സ്വന്തം ലേഖകന്‍: പാക്കിസ്ഥാന്‍ താലിബാന്‍ തലവന്റെ തലക്ക് 50 ലക്ഷം ഡോളര്‍ വിലയിട്ട് യുഎസ്. തെഹ്‌രികെ താലിബാന്‍ നേതാവായ മൗലാന ഫസ്‌ലുള്ളയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്കാണ് യുഎസ് 50 ലക്ഷം ഡോളര്‍ (35.5 കോടി രൂപ) ഇനാം പ്രഖ്യാപിച്ചത്. ജമാഅത്തുല്‍ അഹ്‌റാര്‍ (ജെയുഎ) നേതാവ് അബ്ദുല്‍ വാലി, ലഷ്‌കറെ ഇസ്‌ലാം നേതാവ് മംഗല്‍ ബാഗ് എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കു 30 ലക്ഷം ഡോളര്‍ വീതവും (19.50 കോടി രൂപ) പ്രഖ്യാപിച്ചിട്ടുണ്ട്.
തെഹ്‌രികെ താലിബാനില്‍നിന്നു പിളര്‍ന്നുപോയ ഭീകരസംഘടനയാണ് ജമാഅത്തുല്‍ അഹ്‌റാര്‍. പാക്കിസ്ഥാനിലെ ഖൈബര്‍ പര്‍വതമേഖല ആസ്ഥാനമായ സംഘടനയാണ് ലഷ്‌കറെ ഇസ്‌ലാം. വൈറ്റ് ഹൗസ്, യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ഉദ്യോഗസ്ഥരുമായി പാക്കിസ്ഥാന്‍ വിദേശ സെക്രട്ടറി തെഹ്മിന ജാന്‍ജുവ നടത്തിയ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് പാക്കിസ്ഥാനിലെ മൂന്നു ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ നടപടിക്കു യുഎസ് പ്രഖ്യാപനമുണ്ടായത്.
2014 ഡിസംബറില്‍ പെഷാവറില്‍ 130 കുട്ടികള്‍ അടക്കം 151 പേര്‍ കൊല്ലപ്പെട്ട ആര്‍മി സ്‌കൂള്‍ ആക്രമണം അടക്കം ഒട്ടേറെ ഭീകരാക്രമണങ്ങള്‍ നടത്തിയതു തെഹ്‌രികെ താലിബാനാണ്. 2012ല്‍ മലാല യൂസഫ്‌സായിക്കെതിരെ നടന്ന വധശ്രമത്തിന് ഉത്തരവിട്ടതു മൗലാന ഫസ്‌ലുള്ളയായിരുന്നു. അബ്ദുല്‍ വാലിയുടെ ഭീകരസംഘടന 2016 മാര്‍ച്ചില്‍ ലഹോറിലെ പാര്‍ക്കില്‍ നടത്തിയ ഭീകരാക്രമണത്തില്‍ കുട്ടികളടക്കം 75 പേരാണു കൊല്ലപ്പെട്ടത്.
2015 ഓഗസ്റ്റില്‍ പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രി ഷുജ ഖന്‍സാദയും 18 അനുയായികളും കൊല്ലപ്പെട്ട ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ജെയുഎ ഏറ്റിരുന്നു. പാക്ക്–അഫ്ഗാന്‍ അതിര്‍ത്തിയില്‍ നാറ്റോ വാഹനവ്യൂഹങ്ങളെ ആക്രമിക്കല്‍, ലഹരി കടത്ത്, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവയാണ് മംഗല്‍ ബാഗിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല