1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2020

സ്വന്തം ലേഖകൻ: യുഎസ് നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റ പങ്കാളിത്തത്തോടെ ബയോടെക്‌നോളജി കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഒന്നാം ഘട്ടത്തില്‍ ഫലം കാണുന്നതായി പഠനം. ഒന്നാം ഘട്ടത്തില്‍ എല്ലാ സന്നദ്ധപ്രവര്‍ത്തകരിലും രോഗപ്രതിരോധ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തി.

ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് വാക്‌സിന്റെ ഒന്നാംഘട്ട ഫലം പ്രസിദ്ധീകരിച്ചത്. നേരിയ പാര്‍ശ്വഫലങ്ങളോടെ വാക്‌സിന്‍ രോഗപ്രതിരോധ പ്രതികരണത്തിന് പ്രവര്‍ത്തിച്ചതായി കണ്ടെത്തിയെന്നാണ് പറയുന്നത്. വാക്‌സിന്‍ കുത്തിവെച്ചപ്പോള്‍ ക്ഷീണം, വിറയല്‍, തലവേദന, പേശികളില്‍ വേദന, കുത്തിവെച്ച സ്ഥലത്ത് വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ഈ മാസം അവസാനത്തോടെ വാക്‌സിന്റെ ഒരു വലിയ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ ലഭ്യമാക്കണോ എന്ന് അധികൃതര്‍ പരിഗണിക്കുന്നതിന് മുമ്പുള്ള അവസാന പരീക്ഷണമായിരിക്കുമത്.

പരീക്ഷണം വിജയകരമായി നടപ്പാകുകയാണെങ്കില്‍ പ്രതിവര്‍ഷം തങ്ങള്‍ക്ക് 500 ദശലക്ഷം ഡോസുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് മൊഡേണ പ്രസ്താവനയില്‍ അറിയിച്ചു. 2021 മുതല്‍ പ്രതിവര്‍ഷം ഒരു ബില്ല്യണ്‍ ഡോസുകള്‍ വിതരണം ചെയ്യാനാകുമെന്നും കമ്പനി വ്യക്തമാക്കി.

അതിനിടെ കൊവിഡിനെതിരായ സാധ്യതാ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയതായി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിഡസ് കാഡില. പ്രതിരോധ വാക്‌സിന്റെ ഒന്നും രണ്ടും ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതിന് പിന്നാലെയാണ് പരീക്ഷണം ആരംഭിച്ചത്.

ക്ലിനിക്കല്‍ ട്രയലിനുള്ള വാക്‌സിന്‍ ബാച്ചുകള്‍ ഇതിനോടകം തന്നെ നിര്‍മിച്ചിട്ടുണ്ടെന്നും ഇത് രാജ്യത്തുടനീളമുള്ള ആയിരത്തോളം വളണ്ടിയര്‍മാരില്‍ പരീക്ഷിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ക്ലിനിക്കല്‍ ട്രയല്‍ രജിസ്ട്രി ഓഫ് ഇന്ത്യ പ്രകാരം ജൂലൈ 4നാണ് സിഡസ് ആദ്യഘട്ട പരീക്ഷണം ആരംഭിച്ചത്. 84 ദിവസത്തിനുള്ളില്‍ ആദ്യഘട്ട പരീക്ഷണം പൂര്‍ത്തിയാക്കും. രണ്ടാം ഘട്ട പരീക്ഷണവും 84 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

അഹമ്മദാബാദിലെ വാക്‌സിന്‍ ടെക്‌നോളജി സെന്ററില്‍ കോവിഡിനെതിരെ സാധ്യതാ ഡിഎന്‍എ വാക്‌സിന്‍ സി-കോവ്-ഡി (ZyCoV-D) വികസിപ്പിച്ചതായി സിഡസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രി ക്ലിനിക്കല്‍ പരീക്ഷണത്തില്‍ വാക്‌സിന്‍ ചുണ്ടെലി, എലി, ഗിനിപ്പന്നി, മുയല്‍ എന്നിവയില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചെന്നും സുരക്ഷാപ്രശ്‌നങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും സിഡസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.