1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2017

സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം യാത്രാ വിലക്കിന് ഇരുട്ടടിയായി വീണ്ടും യുഎസ് കോടതി വിധി, ഉത്തരവ് വിവേചനപരമെന്ന് കോടതി. ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിസ നിരോധിച്ച ട്രംപിന്റെ ഉത്തരവിന് യു.എസ് അപ്പീല്‍ കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. യാത്രാ നിരോധനവുമായി ബന്ധപ്പെട്ട ഫെഡറല്‍ കോടതി വിധിക്കെതിരെ ഹവായ് സംസ്ഥാനം നല്‍കിയ ഹരജിയിലാണ് വിധി.

ഉത്തരവ് വിവേചനപരമെന്ന് ചൂണ്ടിക്കാട്ടിയ മൂന്ന് ജഡ്ജിമാരടങ്ങുന്ന ബെഞ്ച് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിത്താനും മറന്നില്ല. കുടിയേറ്റമെന്നത് പ്രസിഡന്റിന്റെ ‘വണ്‍ മാന്‍ ഷോ’ക്കുള്ള വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അതേസമയം, രാജ്യത്തേക്ക് വരുന്നവരെ പരിശോധിക്കുന്ന നടപടിക്രമങ്ങളില്‍ പരിഷ്‌കാരം വരുത്താന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്നും നിരീക്ഷിച്ചു.

ട്രംപിന്റെ ഉത്തരവിലെ ചില നിര്‍ദേശങ്ങള്‍ തടഞ്ഞുകൊണ്ട് കഴിഞ്ഞ മാര്‍ച്ചില്‍ ഹവായിലെ ഫെഡറല്‍ കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ഹവായ് സംസ്ഥാനം അപ്പീല്‍ നല്‍കിയത്. ഉത്തരവിന് എതിരെ നിരവധി കോടതികളില്‍ കേസ് നടക്കുകയാണ്. പലതവണ ഉത്തരവിന് എതിരെ കോടതികളില്‍നിന്ന് രൂക്ഷ പരാമര്‍ശങ്ങളും ഉണ്ടായിട്ടുണ്ട്. വെര്‍ജീനിയയിലെ നാലാം സര്‍ക്യൂട്ട് അപ്പീല്‍ കോടതി ഈയിടെ ട്രംപിന്റെ ഉത്തരവ് തടഞ്ഞ മേരിലാന്‍ഡ് കോടതി വിധി ശരിവെച്ചിരുന്നു.

കീഴ്‌കോടതികളിലെ പരാമര്‍ശങ്ങള്‍ ട്രംപിന് തിരിച്ചടിയാണെങ്കിലും ഉത്തരവിനെ ബാധിക്കില്ല. സുപ്രീം കോടതിയുടേതായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എന്നതിനാലാണിത്. എങ്കിലും കീഴ്‌കോടതികളുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി വിധിയെ സ്വാധീനിക്കുമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സോമാലിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കുമാണ് വിലക്കേര്‍പ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.