1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2018

സ്വന്തം ലേഖകന്‍: യുപിയിലും ബിഹാറിലും ബിജെപിയ്ക്ക് കനത്ത തിരിച്ചടി; പാര്‍ട്ടി അശ്വമേധം അവസാനിപ്പിക്കാന്‍ സംസ്ഥാന പാര്‍ട്ടികളുടെ മഹാസഖ്യം രൂപപ്പെടുന്നു. ഉത്തര്‍ പ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ മണ്ഡലങ്ങളും സമാജ്വാദി പാര്‍ട്ടി കീഴടക്കി. രണ്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി. ബിഹാറിലെ അറാറിയ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് തിരിച്ചടിയായി. ഇവിടെ 61988 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആര്‍.ജെ.ഡി. വിജയിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലമായ ഗോരഖ്പൂരില്‍ 21,881 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സമാജ്വാദി പാര്‍ട്ടിയുടെ പ്രവീണ്‍കുമാര്‍ നിഷാദ് വിജയിച്ചത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് യോഗി ആദിത്യനാഥിന് ഇവിടെയുണ്ടായിരുന്നത്. ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ എം.പി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടന്ന ഫൂല്‍പുരിലെ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് നാഗേന്ദ്ര സിങ് പട്ടേല്‍ 59,613 വോട്ടുകള്‍ക്കാണ് വിജയം നേടിയത്. 3,42,796 വോട്ടുകള്‍ പട്ടേലിന് ലഭിച്ചു.

ബിജെപിക്ക് 2,83,183 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് ഇവിടെ 19,334 വോട്ടുകള്‍ നേടി. കഴിഞ്ഞ തവണ മൂന്നുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി മൗര്യ വിജയിച്ച മണ്ഡലമാണ് ഫൂല്‍പൂര്‍. ചരിത്ര വിജയം നേടി അധികാരത്തിലെത്തി ഒരു വര്‍ഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിലെ തോല്‍വി ബിജെപിയ്ക്ക് വന്‍തിരിച്ചടിയാണ്. രണ്ട് മണ്ഡലങ്ങളിലും എസ്പി സ്ഥാനാര്‍ഥികള്‍ക്ക് ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. 25 വര്‍ഷത്തെ ശത്രുത മറന്ന് ഒന്നിച്ച ബിഎസ്പിയും എസ്പിയും ബിജെപിയെ തകര്‍ക്കുക എന്ന തങ്ങളുടെ ലക്ഷ്യത്തിലെത്തി എന്ന് തെളിയിക്കുന്നതു കൂടിയായി ഈ തിരഞ്ഞെടുപ്പ്.

ബീഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ജെഹനാബാദ് നിയമസഭാ മണ്ഡലത്തില്‍ കുമാര്‍കൃഷ്ണ മോഹനിലൂടെ ആര്‍ജെഡി വിജയം നേടി. ജെഡിയു ആയിരുന്നു ഇവിടെ പ്രധാന എതിരാളി. അതേ സമയം നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ് മണ്ഡലമായ ഭഹാബുവയില്‍ ബിജെപിയുടെ റിങ്കി റാണി പാണ്ഡേ വിജയിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെയും ഫുല്‍പുരിലെയും സീറ്റുകള്‍കൂടി നഷ്ടമായതോടെ 543 അംഗ ലോക്‌സഭയിലെ പകുതിയായ 272ന് രണ്ടു സീറ്റുമാത്രം മുന്നില്‍ ബി.ജെ.പി. എത്തികയും ചെയ്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.