1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2020

സ്വന്തം ലേഖകൻ: ഫൈസര്‍ കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്ക അനുമതി നല്‍കി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന് അനുമതി നല്‍കിയത്. നിലവില്‍ ബ്രിട്ടണ്‍, കാനഡ, ബഹ്‌റൈന്‍, സൌദി അറേബ്യ എന്നീ രാജ്യങ്ങളും ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയിട്ടുണ്ട്.

മൂന്നാം ഘട്ട പരീക്ഷണത്തില്‍ ഫൈസര്‍ വാക്‌സിന് 95 ശതമാനം ഫലപ്രാപ്തി സ്ഥിരീകരിച്ചതായി കമ്പനി അറിയിച്ചിരുന്നു. ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. 44,000 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. മെസ്സെന്‍ജര്‍ ആര്‍എന്‍എ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാക്‌സിനാണ് ഫൈസര്‍-ബയോണ്‍ ടെക്ക് വികസിപ്പിച്ചിരിക്കുന്നത്. ഗവേഷണ ഫലം വ്യാഴാഴ്ച ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ, ബ്രിട്ടണില്‍ ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍ സ്വീകരിച്ച രണ്ടു പേര്‍ക്ക് പ്രതികൂലഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന്, അലര്‍ജിയുളളവര്‍ ഫൈസര്‍ കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കരുതെന്ന് ബ്രിട്ടണിലെ മെഡിസിന്‍ റെഗുലേറ്ററി അതോറിറ്റി നിര്‍ദേശിച്ചിരുന്നു.

അമേരിക്കയില്‍ കൊവിഡ് രോഗബാധ ഏതാനും ആഴ്ചകള്‍ക്കിടയില്‍ കുത്തനെ വര്‍ധിച്ചതിനിടെയാണ് വാക്‌സിന് അനുമതി നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായ നാലാം ദിവസവും 24 മണിക്കൂറിനിടെ രണ്ട് ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്‌. 3000 പേര്‍ മരിക്കുകയും ചെയ്തു. 107,248 പേരെയാണ് വ്യാഴാഴ്ച മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്തെ മൂന്നിലൊന്ന് ആശുപത്രികളിലെയും ഐസിയുകള്‍ 90 ശതമാനവും നിറഞ്ഞിരിക്കുകയാണ്.

ആദ്യത്തെ കൊവിഡ് 19 വാക്‌സീനേഷൻ അടുത്ത ആഴ്ച ആദ്യം ആരംഭിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍ക്കും നഴ്‌സിങ് ഹോം ജീവനക്കാര്‍ക്കുമാണ് ഇത് ലഭിക്കുന്നതെന്ന് ആരോഗ്യമനുഷ്യ സേവന സെക്രട്ടറി അലക്‌സ് അസര്‍ വെള്ളിയാഴ്ച എബിസിയുടെ ‘ഗുഡ് മോര്‍ണിംഗ് അമേരിക്ക’ യില്‍ പറഞ്ഞു.

മോഡേണ വാക്സിന് കാനഡയിലും അനുമതി

മൊഡേണ വികസിപ്പിച്ച കൊവിഡ് വാക്‌സിനും ഈ മാസം തന്നെ അനുമതി നല്‍കാനൊരുങ്ങി കാനഡ. ഫൈസര്‍/ബയേൺടെക് എന്നിവ വികസിപ്പിച്ച വാക്‌സിന് കാനഡ നേരത്തെതന്നെ അനുമതി നല്‍കിയിരുന്നു. ഫൈസറിന്റെ വാക്‌സിന്‍ തിങ്കളാഴ്ച രാജ്യത്തെത്തുകയും പിന്നാലെ വിതരണം തുടങ്ങുകയും ചെയ്യാനിരിക്കെയാണ് മൊഡേണയുടെ വാക്‌സിനും കാനഡ അനുമതി നല്‍കാനൊരുങ്ങുന്നത്.

മൊഡേണ വാക്‌സിന്റെ 40 മില്യണ്‍ ഡോസുകള്‍ക്കാണ് കാനഡ ഓഡര്‍ നല്‍കിയിട്ടുള്ളത്. ഫൈസര്‍ വാക്‌സിന്റെ 2,49,000 ഡോസുകള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ കാനഡയിലെത്തുന്നത്. കൊവിഡ് ബാധിക്കാന്‍ സാധ്യത ഏറ്റവും കൂടുതല്‍ ഉള്ളവര്‍ക്ക് മാത്രം അത് നല്‍കും. എന്നാല്‍ ഈ വര്‍ഷംതന്നെ മൊഡേണ വാക്‌സിനും ലഭ്യമാക്കാനുള്ള നീക്കമാണ് കാനഡ നടത്തുന്നത്.

പൗരന്മാര്‍ക്കെല്ലാം വാക്‌സിന്‍ സൗജന്യമായാവും ലഭ്യമാക്കുക. മൊഡേണയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചാലുടന്‍ അവരുടെ വാക്‌സിന് അനുമതി നല്‍കുമെന്നും ഹെല്‍ത്ത് കാനഡ ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ. സുപ്രിയ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, ഫൈസര്‍ വാക്‌സിന്‍ രാജ്യത്ത് എത്തിച്ചേരുന്നതിന്റെ ആഹ്ലാദത്തിലാണ് കാനഡ സര്‍ക്കാര്‍. ഈ ആഴ്ച കാനഡക്കാര്‍ക്ക് സുപ്രധാനമാണെന്നും വാക്‌സിന്‍ വിതരണം തിങ്കളാഴ്ച മുതല്‍ രാജ്യത്ത് തുടങ്ങുകയാണെന്നും ഫെഡറല്‍ മിനിസ്റ്റര്‍ ആനിത ആനന്ദ് പറഞ്ഞു.

കൊവിഡിന്റെ രണ്ടാം വ്യാപനത്തിനിടെ കേസുകള്‍ വീണ്ടും വര്‍ധിച്ച പശ്ചാത്തലത്തില്‍ വാക്‌സിന്‍ ഉടന്‍ എത്തുന്നുവെന്നത് കാനഡക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. 13,109 പേര്‍ കാനഡയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. 11 ദിവസത്തിനിടെ ആയിരത്തിലധികം പേര്‍ക്കുകൂടി കൊവിഡ് ബാധിച്ചതോടെ കാനഡയിലെ ആകെ രോഗബാധിതരുടെ എണ്ണം 4,41,705 ആയി ഉയര്‍ന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.