
സ്വന്തം ലേഖകൻ: മരുമകൻ ജാറദ് കഷ്നറിന്റെ പിതാവ് ചാൾസ് കഷ്നർ, മുൻ ക്യാംപെയ്ൻ ചെയർമാൻ പോൾ മനാഫോർട്ട്, അസോഷ്യേറ്റായിരുന്ന റോജർ സ്റ്റോണ്‍ എന്നിവർക്കുൾപ്പെടെ മാപ്പുനൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 26 പേർക്കാണ് ബുധനാഴ്ച മാപ്പു നൽകിയത്. മൂന്നു പേരുടെ ശിക്ഷയിൽ ഭാഗികമായോ പൂർണമായോ ഇളവും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച 15 പേർക്ക് മാപ്പ് നൽകിയിരുന്നു.
റിയൽ എസ്റ്റേറ്റ് ഡവലപ്പറായ ചാൾസ് കഷ്‌നർ നികുതി വെട്ടിപ്പ്, സാക്ഷിയെ സ്വാധീനിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ നേരത്തേ സമ്മതിച്ചിരുന്നു. തിരഞ്ഞെടുപ്പ് ക്യാംപെയ്ന് അനധികൃതമായി സംഭാവന നൽകിയ കേസുകളും ചാൾസിനെതിരെ ഉണ്ടായിരുന്നു. 2004ൽ രണ്ടു വർഷത്തേക്കാണ് ഇദ്ദേഹത്തിന് ജയിൽ ശിക്ഷ നൽകിയത്. ട്രംപുമായുള്ള കുടുംബബന്ധം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ മാപ്പ് പ്രതീക്ഷിച്ചിരുന്നതാണ്.
റഷ്യൻ കൂട്ടുകെട്ട് അന്വേഷണവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവരിൽ ഒരാളാണ് മനാഫോർട്ട്. 2016ലെ തിരഞ്ഞെടുപ്പിൽ റഷ്യയുടെ പങ്കിനെക്കുറിച്ചുള്ള കോൺഗ്രസ് അന്വേഷണത്തെ തടസ്സപ്പെടുത്തിയതിനും കോൺഗ്രസിനോട് കള്ളം പറഞ്ഞതിനുമാണ് സ്റ്റോൺ ശിക്ഷിക്കപ്പെട്ടത്. ഇതിന്റെ ശിക്ഷയില്‍ നേരത്തേ ട്രംപ് ഇളവ് നൽകിയിരുന്നു.
യുഎസിനെതിരെ നീക്കം നടത്തുകയും നിയമസംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുയും ചെയ്തവർക്കാണ് ട്രംപ് മാപ്പു നൽകിയതെന്ന് ഡമോക്രാറ്റുകൾ ആരോപിച്ചു. ജയിൽ ശിക്ഷയിൽ ഉൾപ്പെടെയാണ് ഇളവുകൾ. കഴിഞ്ഞ ദിവസം നാല് സുരക്ഷാ ഉദ്യോഗസ്ഥർക്കും ട്രംപ് മാപ്പ് നൽകിയിരുന്നു. 2007ൽ ഇറാഖിലെ സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന കേസിൽപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ഇവർ. ഫ്ലോറിഡയിലെ പാം ബീച്ചിൽ അവധി ആഘോഷത്തിലാണ് പ്രസിഡന്റ് ഇപ്പോൾ.
കൊറോണ വ്യാപനം സൃഷ്ടിച്ച സാമ്പത്തികവും ആരോഗ്യപരവുമായ തകർച്ചയിൽ നിന്ന് കരകയറാൻ വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും കോടിക്കണക്കിന് ഡോളര്‍ നല്‍കിയതിനു പിന്നാലെ അടുത്ത ജനപ്രിയ നീക്കത്തിന് ഒരുങ്ങുകയാണ് ട്രംപ്; കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാസാക്കിയ 900 ബില്യൻ ഡോളറിന്റെ കൊവിഡ് ദുരിതാശ്വാസം യുഎസിലെ വീടുകളിൽ നേരിട്ട് വിതരണം ചെയ്യാനാണ് പദ്ധതി. ഉത്തേജക പാക്കേജ് കോണ്‍ഗ്രസ് പാസാക്കിയതോടെ നൂറുകണക്കിന് ഡോളര്‍ നേരിട്ടു വിതരണം ചെയ്യും.
സെപ്റ്റംബര്‍ 30 ന് സാമ്പത്തിക വര്‍ഷാവസാനത്തോടെ സര്‍ക്കാർ ധനസഹായമായ 1.4 ട്രില്യണ്‍ ഡോളര്‍ ഉള്‍പ്പെടുന്ന 2.3 ട്രില്യണ്‍ ഡോളര്‍ പാക്കേജിന്റെ ഭാഗമായിരുന്നു ദുരിതാശ്വാസ പാക്കേജ്. ദീര്‍ഘകാല ആവശ്യമായ ഈ ഭീമൻ പാക്കേജിൽ സാധാരണ നികുതി വ്യവസ്ഥകളുടെ വിപുലീകരണം, കോര്‍പ്പറേറ്റ് ഭക്ഷണത്തിനുള്ള നികുതി കിഴിവ്, രണ്ട് സ്മിത്‌സോണിയന്‍ മ്യൂസിയങ്ങള്‍ സ്ഥാപിക്കുക, സര്‍പ്രൈസ് മെഡിക്കല്‍ ബില്ലുകള്‍ നിരോധിക്കുക, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്റുകള്‍ പുനഃസ്ഥാപിക്കുക തുടങ്ങി നൂറുകണക്കിന് ഉദ്ദേശങ്ങളാണുള്ളത്.
ആധുനിക അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പാക്കേജുകളിൽ ഒന്നാണ് ഇത്. ദശലക്ഷക്കണക്കിന് തൊഴിലില്ലാത്ത അമേരിക്കക്കാര്‍ക്ക് ആഴ്ചയില്‍ 300 ഡോളര്‍ എന്ന നിരക്കില്‍ 11 ആഴ്ചത്തേക്ക് അനുബന്ധ തൊഴിലില്ലായ്മ ആനുകൂല്യം ലഭിക്കും. കൂടാതെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും 600 ഡോളര്‍ നേരിട്ടുള്ള ദുരിതാശ്വാസം നല്‍കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല