്ങി മറ്റു നാല് കേസുകളില്‍ ഇനിയും വിധി വരാനുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല